Deshabhimani

കൊലപ്പെടുത്തിയ സുഹൃത്ത് സ്വപ്നത്തിൽ വരുന്നു; 20 ദിവസത്തിനുശേഷം പൊലീസിൽ കീഴടങ്ങി യുവാവ്

assam police
വെബ് ഡെസ്ക്

Published on Nov 03, 2026, 06:31 PM | 1 min read

താനെ: സുഹൃത്തിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ഒളിപ്പിച്ച യുവാവ് 20 ദിവസത്തിനുശേഷം പൊലീസിൽ കീഴടങ്ങി. കൊലപ്പെടുത്തിയ സുഹൃത്തിനെ തുടർച്ചയായി സ്വപ്നം കണ്ടതോടെ ഉറങ്ങാൻ കഴിയാതായെന്നും കുറ്റബോധം സഹിക്കാനാകാതെയാണ് കീഴടങ്ങിയതെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലിയിലാണ് സംഭവം. പ്രഭു കരകാഡെ എന്ന യുവാവാണ് സുഹൃത്ത് വിശാൽ കദമിനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയത്.


ഒക്ടോബർ ഒമ്പതിന് ഡോംബിവ്‌ലിയിലെ മൊതാഗാവ് പ്രദേശത്താണ് കൊലപാതകം നടന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന വിശാലും പ്രഭുവും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതനായ പ്രഭു വിശാലിനെ മർദിക്കുകയായിരുന്നു. തുടർച്ചയായി ചവിട്ടുകയും ഇടിക്കുകയും ചെയ്തതിനെ തുടർന്ന് വിശാൽ മരിച്ചു.


സുഹൃത്ത് മരിച്ചതോടെ പരിഭ്രാന്തനായ പ്രഭു വീട്ടുടമസ്ഥനായ സന്ദേശ് മാത്രെയെ സമീപിച്ച് സഹായം തേടി. തുടർന്ന് ഇരുവരും ചേർന്ന് വിശാലിന്റെ മൃതദേഹം ചാക്കിലാക്കി. രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തോടിന് സമീപം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ചതോടെ കൊലപാതകത്തിൽനിന്ന് രക്ഷപ്പെടാമെന്നായിരുന്നു പ്രഭുവിന്റെ കണക്കുകൂട്ടൽ.


എന്നാൽ ഇതിനുശേഷം പ്രഭുവിന് രാത്രിയിൽ ഉറങ്ങാൻ കഴിയാതായെന്നാണ് പൊലീസിനോട് പ്രഭു പറഞ്ഞത്. കൊല്ലപ്പെട്ട വിശാൽ തുടർച്ചയായി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ഭയവും കുറ്റബോധവും വർധിച്ചു. ഇരുപത് രാത്രികളിലും സുഹൃത്തിനെ സ്വപ്നം കണ്ടെന്നും സമാധാനമായി ഉറങ്ങാൻ കഴിഞ്ഞില്ലെന്നുമാണ് പ്രഭു പറഞ്ഞു. കൊലപാതകത്തിനുശേഷം നഗരം വിട്ട് രക്ഷപ്പെടാൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ പൊലീസിൽ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു.


പൊലീസിനെ സമീപിച്ച പ്രഭു കൊലപാതകവിവരം തുറന്നുപറഞ്ഞു. തുടർന്ന് പ്രഭുവിനെയും മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച വീട്ടുടമസ്ഥൻ സന്ദേശ് മാത്രെയെയും പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാൻ സഹായിച്ചതിനാണ് വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തത്.


ഇരുവരെയും കല്യാൺ കോടതിയിൽ ഹാജരാക്കി. കോടതി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home