കോൺവേയും പുറത്ത്; ഏകദിനത്തിന് മുമ്പ് കിവീസിന് വീണ്ടും തിരിച്ചടി

ഓക്‌ലൻഡ്: ഇന്ത്യയ്ക്കെതിരായുള്ള അഞ്ച് മത്സര ഏകദിന പരമ്പര നാളെ തുടക്കങ്ങാനിരിക്കെ ന്യൂസിലൻഡിന് വീണ്ടും തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ് ഡെവോൺ കോൺവെ പുറത്തായി. പരിക്ക് മാറാത്ത രചിൻ രവീന്ദ്രയും മാർക് ചാപ്‌മാനും നേരത്തെ പിന്മാറിയിരുന്നു. ഏകദിനത്തിന് മുമ്പ് താരങ്ങളുടെ പരിക്ക് കിവീസിന് തലവേദനയാവും. ട്വന്റി20 പരന്പര ഇന്ത്യ 3–2ന് സ്വന്തമാക്കിയിരുന്നു.
ഫീൽഡിങ് പരിശീലനത്തിനിടെ സഹതാരം മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ചാണ് കോൺവെക്ക് പരിക്കേറ്റത്. ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കോൺവെയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഏകദിനത്തില്‍ ഓൾ റൗണ്ടർ മിച്ചെൽ സാന്റ്‌നെറാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. ഓക്‌ലൻഡിൽ നാളെ രാവിലെ 7.30നാണ് ആദ്യ ഏകദിനം.
ഇന്ത്യയ്ക്കായി മുൻ നായകന്മാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും കളത്തിലിറങ്ങുന്നു എന്നതാണ് പരമ്പരയിലെ സവിശേഷത. വെസ്‌റ്റിൻഡീസിനെതിരായ പരമ്പരയിൽ കോഹ്‌ലിയും രോഹിതും സെഞ്ചുറി നേടിയിരുന്നു. ഇന്ത്യൻ കുപ്പായത്തിൽ കഴിഞ്ഞ ആറ് കളിയിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയുമാണ് കോഹ്‌ലിക്ക്. ഏകദിന സെഞ്ചുറികളുടെ എണ്ണം 55 ആയി. ആകെ 86 ഉം. മറുവശത്ത്, രോഹിത് വിൻഡീസിനെതിരെ അസാമാന്യ പ്രകടനം പുറത്തെടുത്തു. 32, 101, 92 എന്നിങ്ങനെയായിരുന്നു വിൻഡീസിനെതിരെ മുപ്പത്തൊന്പതുകാരന്റെ പ്രകടനം. അതിനുമുമ്പ് ഇംഗ്ലണ്ടിനെതിരെയും സെഞ്ചുറി നേടിയിരുന്നു. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇരുവരുടെയും ഒരുക്കം. ലോകകപ്പ് ആകുമ്പോഴേക്കും രോഹിതിന് വയസ് നാൽപ്പതാകും. കോഹ്‌ലി മുപ്പത്തൊമ്പതിന് അരികെയെത്തും.









0 comments