ബംഗളൂരു റോയൽ ചലഞ്ചേഴ്‌സിന് ഏഴ് വിക്കറ്റ് ജയം
ഈഡനിൽ ബംഗളൂരു ; ചാമ്പ്യൻമാരായ കൊൽക്കത്തയ്ക്ക് തോൽവി

കൊൽക്കത്ത
ഈഡൻ ഗാർഡനിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയവിളംബരം. ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്ത് ഗംഭീര അരങ്ങേറ്റം. ഐപിഎൽ ക്രിക്കറ്റ് 18–-ാം സീസണിലെ ഉദ്‌ഘാടന മത്സരത്തിൽ അർധസെഞ്ചുറിയുമായി ഓപ്പണർമാരായ വിരാട് കോഹ്‌ലിയും (36 പന്തിൽ 59) ഫിലിപ് സാൾട്ടും (31 പന്തിൽ 56) തിളങ്ങി.
സ്‌കോർ: കൊൽക്കത്ത 174/8, ബംഗളൂരു 177/3 (16.2)
ആദ്യ അഞ്ച് ഓവറിൽ 75 റണ്ണുമായി കോഹ്‌ലിയും സാൾട്ടും കളി പിടിച്ചു. തുടക്കത്തിൽ ഇംഗ്ലീഷ് താരം സാൾട്ടായിരുന്നു കൂടുതൽ അപകടകാരി. പേസർ വൈഭവ് അറോറയുടെ ഓവറിൽ 20 റൺ. സ്‌പിന്നർ വരുൺ ചക്രവർത്തിയുടെ അടുത്ത ഓവറിൽ 21 റൺ.
സ്‌പെൻസർ ജോൺസണെ തുടരെ രണ്ട് സിക്‌സറടിച്ചാണ് കോഹ്‌ലി ഗിയർ മാറ്റിയത്. ഈ കൂട്ടുകെട്ട് 8.3 ഓവറിൽ 95 റൺ കൂട്ടിച്ചേർത്തു. സാൾട്ട് ഒമ്പത് ഫോറും രണ്ട് സിക്‌സറുമടിച്ചു.
ദേവ്‌ദത്ത് പടിക്കൽ (10) വേഗം മടങ്ങിയപ്പോൾ ക്യാപ്‌റ്റൻ രജത് പാട്ടീദാർ (16 പന്തിൽ 34) കോഹ്‌ലിക്ക് കൂട്ടായി. നാനൂറാം ട്വന്റി20 മത്സരത്തിനിറങ്ങിയ കോഹ്‌ലി നാല് ഫോറും മൂന്ന് സിക്‌സറുമടിച്ച് പുറത്താകാതെനിന്നു. ലിയാം ലിവിങ്സ്‌റ്റൺ 15 റണ്ണുമായി വിജയത്തിൽ കൂട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റെടുത്ത കൊൽക്കത്ത 10–-ാം ഓവറിൽ ഒരു വിക്കറ്റിന് 107 റണ്ണെന്നനിലയിൽനിന്നാണ് തകർന്നത്. അടുത്ത ഏഴ് വിക്കറ്റുകൾ 67 റണ്ണിന് നഷ്ടമായി. നാല് ഓവറിൽ 29 റൺ വഴങ്ങി മൂന്ന് വിക്കറ്റുമായി ഇടംകൈയൻ സ്‌പിന്നർ ക്രുണാൽ പാണ്ഡ്യയാണ് ചാമ്പ്യൻമാരെ പൂട്ടിയത്.
ക്യാപ്‌റ്റൻ അജിൻക്യ രഹാനെയും (31 പന്തിൽ 56) ഓപ്പണർ സുനിൽ നരെയ്‌നും (26 പന്തിൽ 44) അടിച്ചെടുത്ത 103 റണ്ണാണ് പൊരുതാനുള്ള സ്‌കോർ നൽകിയത്. രഹാനെ ആറുവീതം ഫോറും സിക്‌സറുമടിച്ചു.
ക്രുണാൽ പാണ്ഡ്യയാണ് കളിയിലെ താരം.കഴിഞ്ഞ രണ്ട് സീസണിലെ രണ്ടുകളിയും കൊൽക്കത്തയാണ് ജയിച്ചത്. ബംഗളൂരു 2022ലാണ് അവസാനമായി ജയിച്ചത്.
0 comments