അച്ഛന്റെ സുഹൃത്തെന്ന വ്യാജേന 14-കാരിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവ്

തിരുവനന്തപുരം: സ്കൂളിലേക്ക് അനിയനുമായി പോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്റെ സുഹൃത്തെന്ന വ്യാജേന തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ. പന്തളം സ്വദേശി സദ്ദാം ഹുസൈനെ (കിച്ചാമണി 35) ആണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും ഒമ്പത് മാസവും കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.
2025 ജനുവരി 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാവിലെ 7.45 മണിയോടെ സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന അതിജീവിതയുടെയും അനുജന്റെയും അടുത്തേക്ക് ബൈക്കിൽ എത്തിയ പ്രതി കുട്ടികളുടെ അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി സ്കൂളിലേക്ക് ആക്കാമെന്ന് പറഞ്ഞു ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. അനുജനെ പകുതി വഴിയിൽ ഇറക്കിയശേഷം ചോക്ലേറ്റ് വാങ്ങിത്തരാം എന്ന് പറഞ്ഞു പെൺകുട്ടിയെ കടയിൽ കൊണ്ട് പോയി. ചോക്ലേറ്റ് വാങ്ങി തിരികെ കൊണ്ട് വന്നു ഒരിടവഴിയിൽ നിർത്തി കുട്ടിയോട് ലൈഗീകാതിക്രമം നടത്തുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് പറഞ്ഞു കുട്ടിയ ഭാഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്ന് തിരിച്ച് എത്തി അനിയനെയും കയറ്റി സ്കൂളിൽ കൊണ്ട് വിട്ടു. വീട്ടുകാരുടെ സമ്മതമില്ലാതെ മറ്റൊരാളുടെ ബൈക്കിൽ കയറിയതിന് വീട്ടുകാർ വഴക്ക് പറയും എന്നതും പ്രതിയുടെ ഭീഷണിയും ഭയന്ന് കുട്ടി സംഭവം ആദ്യം പുറത്ത് പറഞ്ഞില്ല. കുട്ടിയുടെ മനോനില തെറ്റിയത് ശ്രദ്ധിച്ച കൂട്ടുകാരി തിരക്കിയപ്പോഴാണ് കുട്ടി സംഭവം പറഞ്ഞത്. കൂട്ടുകാരി സ്കൂളിൽ പറഞ്ഞാണ് വിവരം പുറത്തറിയുന്നത്. സമാനമായ മറ്റൊരു കേസും പ്രതിക്ക് എതിരെ ഇതേ കോടതിയിൽ വിചാരണ നടക്കുന്നുണ്ട്.
12 കാരിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി കോടതി പ്രതിയെ നേരത്തെ ശിക്ഷിച്ചിട്ടിണ്ട്. ആ വിധി പകർപ്പും പ്രെസെക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഭിഭാഷകാരായ വി സി ബിന്ദു, പി സുരഭി എന്നിവർ ഹാജരായി. തുമ്പ പൊലീസ് ഇൻസ്‌പെക്ടർ ആർ ബിനു, സബ് ഇൻസ്പെക്ടർ ആർ ബിജു എന്നിവർ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രോസീക്യൂഷൻ 31 സാക്ഷികളെ വിസ്തരിച്ചു 41 രേഖകളും എട്ട് തൊണ്ടിമുതലും ഹാജരാക്കി.








0 comments