ad
Deshabhimani

ട്രംപിന്റെ അടങ്ങാത്ത യുദ്ധക്കൊതി; ഇറാനിലെ 85 കേന്ദ്രങ്ങളിൽ വൻ വ്യോമാക്രമണം

Iran explosion

ഇറാന്റെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ശക്തമായ സ്ഫോടനത്തിന്റെ ദൃശ്യം | Photo by - / VARIOUS SOURCES / AFP

വെബ് ഡെസ്ക്

Published on Jul 08, 2026, 03:20 PM | 2 min read


തെഹ്റാൻ : യുഎസ് - ഇറാൻ സൈനിക സംഘർഷം വീണ്ടും കടുത്ത നിലയിലേക്ക് നീങ്ങുന്നതിനിടയിൽ, ബുധനാഴ്ച പുലർച്ചെയോടെ ഇറാന്റെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ബുഷെഹ്‌റിൽ ശക്തമായ സ്ഫോടന പരമ്പരകൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുഷെഹ്‌റിലും പരിസര പ്രദേശങ്ങളിലും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


ബുഷെഹ്‌ർ പ്രവിശ്യയിലെ രണ്ട് സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടതെങ്കിലും ആൾനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പകരമായി യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ എൺപതിലധികം സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബുഷെഹ്‌റിലും സ്ഫോടനങ്ങൾ ഉണ്ടായത്.


ഇറാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബുഷെഹ്‌റിലാണ് രാജ്യത്തെ ഏക സിവിൽ ആണവനിലയം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഇവിടെയുണ്ടാകുന്ന സ്ഫോടനങ്ങളെ അന്താരാഷ്ട്ര സമൂഹം അതീവ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കൂടാതെ ഇറാന്റെ ആകെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ തൊണ്ണൂറ് ശതമാനവും കൈകാര്യം ചെയ്യുന്ന പ്രധാന എണ്ണ ടെർമിനലായ ഖാർഗ് ദ്വീപിന് തൊട്ടടുത്താണ് ബുഷെഹ്‌ർ നഗരം സ്ഥിതി ചെയ്യുന്നത് എന്നതും പ്രധാനമാണ്.


അമേരിക്കൻ വ്യോമാക്രമണത്തിന് തിരിച്ചടിയായി തങ്ങൾ ബഹ്‌റൈനിൽ ആക്രമണം നടത്തിയതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സ്ഫോടനങ്ങൾ ഉണ്ടായത്. ആക്രമണ മുന്നറിയിപ്പ് നൽകിക്കൊണ്ട് മൂന്നാമതും എയർ റെയ്ഡ് സൈറണുകൾ മുഴങ്ങിയതിന് ശേഷം ബഹ്‌റൈനിൽ വീണ്ടും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്.


ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ്‌സിന്റെ നാവികസേനാ വിഭാഗത്തിലെ ഒരു അംഗം കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. ഇറാഖ് അതിർത്തിയോട് ചേർന്നുള്ള തുറമുഖ നഗരമായ മഹ്ഷഹ്‌റിൽ വെച്ച് ശത്രുക്കളുടെ ഡ്രോണുകളെ നേരിടുന്നതിനിടെ ഷെൽ കഷണങ്ങൾ പതിച്ച് റവല്യൂഷണറി ഗാർഡ്‌സ് അംഗമായ മുഹമ്മദ് റെസ ഖസീനി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് സൗകര്യമൊരുക്കുന്ന ഏതൊരു കേന്ദ്രവും തങ്ങളുടെ നിയമപരമായ ലക്ഷ്യമായി കണക്കാക്കുമെന്ന് ഇറാൻ സൈന്യം കർശന മുന്നറിയിപ്പ് നൽകി.


ഇറാന്റെ പരമാധികാരവും അതിർത്തിയും ലംഘിക്കുന്നതിനായി അധിനിവേശക്കാരായ അമേരിക്കൻ സൈന്യത്തിന് നൽകുന്ന ഏതൊരു പിന്തുണയും ഇറാന്റെ സായുധ സേനയുടെ നിയമപരമായ ലക്ഷ്യമായിരിക്കുമെന്നാണ് ഇറാൻ സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കരാറുകൾ നിലവിലുണ്ടായിരുന്നിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം ഇതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home