ഗൾഫ് പുരസ്‌കാരത്തിളക്കത്തിൽ ‘സഹേൽ’; കുവൈത്തിന് ഇരട്ട നേട്ടം

കുവൈത്ത് സിറ്റി: ബഹ്‌റൈനിൽ നടന്ന ഏഴാമത് ഗൾഫ് ഡിജിറ്റൽ ഗവൺമെന്റ് അവാർഡിൽ ഇരട്ട നേട്ടവുമായി കുവൈത്ത്. സർക്കാർ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ആപ്പായ ‘സഹേൽ’ മികച്ച സമഗ്ര സർക്കാർ ആപ്പിനുള്ള പുരസ്‌കാരം നേടി. നവജാത ശിശുക്കളുമായി ബന്ധപ്പെട്ട സർക്കാർ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്ന ‘ന്യൂബോൺ ജേർണി’ മികച്ച സർക്കാർ ഡിജിറ്റൽ സേവന വിഭാഗത്തിൽ മികവിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിലും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലും കുവൈത്ത് കൈവരിച്ച പുരോഗതിക്കുള്ള അംഗീകാരമാണ് ഇരട്ട നേട്ടമെന്ന് വാർത്താവിനിമയ, വിവരസാങ്കേതിക സഹമന്ത്രിയും ആക്ടിങ് വാർത്താവിതരണ, സാംസ്‌കാരിക മന്ത്രിയുമായ ഒമർ അൽ ഒമർ പറഞ്ഞു. പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ലഭ്യമാക്കാനുള്ള കൂട്ടായ സർക്കാർ പ്രവർത്തനത്തിന്റെ വിജയമാണിതെന്നും അദ്ദേഹം കുവൈത്ത് വാർത്താ ഏജൻസിയായ കുനയോട് വ്യക്തമാക്കി.
ഡിജിറ്റൽ പരിവർത്തനത്തിന് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ് എന്നിവർക്ക് മന്ത്രി നേട്ടം സമർപ്പിച്ചു. സർക്കാർ സേവനങ്ങളെ ഒരൊറ്റ ആപ്പിൽ ലഭ്യമാക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുടെ നടപടിക്രമങ്ങൾ പരസ്പരം ബന്ധിപ്പിച്ച് ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പമാക്കുകയെന്ന ലക്ഷ്യവും സഹേലിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
നീതി, ആരോഗ്യം, ആഭ്യന്തരം, വാണിജ്യ–വ്യവസായ മന്ത്രാലയങ്ങൾ, സിവിൽ ഇൻഫർമേഷൻ അതോറിറ്റി, മാൻപവർ അതോറിറ്റി, സിവിൽ സർവീസ് ബ്യൂറോ എന്നീ ഏഴ് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ‘ന്യൂബോൺ ജേർണി’ നടപ്പാക്കിയത്. നവജാത ശിശുവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ ഓരോ വകുപ്പിനെയും പ്രത്യേകം സമീപിക്കേണ്ട സാഹചര്യം കുറച്ച് കുടുംബങ്ങൾക്ക് സേവനങ്ങൾ ഏകോപിതമായി ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നിലവിൽ 42 സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ സഹേലിലൂടെ ലഭ്യമാണെന്ന് ആപ്പിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ കേണൽ ബഷാർ അൽ സയ്യിദ് ഹാഷിം അറിയിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കിയതും സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള വിവര കൈമാറ്റം മെച്ചപ്പെടുത്തിയതുമാണ് നേട്ടത്തിന് വഴിയൊരുക്കിയത്. രേഖകൾ ആവർത്തിച്ച് സമർപ്പിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും ഉപയോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും ഇതിലൂടെ കഴിയുന്നതായും അദ്ദേഹം പറഞ്ഞു.
വരുംഘട്ടത്തിൽ കൂടുതൽ സേവനങ്ങൾ ഏകോപിപ്പിച്ച് ലഭ്യമാക്കുന്നതിനൊപ്പം നിർമിതബുദ്ധിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഉപയോക്താക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് ആപ്പിന്റെ ഉപയോഗസൗകര്യവും സേവനങ്ങളുടെ ഗുണനിലവാരവും തുടർച്ചയായി മെച്ചപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.









0 comments