ക്ലാസിക് ക്ലാസെൻ

ന്യൂഡൽഹി
ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റുകൾ അവസാനം തീതുപ്പി. സീസണിലെ അവസാന കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 110 റണ്ണിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് അടിച്ചുകൂട്ടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 278 റൺ. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്‌കോറുകളിൽ മൂന്നാമത്തേത്. 39 പന്തിൽ 105 റണ്ണുമായി പുറത്താകാതെനിന്ന ഹെൻറിച്ച് ക്ലാസെനായിരുന്നു വെടിക്കെട്ട് നടത്തിയത്. ഒമ്പത് കൂറ്റൻ സിക്‌സറുകളും ഏഴ് ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. മറുപടിക്കെത്തിയ കൊൽക്കത്ത 18.4 ഓവറിൽ 168ന് പുറത്തായി.
ഹെെദരാബാദിനായി ട്രാവിസ് ഹെഡ് (40 പന്തിൽ 76), അഭിഷേക് ശർമ (16 പന്തിൽ 32) എന്നിവരും തകർത്തുകളിച്ചു. പ്ലേ ഓഫ് കാണാതെയാണ് ഹൈദരാബാദിന്റെ മടക്കം. കൊൽക്കത്ത എട്ടാംസ്ഥാനത്ത് അവസാനിപ്പിച്ചു.
ഹെഡിന്റെയും അഭിഷേകിന്റെയും മിന്നുന്ന പ്രകടനത്തോടെയായിരുന്നു ഹൈദരാബാദ് തുടങ്ങിയത്. രണ്ട് സിക്‌സറും നാല് ഫോറും പറത്തി അഭിഷേക് മടങ്ങിയെങ്കിലും ഹെഡും ക്ലാസെനും ചേർന്ന് കൊൽക്കത്ത ബൗളർമാരെ പറപ്പിച്ചു. ഹെഡ് ആറ് വീതം സിക്‌സറും ഫോറും പറത്തി. ക്ലാസെൻ 16 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. 37 പന്തിൽ സെഞ്ചുറിയും.
ഐപിഎല്ലിൽ ഉയർന്ന സ്‌കോർ ഹൈദരാബാദിന്റെ പേരിലാണ്. മൂന്നിന് 287. ആദ്യ നാല് സ്ഥാനങ്ങളിലും ഹൈദരാബാദാണ്. ഹെെദരാബാദിനെതിരെ 23 പന്തിൽ 37 റണ്ണെടുത്ത മനീഷ് പാണ്ഡെയാണ് ടോപ് സ്-കോറർ. വാലറ്റത്ത് ഹർഷിത് റാണയും (21 പന്തിൽ 34) പൊരുതി. ഹർഷ് ദുബെ, ജയദേവ് ഉനദ്ഘട്ട്, ഇഷാൻ മലിംഗ എന്നിവർ മൂന്ന് വീതം വിക്കറ്റ് നേടി.









0 comments