ഐപിഎൽ 2026
പ്ലേ ഓഫിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കി ഗുജറാത്ത്; ആർസിബിയും ഹൈദരാബാദും ഇന്ന് നേർക്കുനേർ

ടീം ഗുജറാത്ത് ടൈറ്റൻസ് (Photo:BCCI)
തിരുവനന്തപുരം : ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയുള്ള ആധികാരിക ജയത്തോടെ ഐപിഎൽ 2026 ലീഗ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പാക്കി ഗുജറാത്ത് ടൈറ്റൻസ്. നിലവിൽ 0.695 നെറ്റ് റൺറേറ്റുള്ള ഗുജറാത്തിന് പിന്നാലെ രണ്ടാം സ്ഥാനം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് ഇറങ്ങുകയാണ്. 18 പോയിന്റും 1.065 റൺറേറ്റുമുള്ള ആർസിബിക്കാണ് മുൻതൂക്കമെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തിൽ അവരെ നേരിടുന്ന സൺറൈസേഴ്സ് ഹൈദരാബാദിനും നേരിയ പ്രതീക്ഷയുണ്ട്.
നിലവിൽ 16 പോയിന്റും 0.350 റൺറേറ്റുമുള്ള സൺറൈസേഴ്സിന് രണ്ടാം സ്ഥാനത്ത് എത്തണമെങ്കിൽ ആർസിബിക്കെതിരെ ഒരു അസാധ്യ ജയം തന്നെ സ്വന്തമാക്കേണ്ടി വരും. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ, 180 മുതൽ 240 വരെയുള്ള ടോട്ടലുകളിൽ 87 മുതൽ 89 റൺസിന്റെയെങ്കിലും വമ്പൻ മാർജിനിൽ ഹൈദരാബാദിന് ജയിക്കണം. എന്നാൽ ആർസിബിക്കെതിരെ കളിച്ച ചരിത്രത്തിൽ 2019ൽ മാത്രമാണ് (118 റൺസ് ജയം) ഹൈദരാബാദ് 50 റൺസിന് മുകളിലുള്ള ജയം സ്വന്തമാക്കിയിട്ടുള്ളത്. ഇനി രണ്ടാമത് ബാറ്റ് ചെയ്ത് റൺചേസ് നടത്തുകയാണെങ്കിൽ, ലക്ഷ്യം 11 മുതൽ 11.4 ഓവറിനുള്ളിൽ മറികടക്കുകയും വേണം.
ഈ സീസണിൽ സ്വന്തം തട്ടകത്തിൽ ആദ്യം ബാറ്റ് ചെയ്ത നാല് രാത്രി മത്സരങ്ങളിലും 194ന് മുകളിൽ സ്കോർ ചെയ്ത് ജയിച്ച ചരിത്രം ഹൈദരാബാദിനുണ്ട്. അതിനാൽ ടോസ് നേടി ആദ്യം വമ്പൻ സ്കോർ പടുത്തുയർത്തുകയാവും ടീമിന് അനുയോജ്യം. എന്നാൽ ചെന്നൈക്ക് സംഭവിച്ചത് പോലെ സമ്മർദ്ദത്തിലാവാതെ, ടോപ്പ് 2 സ്ഥാനം ഉറപ്പിക്കാൻ എത്ര റൺസ് വേണമെന്ന് കൃത്യമായ കണക്കുകൂട്ടലുകളോടെയാവും ആർസിബി ഇന്ന് ഇറങ്ങുക. അതേസമയം, ഗുജറാത്തിന്റെ ജയത്തോടെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനുള്ള സാധ്യതകൾ പൂർണമായും അവസാനിച്ചു. ഇനി മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി മൂന്നോ നാലോ സ്ഥാനക്കാരായി പ്ലേഓഫിൽ കയറാൻ മാത്രമാണ് രാജസ്ഥാന് സാധിക്കുക.










0 comments