അഞ്ച് മാസം, ഒരു വകുപ്പിൽ വന്നത് നാലും അഞ്ചും സെക്രട്ടറിമാർ; ആകെ അവതാളത്തിൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കൂട്ടുനിൽക്കാത്തതിന് ഉദ്യോഗസ്ഥരുടെമേൽ തുടർച്ചയായ പകപോക്കൽ നടപടി. കേവലം അഞ്ച് മാസത്തിനുള്ളിൽ ഒരു വകുപ്പിൽ നാലും അഞ്ചും സെക്രട്ടറിമാരെയാണ് മാറ്റിയത്.
യുഡിഎഫ് സർക്കാർ അധികാത്തിലെത്തുമ്പോൾ പി ബി നൂഹിനെയാണ് ഗതാഗതവകുപ്പ് സെക്രട്ടറിയാക്കിയത്. പിന്നീട് നൂഹിനെ മാറ്റി ടി വി അനുപമയെ സെക്രട്ടറിയാക്കി. മന്ത്രി സി പി ജോണിന്റെ പല രാഷ്ട്രീയ ഇടപെടലുകളിലും സ്ഥലംമാറ്റങ്ങളിലും ഇവർ എതിർപ്പ് അറിയിച്ചിരുന്നു. മോട്ടോർ വാഹനവകുപ്പിലെ ഉന്നത തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റ പട്ടിക വിജ്ഞാപനം ചെയ്ത് ഒരു മാസത്തിലേറെ പണപ്പിരിവിനായി പൂഴ്ത്തിവെച്ചതിനെതിരെയും അനുപമ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ പ്രതികാര നടപടിയായി അനുപമയെയും മാറ്റി. കേന്ദ്ര സർവീസിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി ബാലമുരളിയെ പിന്നീട് സെക്രട്ടറിയാക്കി. 10 ദിവസം കഴിഞ്ഞപ്പോൾ ബാലമുരളിയെ മാറ്റി പകരം ശർമിള മേരി ജോസഫിനെ നിയമിച്ചു.
ആരോഗ്യവകുപ്പിന് കീഴിലുള്ള കെഎംസിഎസ്എല്ലിലും സമാനസ്ഥിതിതന്നെ. മരുന്ന് ക്ഷാമം രൂക്ഷമായിരിക്കെ സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കേണ്ട ചുമതലയയുള്ള കെഎംസിഎസ്എൽ നാഥനില്ലാത്ത അവസ്ഥയിലാക്കി. രാഹുൽ കൃഷ്ണ ശർമയെയാണ് യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ എംഡിയാക്കിയത്. പിന്നീട് രേണുരാജിനെ നിയമിച്ചു. വ്യക്തമായ നിലപാടെടുത്തത് മന്ത്രി കെ മുരളീധരന് ഇഷ്ടപെട്ടില്ല. അനധികൃത സ്ഥലംമാറ്റങ്ങളെയും രേണു രാജ് എതിർത്തു. ഇതോടെ രേണരാജിനെ ഒഴിവാക്കി. ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്താനുള്ള തീരുമാനം മരുന്നുകളുടെ ഗുണപരിശോധനാ സംവിധാനത്തെ ബാധിക്കുമെന്ന് പരസ്യപ്രസ്താവന നടത്തിയതും നടപടിക്ക് കാരണമായി. പകരം നിയമിച്ച അനു എസ് നായർ ചുമതലയേൽക്കാൻ വിസമ്മതിച്ചു. തുടർന്ന് ലാൻഡ് റവന്യു കമീഷണറായിരുന്ന എച്ച് ദിനേശന് അധിക ചുമതല നൽകി. ദിനേശനും ചുമതലയേറ്റെടുത്തില്ല. ടെൻഡർ നടപടി അട്ടിമറിച്ച് വൻകിട കമ്പനികളുമായി കൈകോർക്കാനുള്ള നീക്കം മരുന്നുകൊള്ളയ്ക്കും അഴിമതിക്കും വഴിയൊരുക്കും എന്നതിനാലാണ് ഉദ്യോഗസ്ഥർ സ്ഥാനമേൽക്കാതിരുന്നത്. ഒടുവിൽ ജനറൽ മാനേജർക്ക് താൽകാലിക ചുമതല നൽകി. ഇപ്പോൾ ടി വി സുഭാഷിനെ എംഡിയായി നിയമിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിൽ ടി വി അനുപമയായിരുന്നു ആദ്യം സെക്രട്ടറി. പിന്നീട് ഷാനവാസ് ഐഎസിനെ നിയമിച്ചു. അധികം വൈകാതെ അനുപമയ്ക്ക് വീണ്ടും തദ്ദേശ വകുപ്പിന്റെ ചുമതല നൽകി. ഇപ്പോൾ അനുപമയെ ഫിനാൻസ് (എക്സ്പെൻഡിച്ചർ) സെക്രട്ടറിയായി മാറ്റി നിയമിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയുമുതൽ അവതാളത്തിലായതാണ് വൈദ്യുതി വകുപ്പ്. ടെൻഡറും റെഡുലേറ്ററി കമീഷണന്റെ അനുവാദവും ഇല്ലാതെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള സർക്കാരിന്റെ നീക്കം എതിർത്തതോടെ എം ജി രാജമാണിക്യത്തെ കെഎസ്ഇബി സിഎംഡി സ്ഥാനത്തുനിന്ന് തെറിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ അടുപ്പക്കാരനായ എൻ പ്രശാന്തിനെയാണ് ഇപ്പോൾ കെഎസ്ഇബി ചെയർമാനാക്കിയിരിക്കുന്നത്.
ആഭ്യന്തര, വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലമിനെ ധനവകുപ്പിലേക്ക് മാറ്റി. അഞ്ച് മാസത്തിനിടെ നാലാമത്തെ വകുപ്പാണ് മിൻഹാജിന്.
സർക്കാരിന്റെ അവിശുദ്ധ നീക്കങ്ങൾക്ക് വഴങ്ങാത്തതാണ് അടിക്കടിയുള്ള സ്ഥാനമാറ്റങ്ങൾക്ക് കാരണം. മന്ത്രിമാരുടെ അനാവശ്യ സമ്മർവും വീഴ്ചകൾ തുറന്നുകാണിക്കുന്നതും പ്രതികാര നടപടിക്കിടയാക്കുന്നു. തലങ്ങും വിലങ്ങുമുള്ള മാറ്റത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരിലും കടുത്ത അതൃപ്തിയുണ്ട്.









0 comments