ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് അഭിമാനത്തിന്റെ 50

ഡോ. വസിഷ്ഠ് എം സി
Published on Nov 02, 2026, 01:31 PM | 3 min read
1976 ഒക്ടോബര്‍ 31-ന്, ബംഗളൂരുവിലെ കെഎസ്.സി.എ. സ്റ്റേഡിയത്തില്‍ (ഇന്ന് എം. ചിന്നസ്വാമി സ്റ്റേഡിയം) ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടു. ആദ്യ ഔദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുത്ത 11 വനിതകള്‍ ചരിത്രം കുറിക്കുകയായിരുന്നു. 2026 ഒക്ടോബര്‍ 31- ന് ഇന്ത്യന്‍ വനിതാ ടീമിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയായി.
ആ ചെറിയ തുടക്കത്തിന് ശേഷം, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് വലിയ പുരോഗതി കൈവരിച്ചു. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഇന്ത്യയില്‍ ഏറ്റവും അവഗണിക്കപ്പെട്ട കായിക ഇനങ്ങളില്‍ ഒന്നായിരുന്നു ഇതെങ്കില്‍ ഇന്ന് സ്ഥിതി ആകെ മാറി. പുരുഷ ക്രിക്കറ്റിന് ലഭിക്കുന്ന അതേ ബഹുമാനം ഇന്ന് വനിതാ ക്രിക്കറ്റിനുമുണ്ട്.
1976 ഒക്ടോബര്‍ 31-ന് ചരിത്രം കുറിച്ച ആ 11 വനിതകള്‍ ഇവരായിരുന്നു: സന്ധ്യ മജുംദാര്‍, ശോഭ പണ്ഡിറ്റ്, ഫൗസിയ ഖലീലി (വിക്കറ്റ് കീപ്പര്‍), സുധ ഷാ, ഉജ്വല നിഗം, ശുഭാംഗി കുല്‍ക്കര്‍ണി, സൂസന്‍ ഇട്ടിചെറിയ, ഡയാന എഡുല്‍ജി, ശര്‍മിള ചക്രവര്‍ത്തി, ബെഹ്‌റോസ് എഡുല്‍ജി. ഇതിഹാസതാരം ശാന്ത രംഗസ്വാമിയായിരുന്നു നായിക. ആ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പാട്രീഷ വിറ്റാക്കറുടെ പന്തില്‍ ലോംഗ്-ഓണിന് മുകളിലൂടെ ഒരു സിക്‌സര്‍ അടിച്ചുകൊണ്ട്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിക്‌സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ശാന്ത. പിന്നീട്, പന്ത് പതിച്ച ആ ഭാഗത്തിന് ആദരസൂചകമായി അവരുടെ പേര് നല്‍കി.
1932-ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യന്‍ പുരുഷ ടീമിന്റെ ആദ്യ ടെസ്റ്റ് മത്സരം. എന്നാല്‍ വനിതാ ടീമിന് അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാന്‍ അതുകഴിഞ്ഞ് 44 വര്‍ഷം വേണ്ടി വന്നു. 19 ദിവസങ്ങള്‍ക്ക് ശേഷം, 1976 നവംബര്‍ 19-ന്, പട്‌നയിലെ മൊയ്‌ന്‍ -ഉല്‍ -ഹഖ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റിന് വിജയിച്ചുകൊണ്ട് ഇന്ത്യന്‍ വനിതാ ടീം ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ 1934-ല്‍ ബ്രിസ്ബേനിലാണ് ആദ്യത്തെ വനിതാ ടെസ്റ്റ് നടന്നത്. എന്നാല്‍, ഈ ഫോര്‍മാറ്റില്‍ ഔദ്യോഗികമായി അരങ്ങേറാന്‍ ഇന്ത്യയ്ക്ക് 42 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു.
50 വര്‍ഷത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ നോക്കാം. 1978-ല്‍ വനിതാ ലോകകപ്പിലൂടെ ഇന്ത്യന്‍ വനിതാ ടീം ഏകദിന (ODI) ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 2002 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മിഥാലി രാജ് മാറി. അതേ വര്‍ഷം തന്നെ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടില്‍ വെച്ച് ഇന്ത്യ ആദ്യ ടെസ്റ്റ് വിജയം നേടി. 2005-ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഐസിസി വനിതാ ലോകകപ്പ് ഫൈനല്‍ കളിച്ചു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ 2006 നിര്‍ണായക വര്‍ഷമായി കണക്കാക്കപ്പെടുന്നു; ഈ വര്‍ഷമാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഔദ്യോഗികമായി ബിസിസിഐയുടെ ഭരണത്തിന് കീഴില്‍ വന്നത്. 2006-ല്‍ ലോകകപ്പിലൂടെ ഇന്ത്യന്‍ ടീം തങ്ങളുടെ ആദ്യത്തെ ടി20 മത്സരം കളിച്ചു. 2017-ല്‍ ലോകകപ്പ് നേടി ചരിത്രം കുറിക്കുന്നതിന് തൊട്ടടുത്തെത്തിയെങ്കിലും, ഫൈനലില്‍ ഇംഗ്ലണ്ടിനോട് നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. 2020-ല്‍ വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. 2022-ല്‍ ബിസിസിഐ ഒരു വിപ്ലവകരമായ തീരുമാനമെടുത്തു; പുരുഷ--–വനിതാ ടീമുകള്‍ക്ക് തുല്യ പ്രതിഫലം നല്‍കാന്‍ തീരുമാനിച്ചു.
2023-ല്‍ 'വുമണ്‍സ് പ്രീമിയര്‍ ലീഗ്' (WPL) ആരംഭിച്ചതോടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് കൂടുതല്‍ പ്രൊഫഷണലായി. 2025 നവംബര്‍ 2-ന്, ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് നേടിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു ദിവസമായിരുന്നു. 2026 ജൂണില്‍, ലോര്‍ഡ്സില്‍ വെച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ അവിടെ ആദ്യ വിജയം കുറിച്ചു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഹാംഗ്ഷൂ ഏഷ്യന്‍ ഗെയിംസിലും (2022) ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസിലും (2026) തുടര്‍ച്ചയായി രണ്ട് സ്വര്‍ണമെഡലുകള്‍ നേടി. കോമണ്‍വെല്‍ത്ത് ഗെയിംസിൽ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. 2022-ലെ കോമണ്‍വെല്‍ത്ത് ഫൈനലില്‍ ഓസ്ട്രേലിയയോട് ഒമ്പത് റണ്‍സിന്റെ നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.
വരാനിരിക്കുന്ന വര്‍ഷങ്ങള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വളരെ നിര്‍ണായകമായിരിക്കും. ഇതില്‍ ആദ്യത്തേത് ചാമ്പ്യന്‍സ് ട്രോഫി ആണ്. 2027 ഫെബ്രുവരി 14 മുതല്‍ 28 വരെ ഇന്ത്യയില്‍ വെച്ചാണ് ആദ്യത്തെ 'ഐസിസി വനിതാ ചാമ്പ്യന്‍സ് ട്രോഫി' നടക്കുന്നത്. ഇതിനെല്ലാമുപരിയായി ഏറ്റവും പ്രധാനപ്പെട്ടത് 2028-ലെ ഒളിമ്പിക്സാണ്. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് 128 വര്‍ഷത്തെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുകയാണ്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി ടി20 ഫോര്‍മാറ്റില്‍ ആണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. ഇവിടെ ഇന്ത്യന്‍ വനിതകള്‍ക്ക് മെഡല്‍ നേടാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടമായിരിക്കും.









0 comments