Deshabhimani

ലഖ്നൗ പുറത്ത്

മുംബെെയോ ഡൽഹിയോ

ipl 2025
avatar
Sports Desk

Published on May 20, 2025, 04:22 AM | 2 min read

ലഖ്‌നൗ

ഐപിഎൽ ക്രിക്കറ്റിൽ മൂന്ന്‌ ടീമുകൾ പ്ലേഓഫ്‌ ഉറപ്പിച്ചതോടെ ഇനി ഒരുസ്ഥാനത്തിനായാണ്‌ പോരാട്ടം. മുംബൈ ഇന്ത്യൻസ്‌, ഡൽഹി ക്യാപിറ്റൽസ്‌ ടീമുകളാണ്‌ രംഗത്ത്‌. അഞ്ച്‌ ടീമുകൾ പുറത്തായി.


ഗുജറാത്ത്‌ ടൈറ്റൻസ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു, പഞ്ചാബ്‌ കിങ്‌സ്‌ ടീമുകളാണ്‌ പ്ലേഓഫ്‌ ഉറപ്പാക്കിയത്‌. ഗുജറാത്ത്‌ ഡൽഹിയെ തോൽപ്പിച്ചതോടെയാണ്‌ മറ്റ്‌ രണ്ട്‌ ടീമുകൾക്കും വഴിയൊരുങ്ങിയത്‌. ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌, രാജസ്ഥാൻ റോയൽസ്‌, ചെന്നൈ സൂപ്പർ കിങ്സ്‌, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുകൾ പുറത്തായി.


രണ്ട്‌ കളിശേഷിക്കെ 18 പോയിന്റുമായി ഗുജറാത്താണ്‌ ഒന്നാമത്‌. ബംഗളൂരുവും പഞ്ചാബും 17 വീതം പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്‌. 14 പോയിന്റുള്ള മുംബൈ ഇന്ത്യൻസാണ്‌ നാലാമത്‌. 13 പോയിന്റുമായി ഡൽഹി അഞ്ചാമതുണ്ട്‌.


ലഖ്നൗ ഹെെദരാബാദിനോട് തോറ്റതോടെ പ്ലേ ഓഫിനുള്ള പോരാട്ടം മുംബെെയും ഡൽഹിയും തമ്മിൽ മാത്രമായി. നാളെ നടക്കുന്ന മുംബെെ–ഡൽഹി മത്സരത്തിൽ തീരുമാനമാകും. ജയിച്ചാൽ മുംബെെ പ്ലേ ഓഫിലെത്തും.


മുംബൈ ഇന്ത്യൻസ്‌

12 കളി, 14 പോയിന്റ്‌. റൺ നിരക്ക്‌: 1.56

ശേഷിക്കുന്ന മത്സരങ്ങൾ: ഡൽഹി, പഞ്ചാബ്‌.


ഗുജറാത്തിനോടുള്ള ഡൽഹിയുടെ തോൽവി മുംബൈയുടെ സാധ്യതകൾക്ക്‌ പ്രതീക്ഷ പകർന്നു. അടുത്ത കളിയും ഡൽഹിയോടാണ്‌. ജയിച്ചാൽ ഏറെക്കുറെ പ്ലേഓഫ്‌ ഉറപ്പിക്കാം. അപ്പോൾ 16 പോയിന്റാകും. നാളെയാണ്‌ കളി.ഡൽഹി അവസാന കളി ജയിച്ചാൽതന്നെയും 15 പോയിന്റിൽ അവസാനിക്കും. മുംബൈക്ക്‌ മേൽക്കൈ നൽകുന്നത്‌ മികച്ച റൺ നിരക്കാണ്‌. ഇനി ഡൽഹിയോട്‌ തോറ്റാൽ പഞ്ചാബുമായുള്ള കളി നിർണായകമാകും. ഡൽഹി–-പഞ്ചാബ്‌ കളിയുടെ ഫലവും സ്വാധീനിക്കും. ആ കളിയിലും ഡൽഹി ജയിച്ചാൽ മുംബൈ പുറത്താകും.


