ഐപിഎൽ നാളെ വീണ്ടും ; ആദ്യ നാലിന് ഏഴ് ടീം


Sports Desk
Published on May 16, 2025, 04:40 AM | 2 min read
മുംബൈ
ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിയ ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ എട്ട് ദിവസത്തിനുശേഷം നാളെ പുനരാരംഭിക്കും. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. തിരിച്ചുപോയ വിദേശ കളിക്കാരിൽ എത്രപേർ തിരിച്ചെത്തുമെന്ന് വ്യക്തമല്ല. ഇവിടെ തുടർന്നവർക്കുതന്നെ ദേശീയ ടീമിനായുള്ള മത്സരങ്ങളുണ്ട്. 57 കളികൾ പൂർത്തിയായെങ്കിലും ഒറ്റ ടീമും പ്ലേ ഓഫിലെത്തിയിട്ടില്ല. നാല് ടീമുകൾക്കാണ് അവസരം. 13 മത്സരങ്ങൾ ബാക്കിയുണ്ട്. കൂടാതെ ക്വാളിഫയറും എലിമിനേറ്ററും ഫൈനലും. രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾ പുറത്തായി. അവശേഷിക്കുന്നത് ഏഴ് ടീമുകൾ.
ഗുജറാത്ത് ടൈറ്റൻസ്
ശുഭ്‌മാൻ ഗിൽ ക്യാപ്‌റ്റനായ ടീമിന് 11 കളിയിൽ എട്ടും ജയിച്ച് 16 പോയിന്റുണ്ട്. മൂന്ന് കളിയാണ് ബാക്കിയുള്ളത്. പ്ലേഓഫിന് ഒറ്റ ജയം മതി. റൺ ശരാശരി 0.793 ആണ്. ഡൽഹി, ലഖ്‌നൗ, ചെന്നൈ ടീമുകളെയാണ് നേരിടാനുള്ളത്. ഞായറാഴ്‌ച ഡൽഹിക്കെതിരെയാണ് ആദ്യ മത്സരം. ജോസ് ബട്‌ലർ, കഗീസോ റബാദെ, റാഷിദ് ഖാൻ തുടങ്ങിയവരാണ് പ്രധാന വിദേശ കളിക്കാർ.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു
നാളെ കൊൽക്കത്തയെ തോൽപ്പിച്ചാൽ മുന്നേറാം. ടെസ്‌റ്റിൽനിന്ന് വിരമിച്ചശേഷം വിരാട് കോഹ്‌ലി കളിക്കാനിറങ്ങുന്നതാണ് സവിശേഷത. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആരാധകർ കോഹ്‌ലിക്ക് വീരോചിതമായ യാത്രയയപ്പ് നൽകും. കോഹ്‌ലിയോടുള്ള ആദരസൂചകമായി ടെസ്‌റ്റിൽ കളിക്കുമ്പോഴുള്ള വെള്ള വസ്‌ത്രങ്ങൾ അണിഞ്ഞാവും ആരാധകർ എത്തുക. 11 കളിയിൽ എട്ട് ജയത്തോടെ 16 പോയിന്റാണുള്ളത്. റൺ നിരക്ക് 0.482. ലഖ്‌നൗ, ഹൈദരാബാദ് ടീമുകളെയും നേരിടാനുണ്ട്.
പഞ്ചാബ് കിങ്സ്
ശ്രേയസ് അയ്യർ ക്യാപ്‌റ്റനായ പഞ്ചാബ് കിങ്സും പ്ലേഓഫ് സ്വപ്‌നത്തിലാണ്. 11 കളിയിൽ ഏഴ് ജയവും 15 പോയിന്റുമുണ്ട്. ഞായറാഴ്‌ച രാജസ്ഥാനെതിരെയാണ് ആദ്യ കളി. തുടർന്ന് മുംബൈ, ഡൽഹി ടീമുകളെ നേരിടാനുണ്ട്. റൺനിരക്ക് 0.376. ഓസ്‌ട്രേലിയൻ താരങ്ങളായ ജോഷ് ഇംഗ്ലിസും മാർകസ് സ്‌റ്റോയിനിസും ടീമിനൊപ്പമുണ്ടാവും.
മുംബൈ ഇന്ത്യൻസ്
അഞ്ചുവട്ടം ചാമ്പ്യൻമാരായ ഹാർദിക്‌പാണ്ഡ്യ നയിക്കുന്ന ടീമിന് 12 കളിയിൽ 14 പോയിന്റുണ്ട്. മികച്ച റൺനിരക്ക് 1.156. പഞ്ചാബിനും ഡൽഹിക്കുമെതിരെയുള്ള കളിയിൽ ജയം അനിവാര്യം. 21ന് ഡൽഹിക്കെതിരെയാണ് ആദ്യ മത്സരം. 26ന് പഞ്ചാബിനെ നേരിടും. വിദേശ താരങ്ങളായ ട്രെന്റ്‌ബോൾട്ട്, റ്യാൻ റിക്കെൽട്ടൺ, വിൽ ജാക്‌സ് എന്നിവരുടെ സാന്നിധ്യം കണ്ടറിയണം.
ഡൽഹി ക്യാപിറ്റൽസ്
തുടക്കത്തിലെ ആവേശം നിലനിർത്താൻ സാധിക്കുന്നില്ല. 11 കളിയിൽ ആറ് ജയത്തോടെ 13 പോയിന്റ്. ഒരു കളി മഴമൂലം ഫലമില്ലാതായത് തിരിച്ചടിയായി. റൺനിരക്ക് 0.362. പഞ്ചാബ്, ഗുജറാത്ത്, മുംബൈ തുടങ്ങിയ വമ്പൻ ടീമുകളെയാണ് നേരിടാനുള്ളത്. മുന്നേറാൻ ജയം അനിവാര്യം. ഓസീസ് പേസർ മിച്ചെൽ സ്‌റ്റാർക്ക്, ഓപ്പണർ ജാക്ക് ഫ്രേസർ, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ് എന്നിവരുടെ തിരിച്ചുവരവ് ഉറപ്പില്ല.
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ രണ്ട് വിക്കറ്റ് തോൽവി ചാമ്പ്യൻമാരായ കൊൽക്കത്തയുടെ സാധ്യതകളെ തകിടംമറിച്ചു. ഇന്ന് ബംഗളൂരുവിനോട് തോറ്റാൽ പുറത്താവും. 12 കളിയിൽ 11 പോയിന്റാണുള്ളത്. റൺനിരക്ക് 0.193. 25ന് ഹൈദരാബാദിനെ നേരിടും. രണ്ട് കളി ജയിച്ചാലും പരമാവധി 15 പോയിന്റാണ്. അതിനാൽ മറ്റ് കളികളെക്കൂടി ആശ്രയിച്ചാവും സാധ്യത.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
ഋഷഭ്‌പന്ത് ക്യാപ്‌റ്റനായ ടീം രക്ഷപ്പെടുന്ന കാര്യം സംശയമാണ്. 11 കളിയിൽ ആറെണ്ണം തോറ്റതോടെ പ്ലേഓഫ് പ്രതിസന്ധിയിലായി. 10 പോയിന്റാണ് സമ്പാദ്യം. മോശം റൺനിരക്കും തിരിച്ചടിയാണ്. – -0.469 റൺനിരക്കുമായി മുന്നേറുക എളുപ്പമല്ല. ബംഗളൂരു, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളെയാണ് നേരിടാനുള്ളത്.









0 comments