ചൈനയില്‍ പ്രളയത്തിന് പിന്നാലെ ആശങ്ക സൃഷ്ടിച്ച് പാമ്പുകൾ; അതിതീവ്രമഴയിൽ പാമ്പ് ഫാം ഒഴുകിപ്പോയി

ബീജിങ്: തെക്കൻ ചൈനയിൽ ചുഴലിക്കാറ്റും പ്രളയവും കനത്ത നാശം വിതിച്ചതിന് പിന്നാലെ ഭയവും ആശങ്കയും സൃഷ്ടിച്ച് പാമ്പുകൾ. അതിതീവ്രമഴയിൽ വാങ്ഷി ഷുവാങ് സ്വയംഭരണമേഖലയിൽ ഹെങ്‌ഷൗവിലെ ഒരു പാമ്പ് ഫാം ഒഴുകിപ്പോയിരുന്നു. ഫാമിലെ പാമ്പുകളെല്ലാം തന്നെ കൂടുകളിൽ നിന്നും രക്ഷപ്പെട്ട് നഗരത്തിലേക്ക് ഒഴുകിയെത്തി.
ഏകദേശം 900 ത്തോളം പാമ്പുകൾ ഫാമിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ അതീവ വിഷമുള്ള പാമ്പുകളുൾപ്പെടെയുണ്ടെന്നാണ് വിവരം. പാമ്പുകളെ പിടികൂടുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി അടിയന്തര സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ഹെങ്‌ഷൗവിലെ രക്ഷാപ്രവത്തകർ ഇപ്പോൾ നഗരത്തിലെമ്പാടും നൂറുകണക്കിന് പാമ്പുകളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ്. ഇവരോടൊപ്പം നഗരവാസികളും രക്ഷാപ്രവർത്തനത്തിൽ ചേർന്നു. പ്രളയജലത്തിലൂടെ ഒഴുകി നടക്കുന്ന പാമ്പുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രദേശവാസികൾ വലകളുപയോഗിച്ച് വെള്ളത്തിൽ നിന്നും പാമ്പുകളെ പിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, ഒരാൾക്ക് പാമ്പുകടിയേറ്റെന്നും ചികിത്സയിൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ലിയുലാൻ, യുൻബിയാവോ ജലസംഭരണികളിൽ വെള്ളപ്പൊക്കം ഉണ്ടായതായും പിന്നാലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായും പ്രദേശത്തെ നിരവധി ചെറുകിട പാമ്പ് ഫാമുകൾ ഒഴുകിപ്പോയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.










0 comments