റൺമതിലുയർത്തി ഹൈദരാബാദ്; രാജസ്ഥാനെ 44 റൺസിന് തോൽപ്പിച്ചു

രാജസ്ഥാനെതിരെ സെഞ്ചുറി നേടിയ ഇഷാൻ കിഷാൻ. PHOTO: Facebook
ഹൈദരാബാദ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 44 റൺസിന്റെ വിജയം. ഹൈദരാബാദ് ഉയർത്തിയ 287 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇഷാൻ കിഷൻ (47 പന്തിൽ 106) നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് സൺറൈസേഴ്‌സ് 286 റൺസെടുത്തത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത റോയൽസിന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു സൺ റൈസേഴ്സിന്റെ ബാറ്റിങ്. കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെ ഇക്കുറിയും ഹെെദരാബാദ് തുടങ്ങി.
ഓപ്പണർ ബാറ്റർമാരായ അഭിഷേക് ശർമയും (11 പന്തിൽ 24) ട്രാവിസ് ഹെഡും (31 പന്തിൽ 67) മികച്ച തുടക്കമാണ് ഹെെദരാബാദിന് നൽകിയത്. അഭിഷേക് വീണ് ഇഷാൻ ക്രീസിലെത്തിയപ്പോഴും റണ്ണടിക്ക് യാതൊരു കുറവും സംഭവിച്ചില്ല. ഈ സീസണിൽ മുംബെെയിൽ നിന്ന് ഹെെദരാബാദിലെത്തിയ ഇഷാൻ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ഇഷാനോടൊപ്പം നിതീഷ് കുമാർ റെഡ്ഡി (15 പന്തിൽ 30), ഹെൻറിച്ച് ക്ലാസൻ (14 പന്തിൽ 34) എന്നിവരും വെടിക്കെട്ട് പ്രകടനം തുടർന്നതോടെ ഹെെദരാബാദിന്റെ സ്കോർബോർഡ് കുതിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെങ്കിലും അവരും നല്ല രീതിയിൽ സ്കോർബോർഡ് ചലിപ്പിച്ചു. ക്യാപ്റ്റൻസി റിയാൻ പരാഗിനെ ഏൽപ്പിച്ച് പുറത്തിരുന്ന നായകൻ സഞ്ജു സാംസൺ (37 പന്തിൽ 66) ഇംപാക്ട് പ്ലയർ ആയി ക്രീസിലെത്തി മികച്ച പ്രകടനം പുറത്തെടുത്തു. മധ്യനിരയിൽ ആഞ്ഞടിച്ച ധ്രുവ് ജുറൽ (35 പന്തിൽ 70), ഷിമ്റേറോൺ ഹെറ്റ്മെയർ (23 പന്തിൽ 42), ശുഭം ദുബേ (11 പന്തിൽ 34) എന്നിവരാണ് രാജസ്ഥാന്റെ സ്കോർ 200 കടത്തിയത്.
0 comments