ഡൽഹി ക്യാപിറ്റൽസ്‌

12 കളി, 13 പോയിന്റ്‌. റൺ നിരക്ക്‌ 0.260

ശേഷിക്കുന്ന മത്സരങ്ങൾ: മുംബെെ, പഞ്ചാബ്


അവസാന ആറ്‌ കളിയിൽ നാലിലും തോറ്റതാണ്‌ ഡൽഹിയുടെ നില സങ്കീർണമാക്കിയത്‌. അവസാന കളിയിൽ ഗുജറാത്തിനെതിരെ മികച്ച സ്‌കോർ നേടിയിട്ടും പത്ത്‌ വിക്കറ്റിനാണ് തോറ്റത്‌. നാളെ മുംബൈയെ തോൽപ്പിച്ചാൽ മാത്രമാണ്‌ പ്രതീക്ഷ. അവസാന കളിയിൽ പഞ്ചാബിനെയും കീഴടക്കിയാൽ യോഗ്യത ഉറപ്പിക്കാം.


ലഖ്നൗ പുറത്ത്

നിർണായക മത്സരത്തിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനോട്‌ ആറ്‌ വിക്കറ്റിന്‌ തോറ്റ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌ ഐപിഎൽ ക്രിക്കറ്റിൽ പ്ലേഓഫ്‌ കാണാതെ പുറത്തായി. രണ്ട്‌ കളി ശേഷിക്കെയാണ്‌ പ്രതീക്ഷ അവസാനിച്ചത്‌.


സ്‌കോർ: ലഖ്‌നൗ 205/7, ഹൈദരാബാദ്‌ 206/4(18.2).


ഓപ്പണർ അഭിഷേക്‌ ശർമയുടെ വെടിക്കെട്ടാണ്‌ വിജയത്തിന്‌ അടിത്തറയായത്‌. 20 പന്തിൽ 59 റണ്ണെടുത്ത അഭിഷേക്‌ ആറ്‌ സിക്‌സറും നാല്‌ ഫോറുമടിച്ചു. ഹെൻറിച്ച്‌ ക്ലാസെൻ 28 പന്തിൽ 47 റണ്ണടിച്ച്‌ അടുത്തെത്തിച്ചു. ഇഷാൻകിഷൻ 35 റൺ നേടി.


ഓപ്പണർമാരായ മിച്ചൽ മാർഷും (39 പന്തിൽ 65) എയ്‌ദൻ മാർക്രവും (38 പന്തിൽ 61) നേടിയ അർധ സെഞ്ചുറികളാണ്‌ ലഖ്‌നൗവിന്‌ പൊരുതാനുള്ള സ്‌കോർ നൽകിയത്‌. ഓപ്പണർമാർ 115 റണ്ണിന്റെ കൂട്ടുകെട്ടൊരുക്കി. എന്നാൽ, അവസാന അഞ്ച്‌ ഓവറിൽ 59 റണ്ണെടുക്കാൻ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടപ്പെടുത്തി.


നാലുവീതം ഫോറും സിക്‌സറും അടിച്ചാണ്‌ മാർക്രം സീസണിലെ അഞ്ചാമത്തെ അർധ സെഞ്ചുറി നേടിയത്‌. മാർഷ്‌ ആറ്‌ ഫോറും നാല്‌ സിക്‌സറും പറത്തി. ക്യാപ്‌റ്റൻ ഋഷഭ്‌ പന്ത്‌ ഒരിക്കൽകൂടി പരാജയപ്പെട്ടു. ആറ്‌ പന്തിൽ ഏഴ്‌ റണ്ണുമായി ഇഷാൻ മലിംഗക്ക്‌ സ്വന്തം ബൗളിങ്ങിൽ പിടികൊടുത്തു. 12 കളിയിൽ 135 റണ്ണാണ്‌ സമ്പാദ്യം. നിക്കോളാസ്‌ പുരാൻ 26 പന്തിൽ 45 റണ്ണുമായി തിളങ്ങി. ഹൈദരാബാദിനായി ലങ്കൻ പേസർ ഇഷാൻ മലിംഗ രണ്ട്‌ വിക്കറ്റെടുത്തു. മാർക്രത്തെ ബൗൾഡാക്കിയ ഹർഷൽ പട്ടേൽ 150 ഐപിഎൽ വിക്കറ്റ്‌ തികച്ചു. മിച്ചൽ മാർഷിനെ പുറത്താക്കി സ്‌പിന്നർ ഹർഷ്‌ ദുബെ കന്നി വിക്കറ്റ്‌ സ്വന്തമാക്കി.

ലഖ്‌നൗ 22ന്‌ ഗുജറാത്തിനെയും 25ന്‌ ചെന്നൈ സൂപ്പർ കിങ്സിനെയും നേരിടും. ഹൈദരാബാദ്‌ 23ന്‌ ബംഗളൂരുമായും 25ന്‌ കൊൽക്കത്തയുമായും ഏറ്റുമുട്ടും.


ipl



deshabhimani section

Related News

View More
0 comments
Sort by

Home