മോദിക്കും അദാനിക്കുംവേണ്ടി ഭരിക്കുന്ന മുഖ്യമന്ത്രിയായി സതീശൻ മാറി; ദേശാഭിമാനിക്കെതിരെയുള്ളത് കള്ളപ്രചാരണം: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ, വി ഡി സതീശൻ
തിരുവനന്തപുരം: നരേന്ദ്രമോദിക്കും അദാനിക്കുംവേണ്ടി ഭരിക്കുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കള്ളക്കളി തുടരുകയാണ്. ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് മുൻകൂർ അറിവുണ്ടായിരുന്നു എന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് സതീശൻ ചാർട്ടേർഡ് ഫ്ലൈറ്റിൽ മംഗലാപുരത്തേക്ക് പോയി ചർച്ച നടത്തിയതും ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ഏജൻസിസായ സെബിയെയും മാധ്യമങ്ങളെയുമെല്ലാം അറിയിച്ചതിന് ശേഷമാണ് ഓഹരിക്കൈമാറ്റം സർക്കാർ അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വാദം നിലനിൽക്കുന്നതല്ല. സർക്കാരിൽനിന്ന് മന:പൂർവം ഇത് മറച്ചുവെച്ചെങ്കിൽ എന്ത് നിയമനടപടിയാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഓഹരിക്കൈമാറ്റത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയനിലപാടെന്തെന്ന് ജനങ്ങളോട് പറയണം.
ഓഹരിക്കൈമാറ്റം സംബന്ധിച്ച വാർത്ത ആദ്യം നൽകിയത് ദേശാഭിമാനിയാണ് എന്ന കള്ളപ്രചാരണം സതീശൻ നടത്തുകയുണ്ടായി. ജൂൺ ഒന്നിന് എകണോമിക്സ് ടൈംസ് ആണ് ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. ജൂൺ മൂന്നിന് മാതൃഭൂമിയും വലിയ പ്രാധാന്യത്തോടെ വാർത്തനൽകി. വസ്തുത ഇതായിരിക്കെ പച്ചക്കള്ളം പറഞ്ഞ് ദേശാഭിമാനിയെയും സിപിഐ എമ്മിനെയും വലിച്ചിഴക്കാനാണ് സതീശൻ ശ്രമിച്ചത്. അദാനിയുമായി ഒരു ഡീലും സിപിഐ എം ഉണ്ടാക്കിയിട്ടില്ല, ഇനി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുമില്ല.
കേരളം ഭരിക്കുന്നത് ഓർമിപ്പിച്ചത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്. സതീശനെയാണ് വേണുഗോപാൽ വിരൽചൂണ്ടിയത്. യുഡിഎഫ് സർക്കാർ നടപ്പാക്കുന്നത് തങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിരുന്നു, ധവളപത്രത്തിലും ബജറ്റിലും സമ്പൂർണ സ്വകാര്യവത്കരണ നീക്കം സർക്കാർ നടത്തിയതിനെ ബിജെപി സ്വാഗതം ചെയ്തു.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സ്വകാര്യകമ്പനിക്ക് അടിയറവ് വെക്കുന്ന നിലപാടിനെയാണ് സിപിഐ എമ്മും എൽഡിഎഫും എതിർത്തത്. അദാനിയുമായുള്ള രഹസ്യഉടമ്പടികൾക്ക് ഇടിനിലക്കാരനാകുന്ന സതീശന്റെ നിലപാടിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അഭിപ്രായം പറയണം. സതീശന്റെ മംഗലൂരു യാത്രയെക്കുറിച്ചും രാഹുൽഗാന്ധി ഇതേവരെ പ്രതികരിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതി 251 ശതമാനത്തിൽനിന്ന് 120 ശതമാനമായി എന്തിനാണ് കുറച്ചത് എന്നതിൽ മുഖ്യമന്ത്രി ഇതുവരെ ഉത്തരം നൽകിയിട്ടില്ല. നിയമസഭ പാസാക്കിയതോടെ, ഈ മദ്യം വിൽക്കില്ല എന്ന് തീരുമാനിച്ചാൽപോലും മദ്യക്കമ്പനികൾക്ക് കോടതികളിൽനിന്ന് അനുകൂല ഉത്തരവ് ലഭിക്കാൻ സാധ്യതയായി എന്നാണ് എക്സൈസ് മന്ത്രിതന്നെ പറഞ്ഞത്. സർക്കാരിന്റെ ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കൾ മദ്യമുതലാളിമാർ തന്നെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.











0 comments