എം വി ഗോവിന്ദന്റെ പേരിൽ വീണ്ടും വ്യാജപ്രചാരണം; രണ്ട് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പേരിൽ വ്യാജവാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ച രണ്ട് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പൊലീസിൽ പരാതി. സെലിസ്പോട്ട് മീഡിയ എന്ന ഫേസ്ബുക്ക് പേജിനും ആർ കെ മീഡിയ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് എം വി ഗോവിന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തന്റെ ചിത്രവും പേരും ഉപയോഗിച്ച് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
‘ചൈനീസ് പട്ടാളത്തെ ഇന്ത്യൻ സൈന്യം ആക്രമിച്ചതിൽ കേന്ദ്രസർക്കാരിനോട് സിപിഐ എം നേതൃത്വം വിശദീകരണം തേടി’ എന്ന തലക്കെട്ടോടെയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. എം വി ഗോവിന്ദന്റെ ചിത്രവും ഇതിനൊപ്പം ഉപയോഗിച്ചു. ഇത്തരത്തിൽ താൻ പ്രസ്താവന നടത്തിയിട്ടില്ലെന്നും വ്യാജമായി വാർത്ത സൃഷ്ടിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്നും ഗോവിന്ദൻ പരാതിയിൽ ചൂണ്ടിക്കാട്ടി.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 197(1)(d), 356 വകുപ്പുകൾ പ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. വ്യാജപോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും ലിങ്കുകളും തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്.
എം വി ഗോവിന്ദന്റെ പേരിൽ വ്യാജപ്രസ്താവനകൾ പ്രചരിപ്പിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുകയാണ്. മഹാരാജാസ് കോളേജിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ പ്രചരിപ്പിച്ച ഏഴ് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയും അദ്ദേഹം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ നഫീസത്തുൽ മിസ്രിയ എസ്ഡിപിഐ പശ്ചാത്തലമുള്ളയാളാണെന്നും മുൻ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകയാണെന്നും തീവ്രനിലപാടുള്ളയാളാണെന്നും എം വി ഗോവിന്ദൻ പറഞ്ഞുവെന്ന പേരിലായിരുന്നു ആ വ്യാജപ്രചാരണം.
ശ്രീജ അജി, അഫ്സൽ ചെമ്മാട്, വാഹിദ് താഴകത്ത്, മജീദ് തെയ്യാല, എം കെ മുരളീധരൻ, മുരളീധരൻ കൊടനാട്, ഹാരിസ് ബാബു പി എം എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയായിരുന്നു പരാതി. വ്യാജപോസ്റ്റുകൾ തയ്യാറാക്കി സമൂഹത്തിൽ സ്പർധയും വിദ്വേഷവും സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ 196-ാം വകുപ്പും കേരള പൊലീസ് ആക്ടിലെ 120(ഒ) വകുപ്പും പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും ലിങ്കുകളും പൊലീസിന് കൈമാറി.
സിപിഐ എമ്മിനെയും എസ്എഫ്ഐയെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണങ്ങൾ ശക്തമാകുന്നതായി എം വി ഗോവിന്ദൻ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസും ലീഗും ബിജെപിയും മത്സരിച്ചാണ് ഇത്തരം പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതുകൊണ്ടാണ്, കോൺഗ്രസും ലീഗും ബിജെപിയും വ്യാജവാർത്തകളും വർഗീയ വിദ്വേഷം വളർത്തുന്ന പ്രചാരണങ്ങളും ആശ്രയിക്കുന്നത്.
എസ്എഫ്ഐയെയും സിപിഐ എമ്മിനെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് എതിരാളികൾ വ്യാജപ്രചാരണങ്ങളെ ആശ്രയിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്ക് മുന്നിൽ ഇടതുപക്ഷം മുട്ടുമടക്കില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.








0 comments