'അതൃപ്തി മന്ത്രി' എന്ന് വിളിച്ചതിലും ലിജുവിന് അതൃപ്തി; ഇത്തവണ എം ബി രാജേഷിനോടും എൽഡിഎഫിനോടും

തിരുവനന്തപുരം: ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് തന്റെ അറിവോടെയല്ലെന്ന വിചിത്രവാദം ആവർത്തിച്ച് എക്സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്ത് മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് തന്റെ അറിവോടെയല്ലെന്ന നിലപാട് ആവർത്തിച്ച മന്ത്രി, സംഭവത്തിന്റെ ഉത്തരവാദിത്തം മുൻ എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനും എക്സൈസ് ഉദ്യോഗസ്ഥർക്കുമാണെന്ന വാദവും മുന്നോട്ടുവച്ചു. ലൈസൻസ് അനുവദിച്ചതിലെ നീക്കങ്ങൾ അന്വേഷിക്കുമെന്നും എക്സൈസ് കമ്മീഷണറിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വകുപ്പിലെ കാര്യങ്ങളൊന്നും അറിയില്ലെന്ന് ആവർത്തിക്കുന്ന ലിജുവിനെ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ബി രാജേഷ് കഴിഞ്ഞ ദിവസം 'അതൃപ്തി വകുപ്പ് മന്ത്രി' എന്ന് പരിഹസിച്ചിരുന്നു. ഇപ്പോഴിതാ, ആ പരിഹാസത്തിലും അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മന്ത്രി. ബാർ ലൈസൻസ് അനുവദിച്ചതിൽ മാത്രമല്ല, തന്നെ 'അതൃപ്തി മന്ത്രി' എന്ന് വിശേഷിപ്പിച്ചതിലും അതൃപ്തി അറിയിച്ചിരിക്കുകയാണ്. ഇത്തവണ ഇടതുപക്ഷത്തോടും എം ബി രാജേഷിനോടും ആൺ അതൃപ്തി.
കഴിഞ്ഞ ആറുമാസത്തിനിടെ എക്സൈസ് വകുപ്പിൽ നടന്ന പ്രധാന തീരുമാനങ്ങളെക്കുറിച്ചെല്ലാം അറിയില്ലെന്നും അതൃപ്തിയുണ്ടെന്നുമാണ് ലിജുവിന്റെ പതിവ് പ്രതികരണമെന്ന് എം ബി രാജേഷ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട തീരുമാനത്തിലും ഫോർട്ടി വൈൻ ലൈസൻസിന്റെ കാര്യത്തിലും മന്ത്രി ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു. ഒടുവിൽ മൂന്ന് ബാറുകൾക്ക് ലൈസൻസ് നൽകിയപ്പോഴും അതേ പ്രതികരണം ആവർത്തിച്ചു. ഓരോ തവണയും അതൃപ്തി രേഖപ്പെടുത്തുന്ന ലിജുവിനെ 'അതൃപ്തി വകുപ്പ് മന്ത്രി' എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നായിരുന്നു രാജേഷിന്റെ ചോദ്യം.
ഇതിന് പിന്നാലെയാണ് പുതിയ ബാർ ലൈസൻസ് വിവാദത്തിലും അതൃപ്തി ആവർത്തിച്ച് ലിജു രംഗത്തെത്തിയത്. മൂവാറ്റുപുഴ, കൊച്ചി, പാലാ എന്നിവിടങ്ങളിലെ മൂന്ന് ബിയർ–വൈൻ പാർലറുകൾക്കാണ് ബാർ ലൈസൻസ് അനുവദിച്ചത്. സംഭവത്തിൽ രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തിരുന്നു.









0 comments