അന്താരാഷ്ട്ര നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും പല്ലുവില
ഗാസയെ വീണ്ടും വിഭജിച്ചെടുക്കാൻ ഇസ്രയേൽ; തീരത്തിന് കുറുകെ കൂറ്റൻ മതിൽ പണിയുന്നു

ഗാസ മുനമ്പിന്റെ 50 ശതമാനത്തിലധികം വരുന്ന ഇസ്രായേൽ അധിനിവേശ പ്രദേശത്തെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേർതിരിക്കുന്നതിനായി സൈന്യം കൂറ്റൻ മതിൽ നിർമ്മിക്കുന്നു. തകർക്കപ്പെട്ട പലസ്തീൻ ഗ്രാമങ്ങളെ വിഭിജിച്ച് വളരെ വേഗത്തിലാണ് ഈ വിഭജന മതിൽ ഉയരുന്നത്.
ഏകദേശം 40 കിലോമീറ്റർ നീളവും 11 കിലോമീറ്റർ വീതിയുമുള്ള ചെറിയ തീരദേശ പ്രദേശമാണ് ഗാസ. ഇതിൽ 23 കിലോമീറ്ററിലധികം ദൂരത്തിൽ ഇതിനകം തന്നെ മതിൽ നിർമ്മിച്ചുകഴിഞ്ഞു. ഗാസയുടെ ആകെ നീളത്തിന്റെ പകുതിയിലധികം ഭാഗത്തും ഇസ്രായേൽ മതിൽ കെട്ടിപ്പടുത്തു. ഗാസയുടെ 50 ശതമാനത്തിലധികം പ്രദേശം നിലവിൽ ഇസ്രായേൽ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഗാസയിലെ പലസ്തീൻ ജനവിഭാഗങ്ങൾ കൂടുതൽ ചെറിയ പ്രദേശങ്ങളിലേക്ക് ചുരുങ്ങപ്പെടുകയും കടുത്ത ദുരിതത്തിൽ തുടരുകയും ചെയ്യുന്നു.
'പ്ലാനറ്റ് ലാബ്സ് പിബിസി' (Planet Labs PBC) പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത് പ്രകാരം നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. യു.എസ് മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ സൈന്യം താൽക്കാലികമായി പിൻവാങ്ങിയ യെല്ലോലൈൻ അതിർത്തിരേഖയിലാണ് മണ്ണിൽ കെട്ടിയ മതിൽ ഉയരുന്നത്. കരാര്‍ പ്രകാരം പൂര്‍ണമായും പിൻവാങ്ങേണ്ട ഭൂമിയാണ്.
കരാര്‍ പ്രകാരം പിൻവാങ്ങേണ്ട പ്രദേശങ്ങൾ
മതിൽ കെട്ടി മറച്ച് സ്വന്തമാക്കുന്നു
വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ ഈ മേഖലകളിൽ നിന്നും പിൻവാങ്ങേണ്ടതുണ്ട്. എന്നാൽ ഇതിനെ സ്ഥിരം അതിർത്തിയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിര്‍മാണം.
കടന്നുകയറ്റങ്ങൾ തടയാനും ഇസ്രായേൽ സൈനികരുടെയും പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും സാങ്കേതിക വിദ്യകളും ഇന്റലിജൻസ് സംവിധാനങ്ങളും ഉൾപ്പെടുത്തി ഒരു "സുരക്ഷാ മേഖല" നിർമ്മിക്കുകയാണെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം.
നിര്‍മ്മാണം അധിവേഗം
നിരീക്ഷകര്‍ നിശബ്ദം
തകർക്കപ്പെട്ട റഫ നഗരത്തെയും ലക്ഷക്കണക്കിന് പലസ്തീനികൾ അഭയം പ്രാപിച്ചിരിക്കുന്ന മവാസി ടെന്റ് ക്യാമ്പിനെയും വേർതിരിക്കുന്ന മൺമതിൽ ജൂലൈ 1-ന് 500 മീറ്റർ മാത്രമായിരുന്നത് ജൂലൈ 15 ആയപ്പോഴേക്കും 2.4 കിലോമീറ്ററായി നീണ്ടു. ഖാൻ യൂനിസ് മുതൽ ഗാസ സിറ്റി വരെയുള്ള 17 കിലോമീറ്റർ നീളമുള്ള പ്രധാന മൺമതിലുമായി പുതിയ നിർമ്മാണങ്ങൾ ഉടൻ ബന്ധിപ്പിക്കപ്പെടും. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പ്രദേശത്തും മൺമതിലുകൾ ഉയർന്നുകഴിഞ്ഞു.

അതിർത്തി വ്യക്തമായി നിർവ്വചിക്കപ്പെടാത്തതിനാൽ യെല്ലോ ലൈനിന് സമീപത്തേക്ക് വരുന്ന പലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുന്നുണ്ട്. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു ശേഷവും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 1,100-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു.
യെല്ലോ ലൈനിന് കിഴക്കുള്ള പ്രദേശങ്ങളിലെ ഭൂരിഭാഗം കെട്ടിടങ്ങളും തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. നഗരങ്ങൾ ബുൾഡോസറുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ഇല്ലാതാക്കി, പുതിയ റോഡുകളും സൈനിക താവളങ്ങളും സ്ഥാപിച്ചു. ഇസ്രായേൽ നിയന്ത്രണത്തിന് പുറത്ത് പടിഞ്ഞാറൻ തീരപ്രദേശത്ത് രണ്ട് മില്ല്യണിലധികം വരുന്ന പലസ്തീൻ ജനത കടുത്ത ദുരിതത്തിലാണ്.










0 comments