പന്തിൽ തെളിയുമോ ലഖ്‌നൗ ; മുഖം മിനുക്കാൻ ഡൽഹി

പന്തിൽ തെളിയുമോ ലഖ്‌നൗ
നാലാംസീസൺ കളിക്കുന്ന ലഖ്‌നൗ ഇക്കുറി ടീമിൽ വലിയ അഴിച്ചുപണി നടത്തി. കെ എൽ രാഹുലിനെ നിലനിർത്തിയില്ല. ഡൽഹി ക്യാപിറ്റൽസിൽനിന്ന് ഋഷഭ് പന്തിനെ ലേലത്തിൽ സ്വന്തമാക്കി. പന്തിനെ ക്യാപ്‌റ്റനുമാക്കി. നിക്കോളാസ് പുരാനാണ് നിലനിർത്തിയവരിൽ പ്രധാനി. മിച്ചെൽ മാർഷ്, മായങ്ക് യാദവ് എന്നിവരുടെ പരിക്കുകളാണ് ലഖ്‌നൗവിന് ആശങ്ക. പേസർ മായങ്കിനെ ടീം നിലനിർത്തിയതാണ്. എന്നാൽ, പരിക്ക് മാറാത്തതിനാൽ ആദ്യ കളികളിൽ ഉണ്ടാകാനിടയില്ല. മാർഷ് പന്തെറിയില്ല. ബാറ്ററായി മാത്രം കളിക്കും. പരിശീലകസ്ഥാനത്ത് ഓസ്‌ട്രേലിയക്കാരൻ ജസ്‌റ്റിൻ ലാംഗറാണ്.
പ്രധാന താരങ്ങൾ
പന്തിലാണ് പ്രതീക്ഷകൾ. ഐപിഎല്ലിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ. ബാറ്റിങ് നിരയ്‌ക്ക് കരുത്തുപകരുക പുരാന്റെ വെടിക്കെട്ട് ആയിരിക്കും. 2023 സീസണിൽ വെസ്‌റ്റിൻഡീസുകാരന്റെ മിന്നും പ്രകടനം ടീമിനെ പ്ലേ ഓഫിൽ എത്തിച്ചിരുന്നു. മാർക്രം, ഡേവിഡ് മില്ലർ, മാർഷ് എന്നീ വിദേശതാരങ്ങളും മുതൽക്കൂട്ടാണ്. ബൗളർമാരിൽ ആവേശ് ഖാൻ, ആകാശ് ദീപ്, മൊഹ്‌സിൻ ഖാൻ എന്നിവരുൾപ്പെട്ട പേസ് നിരയിലാണ് ലഖ്‌നൗവിന്റെ വിശ്വാസം.
സാധ്യതാ ടീം: ആര്യൻ ജുയാൽ, കൈൽ മയേഴ്‌സ്, ഋഷഭ് പന്ത്, മാർക്രം, പുരാൻ, മില്ലർ, ആയുഷ് ബദോനി, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, ഷമർ ജോസഫ്.
മുഖം മിനുക്കാൻ ഡൽഹി
ഇതുവരെ കിരീടം നേടാനായിട്ടില്ല ഡൽഹിക്ക്. 2020ൽ റണ്ണറപ്പായതാണ് ഇതുവരെയുള്ള മികച്ച നേട്ടം. മികച്ച താരനിരയുണ്ടായിട്ടും കിരീടമില്ലാത്തത് നിരാശയാണ്. ഇക്കുറി അപ്രതീക്ഷിത നീക്കങ്ങളായിരുന്നു. ഓൾറൗണ്ടർ അക്‌സർ പട്ടേലിനെ ക്യാപ്‌റ്റൻ സ്ഥാനമേൽപ്പിച്ചു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് ചേക്കേറിയ ഋഷഭ് പന്തിന് പകരക്കാരനായാണ് നിയമനം. പരിചയസമ്പന്നരായ ഫാഫ് ഡു പ്ലെസിസ്, കെ എൽ രാഹുൽ, കുൽദീപ് യാദവ്, മിച്ചെൽ സ്‌റ്റാർ എന്നിവർ ടീമിലുണ്ട്. ഡു പ്ലെസിസ് ആണ് വൈസ് ക്യാപ്‌റ്റൻ. റിക്കി പോണ്ടിങ്ങിന് പകരം മുൻ ഇന്ത്യൻതാരം ഹേമങ് ബദാനിയെ പരിശീലകനാക്കി. കെവിൻ പീറ്റേഴ്‌സൺ ടീം ഉപദേശകനായെത്തി.
പ്രധാന താരങ്ങൾ
വെട്ടിക്കെട്ട് ബാറ്റർ ജേക്ക് ഫ്രേസർ മക്‌ഗുർക്ക് ആണ് ശ്രദ്ധേയതാരം. മികച്ച വിദേശതാരനിരയുണ്ട്. പേസ്‌നിരയും മികച്ചത്. സ്‌റ്റാർക്, ടി നടരാജൻ, മുകേഷ് കുമാർ, മോഹിത് ശർമ എന്നിവരാണ് പേസർമാർ. രാഹുലാണ് താരലേലത്തിൽ സ്വന്തമാക്കിയ വമ്പൻ താരം. 14 കോടി രൂപ മുടക്കി. സ്‌പിൻ വകുപ്പ് ക്യാപ്‌റ്റൻ അക്‌സറും കുൽദീപും നയിക്കും.
സാധ്യതാ ടീം: മക്‌ഗുർക്, ഡു പ്ലെസിസ്, രാഹുൽ, അഭികേഷ് പോറെൽ, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്, അക്‌സർ, അശുതോഷ് ശർമ, സമീർ റിസ്വി/ മോഹിത് ശർമ, കുൽദീപ്, സ്‌റ്റാർക്, നടരാജൻ, മുകേഷ് കുമാർ.
0 comments