ad
Deshabhimani

അൻസിബയുടെ പരാതി: മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം കോടതിയിൽ

Tini Tom
വെബ് ഡെസ്ക്

Published on Jul 08, 2026, 12:58 PM | 1 min read

കൊച്ചി: നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ നടൻ ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം സെഷൻസ് കോടതിയിലാണ് താരം അപേക്ഷ സമർപ്പിച്ചത്. അൻസിബയുടെ പരാതിയിൽ കോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.


സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. അൻസിബയ്‌ക്കെതിരെ ടിനി ടോം നടത്തിയ ‘ജിഹാദി’ പരാമർശത്തിലാണ് ഈ നിയമനടപടി.


താരസംഘടനയായ ‘അമ്മ’യിൽ താൻ ഉന്നയിച്ച കടുത്ത വംശീയ അധിക്ഷേപങ്ങൾ സംഘടന ഗൗരവമായി എടുത്തില്ലെന്ന് അൻസിബ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. തന്നെ ‘ജിഹാദി’ എന്ന് വിളിച്ചെന്നും, മതം മാറ്റാൻ ശ്രമം നടത്തിയെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയെന്നും നടി ആരോപിക്കുന്നു. വംശീയവും വ്യക്തിപരവുമായ അതിരൂക്ഷമായ അധിക്ഷേപങ്ങളാണ് തനിക്കെതിരെ ഉണ്ടായതെന്നും അൻസിബ ചൂണ്ടിക്കാട്ടി.


ആദ്യം കടവന്ത്ര പൊലീസിൽ അൻസിബ പരാതി നൽകിയെങ്കിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. ടിനി ടോം അടക്കമുള്ളവരെ വിളിപ്പിച്ചു ചോദിച്ചെങ്കിലും കേസെടുക്കാനുള്ള തെളിവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിനെതിരെ അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.


എറണാകുളം എട്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വർഗീയ പരാമർശത്തിനെതിരെ കേസെടുക്കാൻ പൊലീസിന് കർശന നിർദേശം നൽകിയത്. കേസ് ശക്തമായതോടെയാണ് ടിനി ടോം ഇപ്പോൾ നിയമപരിരക്ഷ തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home