ad
Deshabhimani

ട്രംപിന്റെ വിവാദ സുഹൃത്തിന്റെ കമ്പനിയുമാള്ള ലോബിയിങ് കരാര്‍ പുതുക്കി നരേന്ദ്ര മോദി സര്‍ക്കാര്‍

lobby
വെബ് ഡെസ്ക്

Published on Jul 08, 2026, 12:54 PM | 3 min read

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യകാലത്തെ പ്രചാരണ വക്താവും ദീർഘകാല മാധ്യമ ഉപദേശകനുമായിരുന്ന വിവാദ വ്യക്തി ജേസൺ മില്ലറുടെ ഉടമസ്ഥതയിലുള്ള കൺസൾട്ടൻസി സ്ഥാപനവുമായുള്ള ലോബിയിങ് കരാർ പുതുക്കി നരേന്ദ്ര മോദി സര്‍ക്കാര്‍.


അമേരിക്കയിലെ 'ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട്' പ്രകാരം കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യൻ എംബസിയും മില്ലറുടെ 'എസ് എച്ച് ഡബ്ല്യു പാർട്ണേഴ്സ് എൽ എൽ സി' എന്ന സ്ഥാപനവും തമ്മിലുള്ള രഹസ്യ കരാർ ഈ വർഷം ഏപ്രിൽ 24-നാണ് ഒപ്പുവെച്ചിട്ടള്ളത്. 2027 ഏപ്രിൽ 23 വരെയാണ് ഈ കരാറിന്റെ കാലാവധി.


വലിയ സാമ്പത്തിക ഇടപാട്


കേവലമായ ലോബിയിങ് നടത്തുന്ന ഈ കരാറിനായി വൻ തുകയാണ് ഇന്ത്യ ചെലവിടുന്നത്. പ്രതിമാസം 150,000 യു.എസ് ഡോളർ വീതമാണ് ഇന്ത്യ മില്ലറുടെ സ്ഥാപനത്തിന് നൽകുക. ഇത് പ്രകാരം പ്രതിവർഷം ഏകദേശം 15 കോടി രൂപ ഇന്ത്യക്ക് ഈ വകയിൽ ചെലവ് വരും. കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ സ്ഥാപനം രംഗപ്രവേശനം ചെയ്യുന്നത്. അന്നത്തെ കരാര്‍ ഇപ്പോഴും തുടരുന്നു എന്നാണ് വെളിപ്പെടുന്ന വിവരങ്ങൾ.


അമേരിക്കൻ ഭരണകൂടം, യു.എസ് കോൺഗ്രസ്, വിവിധ സംസ്ഥാന സർക്കാരുകൾ, സർവകലാശാലകൾ, പ്രമുഖ ചിന്താകേന്ദ്രങ്ങൾ എന്നിവർക്ക് മുന്നിൽ ഇന്ത്യയുടെ നയപരമായ കാര്യങ്ങളിൽ അനുകൂല സാഹചര്യം സൃഷ്ടിക്കുക എന്ന പേരിലാണ് കരാര്‍.


ഇന്ത്യക്ക് യു.എസിൽ ശക്തമായ നയതന്ത്ര പ്രതിനിധികളും എംബസിയുമുള്ളപ്പോൾ ഔദ്യോഗിക ചാനലുകളെ മറികടന്ന് ഒരു സ്വകാര്യ പി ആർ ഏജൻസിയെ നിർണായക ചർച്ചകൾക്കായി ചുമതലപ്പെടുത്തിയത് വലിയ ചോദ്യങ്ങൾ ഉയര്‍ത്തി. സാധാരണയായി നയതന്ത്ര കൂടിക്കാഴ്ചകളും ഫോൺ കോളുകളും ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ നേരിട്ടാണ് നിശ്ചയിക്കാറുള്ളത്. എന്നാൽ ട്രംപിലേക്ക് നേരിട്ട് വഴിയൊരുക്കാൻ എന്ന പേരിലാണ് മോദി സർക്കാർ ഒരു 'ബ്രോക്കർ' ആയി ജേസൺ മില്ലറെ ആശ്രയിച്ചു തുടങ്ങിയത്. ഇതിന് പിന്നിൽ വൻ വ്യവസായ സ്ഥാപനങ്ങളുടെ താത്പര്യങ്ങളും ചൂണ്ടികാണിക്കപ്പെട്ടു.


