Deshabhimani

ബഹുമുഖപ്രതിഭ; നരേന്ദ്രപ്രസാദിന്റെ ഓർമകൾക്ക് 23 വർഷം

narendraprasad
വെബ് ഡെസ്ക്

Published on Nov 03, 2026, 05:03 PM | 1 min read

നടൻ, നിരൂപകൻ, സാഹിത്യകാരൻ, അധ്യാപകൻ എന്നീ നിലകളിൽ സാംസ്‌കാരികരം​ഗത്ത് നിറഞ്ഞുനിന്ന അതുല്യപ്രതിഭ ആർ നരേന്ദ്രപ്രസാദിന്റെ ഓർമകൾക്ക് 23 വർഷം. തലമുറകളെ പ്രചോദിപ്പിച്ച നടനായി തിളങ്ങിയതിനുപുറമെ നാടകകൃത്തായും സംവിധായകനായും സാംസ്കാരിക ലോകത്തിന് സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു നരേന്ദ്രപ്രസാദ്. ഏകലവ്യൻ എന്ന സിനിമയിലെ അമൂർത്താനന്ദജി എന്ന സ്വാമിയുടെ വേഷത്തിലെത്തി മലയാള സിനിമയിലെ പ്രതിനായകവേഷത്തിന് പുതുവഴി തെളിച്ച നടനാണ്. അഭിനയത്തിലെ സ്വാഭാവികതയും ഗാംഭീര്യമുള്ള ശബ്ദവും സംഭാഷണാവതരണത്തിലെ പ്രത്യേക ശൈലിയും നരേന്ദ്രപ്രസാദിനെ ശ്രദ്ധേയനാക്കി.


കോളജ് അധ്യാപകനായിരിക്കെ, എണ്‍പതുകളിലാണ് നാടകരംഗത്ത് നരേന്ദ്രപ്രസാദ് സജീവമാകുന്നത്. മാവേലിക്കര ബിഷപ‌് മൂർ കോളേജിലാണ് അധ്യാപനജീവിതം ആരംഭിച്ചത്. നാട്യഗൃഹം എന്ന നാടകവേദി സ്ഥാപിച്ചു. നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ 'സൗപർണിക' എന്ന നാടകം ശ്രദ്ധേയമായിരുന്നു.


1989ല്‍ ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന സിനിമയിലൂടെയാണ് രം​ഗപ്രവേശം. വില്ലനായും സഹനടനായുമെല്ലാം നൂറിലധികം സിനിമകളിൽ നിറഞ്ഞാടി. 'തലസ്ഥാനം' എന്ന ചിത്രത്തിലെ കഥാപാത്രം നിർണായകമായി. 'ഏകലവ്യൻ' എന്ന ചിത്രത്തിലെ സ്വാമി അമൂർത്താനന്ദ എന്ന കഥാപാത്രം മലയാള സിനിമയിലെ വേറിട്ട വില്ലൻ വേഷങ്ങളിലൊന്നായി മാറി.


സ്ഥലത്തെ പ്രധാന പയ്യൻസ്', 'യാദവം', 'ആറാം തമ്പുരാൻ', 'ഉസ്താദ്', 'വാഴുന്നോർ', 'പൈതൃകം', 'മേലേപ്പറമ്പിൽ ആൺവീട്', 'അനിയൻ ബാവ ചേട്ടൻ ബാവ', 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്', 'സൂസന്ന' തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയമികവിന് ഉദാഹരണങ്ങളാണ്. വില്ലൻ വേഷങ്ങൾക്കൊപ്പം അച്ഛനായും അധികാരിയായും ഹാസ്യസ്വഭാവമുള്ള കഥാപാത്രങ്ങളായും അദ്ദേഹം തിളങ്ങി. 'പൈതൃകം' എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. നിരവധി സിനിമകളിൽ ഡബ്ബിങ് ആർടിസ‌്റ്റായും പ്രവർത്തിച്ച നരേന്ദ്രപ്രസാദ് എംജി സർവകലാശാല സ‌്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക‌്ടർ എന്ന നിലയിലും പ്രവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home