Deshabhimani

വായുമലിനീകരണത്തിനെതിരെ ബോധവല്‍ക്കരണം; ദിയ മിർസയുടെ സന്ദേശത്തിന് വർഗീയനിറം നൽകി ബിജെപി, വീഡിയോ നീക്കി മുംബൈ നഗരസഭ

dia mirza

ദിയ മിർസ

വെബ് ഡെസ്ക്

Published on Nov 03, 2026, 05:25 PM | 2 min read

മുംബൈ: വായു, ശബ്ദ മലിനീകരണത്തിനെതിരായ ബോധവൽക്കരണ വീഡിയോയ്ക്ക് വർഗീയനിറം നൽകി ബിജെപി. നടിയും പരിസ്ഥിതി പ്രവർത്തകയുമായ ദിയ മിർസ അഭിനയിച്ച വീഡിയോയെ വർ​ഗീയ വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് പിന്നാലെ മുംബൈ നഗരസഭ വീഡിയോ നീക്കംചെയ്തു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സന്ദേശത്തിന്‍റെ പേരില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കളുടെ നിലപാടിനും നഗരസഭയുടെ നടപടിക്കുമെതിരെ ബോംബെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന് ഓർമിപ്പിച്ച കോടതി, നീക്കംചെയ്ത വീഡിയോ വീണ്ടും പ്രസിദ്ധീകരിക്കാൻ നിർദേശിച്ചു.


പടക്കം പൊട്ടിക്കുന്നതുമൂലമുള്ള വായു, ശബ്ദ മലിനീകരണം കുറയ്ക്കണമെന്ന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് നഗരസഭ വീഡിയോ തയ്യാറാക്കിയത്. ദീപാവലി ആഘോഷിക്കുമ്പോൾ പരിസ്ഥിതിയുടെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ശ്രദ്ധിക്കണമെന്നായിരുന്നു ദിയ മിർസയുടെ സന്ദേശം. പടക്കങ്ങൾ പൊട്ടിക്കുന്നതുമൂലമുണ്ടാകുന്ന വായു, ശബ്ദ മലിനീകരണം എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കുമെന്നും ശബ്ദകോലാഹലങ്ങളല്ല, സന്തോഷമാണ് ആഘോഷത്തിന്റെ ഭാഗമാകേണ്ടതെന്നും അവർ പറഞ്ഞു. പടക്കങ്ങൾ ഒഴിവാക്കി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത രീതിയിൽ ദീപാവലി ആഘോഷിക്കണമെന്നായിരുന്നു വീഡിയോയിലൂടെ നൽകിയ ആഹ്വാനം.


ഹൈക്കോടതിയുടെ നിർദേശപ്രകാരം സംഘടിപ്പിച്ച പ്രചാരണത്തിൽ ദിയ മിർസയ്ക്കുപുറമെ മാധുരി ദീക്ഷിത്, നിഷിഗന്ധ വാഡ്, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ എന്നിവരും പങ്കെടുത്തിരുന്നു. എന്നാൽ ദിയ മിർസയുടെ വീഡിയോ മാത്രം നീക്കംചെയ്തപ്പോൾ മറ്റുള്ളവരുടെ വീഡിയോകൾ നഗരസഭയുടെ സമൂഹമാധ്യമ പേജുകളിൽ നിലനിർത്തി.


നവംബർ ഒന്നിന് മുംബൈ ബിജെപി അധ്യക്ഷൻ അമിത് സതം ദിയ മിർസയുടെ വീഡിയോയെ എതിർത്ത് രംഗത്തെത്തി. ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് ദിയ മിർസ പഠിപ്പിക്കേണ്ടതില്ലെന്നും ഇന്ത്യൻ ആചാരങ്ങൾക്ക് സാംസ്കാരികമായ അടിത്തറയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നഗരസഭയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിനെ പരാമർശിച്ചായിരുന്നു അമിത് സതത്തിന്റെ പോസ്റ്റ്. മണിക്കൂറുകൾക്കകം ദിയ മിർസയുടെ വീഡിയോ നഗരസഭ നീക്കംചെയ്തു. നടപടിക്ക് വ്യക്തമായ വിശദീകരണം നഗരസഭ നൽകിയിരുന്നില്ല.


