Deshabhimani

'ജോലിക്കപ്പുറം ജീവിതമുണ്ട്': അമിത ജോലിസമയത്തെ മഹത്വവൽക്കരിച്ച പീയുഷ് ​ഗോയലിനെതിരെ വ്യാപക വിമർശനം

Piyush Goyal

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ​ഗോയല്‍

വെബ് ഡെസ്ക്

Published on Nov 03, 2026, 06:11 PM | 1 min read

ന്യൂഡൽഹി: അമിത ജോലിഭാരത്തെ മഹത്വവൽക്കരിച്ച കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ​ഗോയലിനെതിരെ വ്യാപക വിമർശനം. ഇന്ത്യയിൽ ആരും ജോലി സമയം കഴിഞ്ഞെന്ന് ഓർമിപ്പിക്കില്ലെന്നും വൈകുന്നേരം അഞ്ചുമണിയായെന്ന് പറയില്ലെന്നും വാരാന്ത്യ അവധി ആവശ്യപ്പെടില്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇന്ത്യൻ തൊഴിലാളികളുടെ ഈ തൊഴിൽസംസ്‌കാരം രാജ്യത്തിന്റെ പ്രത്യേകതയായി അവതരിപ്പിക്കാനായിരുന്നു ഗോയലിന്റെ ശ്രമം.


കേന്ദ്രമന്ത്രിയുടെ വിവാദപരാമർശത്തിനെതിരെ ഐടി ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി' രം​ഗത്തു വന്നു. ലക്ഷക്കണക്കിന് ഐടി ജീവനക്കാരുടെ അർപ്പണബോധവും കഠിനാധ്വാനവുമാണ് ഇന്ത്യയുടെ ഐടി മേഖലയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയത്. പക്ഷേ തൊഴിലിനോടുള്ള ആത്മാർഥതയുടെ പേരിൽ വ്യക്തിജീവിതവും കുടുംബത്തോടൊപ്പമുള്ള സമയവും ആരോഗ്യവും ബലികഴിക്കേണ്ടെന്ന് പ്രതിധ്വനി പറഞ്ഞു.


നീണ്ട ജോലിസമയം, വാരാന്ത്യങ്ങളിലെ ഔദ്യോഗിക കോളുകൾ, കടുത്ത തൊഴിൽസമ്മർദം, തൊഴിൽ അരക്ഷിതാവസ്ഥ, കൂട്ടപ്പിരിച്ചുവിടലുകൾ, വർധിച്ചുവരുന്ന മാനസിക സമ്മർദം തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഐടി ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളാണ്. എഐയുടെ കടന്നുവരവും അതിവേ​ഗ വളർച്ചയും തൊഴിലിടങ്ങളിലെ ആശങ്കകളും വർധിപ്പിക്കുന്നുണ്ട്. ജീവനക്കാർ എത്ര മണിക്കൂർ ജോലി ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, അവരുടെ പ്രവർത്തനഫലവും നൂതന ആശയങ്ങളും അടിസ്ഥാനമാക്കിയാണ് ഉൽപ്പാദനക്ഷമത വിലയിരുത്തേണ്ടത്. ആഴ്ചയിലെ അവധികളും ന്യായമായ ജോലിസമയവും തൊഴിലും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയും ജീവനക്കാർക്ക് നൽകുന്ന ഔദാര്യങ്ങളല്ല. ആരോഗ്യകരമായ തൊഴിലിടത്തിന് അനിവാര്യമായ അവകാശങ്ങളാണെന്നും പ്രതിധ്വനി വ്യക്തമാക്കി.


തു‌ടര്‍ച്ചയായി ജോലി ചെയ്യേണ്ട തൊഴിൽസംസ്കാരത്തെ മഹത്വവൽക്കരിച്ചുകൊണ്ടല്ല ഇന്ത്യ ആഗോളതലത്തിൽ മത്സരശേഷി കൈവരിക്കേണ്ടത്. പരിചയ സമ്പന്നരായ തൊഴിലാളികളും നൂതനാശയങ്ങളും ഉയർന്ന ഉൽപ്പാദനക്ഷമതയുമാണ് രാജ്യത്തിന്റെ കരുത്താകേണ്ടത്. തൊഴിലാളികളെ തളർത്തികൊണ്ട് വികസിത ഇന്ത്യ കെട്ടിപ്പടുക്കാനാകില്ല. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നത് ഐടി മേഖലയും ജീവനക്കാരുമാണ്. എന്നാൽ ജോലിക്കപ്പുറം അവർക്കും വ്യക്തിജീവിതമുണ്ടെന്നും അം​ഗീകരിക്കപ്പെടണമെന്നും പ്രതിധ്വനി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home