ഐപിഎല്ലിൽ 40 മത്സരങ്ങൾ പൂർത്തിയായപ്പോൾ 111 ക്യാച്ചുകൾ ഫീൽഡർമാർ പാഴാക്കി

ചോരുന്ന കൈകൾ 
കൈവിട്ട കളികൾ

ipl 2025

ലഖ്നൗ സൂപ്പർ ജയന്റ്സുമായുള്ള കളിയിൽ ക്യാച്ച് പാഴാക്കുന്ന ഡൽഹി ക്യാപിറ്റൽസ് താരം മിച്ചെൽ സ്റ്റാർക്

avatar
Sports Desk

Published on Apr 24, 2025, 04:36 AM | 2 min read


മുംബൈ : ക്യാച്ചുകൾ പാഴാകുന്നത്‌ ഐപിഎല്ലിൽ പതിവുകാഴ്‌ചയായി മാറുകയാണ്‌. 40 മത്സരങ്ങൾ പൂർത്തിയായപ്പോൾ 111 ക്യാച്ചുകൾ ഫീൽഡർമാർ പാഴാക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം കണക്കാണിത്‌. ക്യാച്ചിങ്‌ ശതമാനം 75.2. 2020നുശേഷമുള്ള ഏറ്റവും മോശം പ്രകടനം. കഴിഞ്ഞവർഷം 110 അവസരങ്ങളാണ്‌ ആകെ പാഴായത്‌.


റണ്ണൗട്ടുകൾ പാഴാക്കുന്നതിലും സ്‌റ്റമ്പിങ്‌ തുലയ്‌ക്കുന്നതിലും ഈ സീസണിൽ മുന്നിലാണ്‌. 172 റണ്ണൗട്ട്‌ അവസരങ്ങൾ പാഴാക്കി. ഫീൽഡിങ്‌ പിഴവുകൾ 247.


ക്യാച്ചുകൾ മത്സരങ്ങൾ ജയിപ്പിക്കും എന്നതാണ്‌ ക്രിക്കറ്റിലെ അടിസ്ഥാന തത്വങ്ങളിലൊന്ന്‌. ഇക്കുറി അതിന്റെ ഏറ്റവും വലിയ ഉദാഹരണം ചെന്നൈ സൂപ്പർ കിങ്‌സിന്റെ പ്രകടനമാണ്‌. പോയിന്റ്‌ പട്ടികയിൽ അവസാന സ്ഥാനത്താണ്‌ ടീം. എട്ട്‌ കളിയിൽ ജയിച്ചത്‌ രണ്ടെണ്ണംമാത്രം. ഏറ്റവും മോശം ഫീൽഡിങ്‌ പ്രകടനം മഹേന്ദ്ര സിങ്‌ ധോണിയുടെ സംഘത്തിന്റേതാണ്‌. 16 ക്യാച്ചുകളാണ്‌ സീസണിൽ പാഴാക്കിയത്‌. പഞ്ചാബ്‌ കിങ്‌സിനെതിരായ മത്സരത്തിൽ ഓപ്പണർ പ്രിയാൻഷ്‌ ആര്യയെ ഇന്നിങ്‌സിന്റെ രണ്ടാം പന്തിൽ കൈവിട്ടതിന്‌ വലിയ വിലകൊടുക്കേണ്ടിവന്നു. സെഞ്ചുറി കുറിച്ച പ്രിയാൻഷ്‌ പഞ്ചാബിന്‌ ജയവുമൊരുക്കി. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു ക്യാപ്‌റ്റൻ രജത്‌ പാട്ടീദാറിനെ 18 റണ്ണിൽ വിട്ടുകളഞ്ഞു. 32 പന്തിൽ 51 റണ്ണെടുത്ത പാട്ടീദാർ ബംഗളൂരുവിന്റെ വിജയശിൽപ്പിയുമായി. സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെതിരായ കളിയിൽ ഓപ്പണർ അഭിഷേക്‌ ശർമയെ പഞ്ചാബ്‌ ഫീൽഡർമാർ രണ്ടുതവണ വിട്ടുകളഞ്ഞു. 55 പന്തിൽ 141 റണ്ണാണ്‌ അഭിഷേക്‌ അടിച്ചുകൂട്ടിയത്‌. രാജസ്ഥാൻ റോയൽസും ഫീൽഡിങ്ങിൽ മോശമാണ്‌. ബംഗളൂരുവിനെതിരായ കളിയിൽ വിരാട്‌ കോഹ്‌ലിയെയും ഫിൽ സാൾട്ടിനെയും വിട്ടുകളഞ്ഞത്‌ തോൽവിക്ക്‌ കാരണമായി.


ഡൽഹിയുടെ ട്രിസ്‌റ്റൺ സ്‌റ്റബ്‌സും ചെന്നൈയുടെ ഖലീൽ അഹമ്മദുമാണ്‌ കൂടുതൽ അവസരങ്ങൾ തുലച്ചത്‌. ഇരുവരും നാലുവീതം ക്യാച്ച്‌ വിട്ടു. പഞ്ചാബിന്റെ യുശ്‌വേന്ദ്ര ചഹാലും ചെന്നൈയുടെ വിജയ്‌ ശങ്കറും മൂന്നുവീതം പാഴാക്കി. വിക്കറ്റ്‌ കീപ്പർമാരിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌ ക്യാപ്‌റ്റൻ ഋഷഭ്‌ പന്ത്‌ ക്യാച്ചുകളും റണ്ണൗട്ടുകളും പാഴാക്കിയവരിൽ മുന്നിലുണ്ട്‌. ഫീൽഡർമാരുടെ പിഴവുകളിൽ കൂടുതൽ തളർന്നത്‌ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ പേസർ ഹർഷിത്‌ റാണയും രാജസ്ഥാന്റെ സന്ദീപ്‌ ശർമയുമാണ്‌. അഞ്ച്‌ തവണയാണ്‌ ഇരുവരുടെയും ബൗളിങ്ങിൽ ഫീൽഡർമാർ വിട്ടുകളഞ്ഞത്‌.


രക്ഷപ്പെട്ട ബാറ്റർമാരുടെ പട്ടിക നീണ്ടതാണ്‌. രാജസ്ഥാൻ ബാറ്റർമാരുടെ 17 അവസരങ്ങളാണ്‌ എതിരാളികൾ പാഴാക്കിയത്‌. രാജസ്ഥാന്റെ ഷിംറോൺ ഹെറ്റ്‌മയർക്കും പഞ്ചാബിനും പ്രിയാൻഷിനും കൂടുതൽ അവസരങ്ങൾ കിട്ടി. രാജസ്ഥാന്റെ വേദിയായ ജയ്‌പുരിൽ 12 ക്യാച്ചുകൾ വിട്ടു. അവസാന രണ്ട്‌ മത്സരങ്ങളിലായി സഞ്‌ജു സാംസന്റെ സംഘം പാഴാക്കിയത്‌ ആറ്‌ ക്യാച്ചുകൾ.




deshabhimani section

Related News

View More
0 comments
Sort by

Home