അമേരിക്കൻ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള പിആർ/കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധരിൽ ഒരാളായാണ് ജേസൺ മില്ലർ അറിയപ്പെടുന്നത്. 2016-ൽ ഡൊണാൾഡ് ട്രംപിന്റെ ആദ്യ വിജയത്തിൽ ചീഫ് വക്താവായിരുന്ന അദ്ദേഹം. 2020-ലെ തെരഞ്ഞെടുപ്പിലും ട്രംപിന്റെ ഉപദേശകനായിരുന്നു. അതിനുമുമ്പ് സെനറ്റർ ടെഡ് ക്രൂസിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


യുദ്ധം മുതൽ തുടങ്ങിയ കൂട്ടുകെട്ട്


'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് മില്ലറുടെ പങ്കാളിത്തം ചര്‍ച്ചയായിരുന്നു. ഓപ്പറേഷൻ താൽക്കാലികമായി നിർത്തിയ മെയ് 10-ാം തീയതി, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, യു.എസ് ട്രേഡ് പ്രതിനിധി ജേമീസൺ ഗ്രീർ എന്നിവരുൾപ്പെടെയുള്ള ട്രംപിന്റെ കോർ ടീമിലേക്ക് മില്ലർ വഴി മോദി സർക്കാർ നാല് തവണ അടിയന്തരമായി ബന്ധപ്പെട്ടതായുള്ള വാര്‍ത്തകൾ പുറത്തെത്തി. തുടര്‍ന്ന് മാധ്യമങ്ങളിൽ സൈനിക നീക്കത്തിന്റെ വാർത്തകൾ എങ്ങനെ വരണം എന്ന് നിയന്ത്രിക്കാനും യു എസ് ഭരണകൂടത്തെ സ്വാധീനിക്കാനും മില്ലറെ ഉപയോഗിച്ചതായുള്ള വിവരങ്ങൾ 'ഫാര' രേഖകളിലൂടെ തന്നെ പുറത്തെത്തി.


അമേരിക്കയിൽ അവരുടെ നിയമങ്ങൾ പ്രകാരം വിദേശ രാജ്യങ്ങൾക്കോ സ്ഥാപനങ്ങൾക്കോ വേണ്ടി ലോബിയിങ് നടത്തുന്നത് പൂർണ്ണമായും നിയമവിധേയമാണ്. എന്നാൽ ഇതിൽ ഏർപ്പെടുന്ന ഏജന്റുകൾ 'ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട്' (FARA) പ്രകാരം രജിസ്റ്റർ ചെയ്യണം. തങ്ങൾ വാങ്ങുന്ന തുകയുടെയും നടത്തുന്ന കൂടിക്കാഴ്ചകളുടെയും കൃത്യമായ വിവരങ്ങൾ നിയമപരമായി പരസ്യപ്പെടുത്തുകയും ചെയ്യണം. ജേസൺ മില്ലറുടെ ഉടമസ്ഥതയിലുള്ള കൺസൾട്ടൻസി സ്ഥാപനത്തിന്റെ കക്ഷികളുടെ ലിസ്റ്റിലെ ഒരേയൊരു രാജ്യം ഇന്ത്യ മാത്രമാണ്.


തീവ്രവലതുപക്ഷ നിലപാടുകാരനായ ജേസൺ മില്ലറുടെ മുൻകാല വ്യക്തിജീവിതത്തിലെ വിവാദങ്ങളും കേസും കോടതി വ്യവഹാരങ്ങളുമാണ് ട്രംപിന്റെ ഔദ്യോഗിക കൂട്ടാളികളുടെ ലിസ്റ്റിൽ നിന്നും ജേസൺ മില്ലര്‍ പുറത്താവാൻ കാരണമായത്.


ഒരു കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധൻ എന്ന നിലയിൽ ട്രംപിന് വേണ്ടി കടുത്ത വംശീയ നയങ്ങളെ പിന്തുണയ്ക്കാനും, പ്രതിപക്ഷ നേതാക്കൾക്കെതിരെ വ്യാജവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാനും മില്ലർ മുന്നിൽ നിന്നു. 2020-ലെ യു.എസ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ട്രംപ് അനുകൂലികൾ നടത്തിയ നീക്കങ്ങളിലും മില്ലറുടെ മാധ്യമ ഇടപെടലുകൾ അന്വേഷണ ഏജൻസികളുടെ പരിധിയിൽ വന്നിരുന്നു.


ഈ വർഷം മെയ് മാസത്തിൽ ജേസൺ മില്ലർ ഇന്ത്യയിൽ എത്തിയിരുന്നു. ഇതേ കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിയതോടെ ഔദ്യോഗിക ആവശ്യങ്ങൾക്കല്ല വന്നതെന്നുും തന്റെ സുഹൃത്തും ഇന്ത്യയിലെ യു എസ് അംബാസഡറുമായ സെർജിയോ ഗോറിനെ കാണാൻ ഒരു സ്വകാര്യ വ്യക്തിയായിട്ടാണ് എത്തിയതെന്നും വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home