മുംബൈ മേയർ റിതു താവ്‌ഡെയും ദിയ മിർസയ്ക്കെതിരെ രംഗത്തെത്തി. നടിക്ക് ഹിന്ദുത്വവിരുദ്ധ നിലപാടാണെന്നായിരുന്നു മേയറുടെ വിമർശനം. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബോധവൽക്കരണ സന്ദേശത്തെ മതപരമായ വിവാദമാക്കി മാറ്റിയതോടെ, നഗരസഭയുടെ നടപടി രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയുള്ള തിരഞ്ഞെടുക്കപ്പെട്ട സെൻസർഷിപ്പാണെന്ന വിമർശനം ശക്തമായി.


ബിജെപി നേതാക്കളുടെ എതിർപ്പിനെത്തുടർന്ന് പരസ്യം പിൻവലിച്ച നടപടിയെ നിശിതമായി വിമർശിച്ച ബോംബെ ഹൈക്കോടതി, ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന് ഓർമിപ്പിച്ചു. പരിസ്ഥിതി മലിനീകരണം ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും എല്ലാവരും ശ്വസിക്കുന്നത് ഒരേ വായുവാണെന്നും ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണിയും നീല ഗോഖലെയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരു മതത്തിൽപ്പെട്ടയാൾക്ക് മറ്റൊരു മതത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിൽ പങ്കെടുക്കാൻ പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ മതത്തിന്റെ പേരിലുള്ള വിഭജനം സൃഷ്ടിക്കുന്നത് ദൗർഭാഗ്യകരമാണെന്നും കോടതി വിമർശിച്ചു.


ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വീഡിയോ തയ്യാറാക്കിയതെന്ന് ദിയ മിർസ പ്രതികരിച്ചു. പൊതുജനാരോഗ്യത്തിനുവേണ്ടി തയ്യാറാക്കിയ ബോധവൽക്കരണ സന്ദേശത്തെ എന്തിനാണ് എതിർക്കുന്നതെന്ന് അവർ ചോദിച്ചു. അന്തരീക്ഷ മലിനീകരണം ഗൗരവമുള്ള പ്രശ്നമാണെന്നും അത് കുറയ്ക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യേണ്ടതാണെന്നും വ്യക്തമാക്കി. നഗരസഭയുടെ അഭ്യർഥനപ്രകാരം പ്രതിഫലം വാങ്ങാതെയാണ് ദിയ മിർസ വീഡിയോയിൽ പങ്കെടുത്തതെന്ന് അധികൃതരും അറിയിച്ചു.


ദിയ മിർസയുടെ വീഡിയോ നീക്കംചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. മുംബൈ നഗരസഭ ബിജെപിയുടെ പാർട്ടി ഓഫീസല്ലെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎ റയീസ് ഷെയ്ഖ് വിമർശിച്ചു. ഒരേ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ വീഡിയോകൾ നിലനിർത്തിയിട്ടും ദിയ മിർസയുടെ വീഡിയോ മാത്രം പിൻവലിച്ചതിന്റെ കാരണം നഗരസഭ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വായുമലിനീകരണം തടയാനുള്ള പൊതുജനാരോഗ്യ സന്ദേശത്തെ മതവിവാദമാക്കി മാറ്റുകയും ബിജെപി നേതാക്കളുടെ പ്രതിഷേധത്തിന് പിന്നാലെ അതിന്റെ പ്രചാരണം തടയുകയും ചെയ്ത നടപടിക്കാണ് ഹൈക്കോടതിയുടെ വിമർശനം. ബോധവൽക്കരണ പരിപാടികളിൽ മതത്തിന്റെ പേരിൽ ആളുകളെ മാറ്റിനിർത്താനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ദിയ മിർസയുടെ വീഡിയോ വീണ്ടും പ്രസിദ്ധീകരിക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home