ഐപിഎൽ 2026
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യത; തിളങ്ങി ജോഷ് ഇംഗ്ലിസ്

ടീം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (Photo: BCCI)
തിരുവനന്തപുരം : ഐപിഎൽ 2026 സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി കളംവിട്ടതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിൽ വൻ മാറ്റങ്ങൾക്ക് സാധ്യതയെന്ന് സൂചന. തുടർച്ചയായ മൂന്ന് മോശം സീസണുകൾക്ക് ശേഷമാണ് (2024, 2025 വർഷങ്ങളിൽ ഏഴാം സ്ഥാനം) ടീം മാനേജ്മെന്റ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നത്. ഈ തകർച്ചയ്ക്കിടയിലും ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസിന്റെ പ്രകടനം മാത്രമാണ് മികച്ചു നിൽക്കുന്നത്.
ബാറ്റിങും ബൗളിങും ഒരേസമയം ഒത്തുപോകാതിരുന്നതാണ് ടീമിന് തിരിച്ചടിയായത്, എന്ന് എൽഎസ്ജി ഗ്ലോബൽ ഡയറക്ടർ ടോം മൂഡി വ്യക്തമാക്കി. സീസണിന്റെ തുടക്കത്തിൽ ബോളിങ് മികച്ചതായിരുന്നുവെങ്കിലും പവർപ്ലേയിൽ പവർ കാട്ടാൻ മുൻനിരയ്ക്കായില്ല. മിഡിൽ ഓർഡറും പൂർണമായി പരാജയപ്പെട്ടു.
റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിൽ ടീം വലിയ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ, ടീം ക്യാപ്റ്റൻ ഋഷഭ് പന്തിനെ മാറ്റാൻ ആലോചിക്കുന്നതായി ടോം മൂഡി സൂചിപ്പിച്ചു. പന്തിന്റെ ബാറ്റിങ് ഫോമിനെയും ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ബാധിച്ചതായാണ് വിലയിരുത്തൽ.
പഞ്ചാബ് കിങ്സ് മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഒഴിവാക്കപ്പെട്ട ജോഷ് ഇംഗ്ലിസിനെ ലഖ്‌നൗ ടീമിലെത്തിക്കുകയായിരുന്നു. സീസണിലെ അവസാന 5 മത്സരങ്ങളിൽ മാത്രം കളിച്ച ഇംഗ്ലിസ് 186.01 സ്ട്രൈക്ക് റേറ്റിൽ 3 അർധസെഞ്ചുറികളോടെ 266 റൺസ് അടിച്ചുകൂട്ടി.
കേവലം 5 മത്സരങ്ങളിൽ നിന്ന് ഇംഗ്ലിസ് നേടിയ റൺസ് ലഖ്‌നൗ നിരയിലെ മറ്റെല്ലാ പ്രമുഖ ബാറ്റർമാരുടെയും പ്രകടനത്തേക്കാൾ മുകളിലായിരുന്നു. മിച്ചൽ മാർഷ് (563), റിഷഭ് പന്ത് (312) എന്നിവർക്ക് പിന്നിൽ ടീമിന്റെ മൂന്നാമത്തെ ഉയർന്ന റൺവേട്ടക്കാരനാണ് താരം. നിക്കോളാസ് പൂരൻ (14 ഇന്നിങ്സിൽ 234), എയ്ഡൻ മാർക്രം (11 ഇന്നിങ്സിൽ 231) എന്നിവർ ഇംഗ്ലിസിനേക്കാൾ ഏറെ പിന്നിലായി.
പവർപ്ലേ ഓവറുകളിൽ 229 സ്ട്രൈക്ക് റേറ്റിലാണ് ഇംഗ്ലിസ് ബാറ്റ് വീശിയത്. സ്പിൻ ബോളർമാരെ മികച്ച രീതിയിൽ നേരിടാനും, ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിക്കാനുമുള്ള ഇംഗ്ലിസിന്റെ കഴിവിനെ അമ്പാട്ടി റായുഡു, മാർക്ക് ബൗച്ചർ തുടങ്ങിയ മുൻ താരങ്ങൾ പ്രശംസിച്ചു.
അടുത്ത 2027 സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീം ഉടച്ചുവാർക്കുമ്പോഴും, മുൻനിരയിൽ മിച്ചൽ മാർഷിനൊപ്പം ജോഷ് ഇംഗ്ലിസ് സ്ഥാനം ഉറപ്പിച്ചതായാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തലുകൾ.










0 comments