Deshabhimani

ഇറാനിൽ മൂന്നിടങ്ങളിൽ മിസൈലാക്രമണം; വോട്ടെടുപ്പ് ദിനം മറയാക്കി യുഎസ് നീക്കം

strike
വെബ് ഡെസ്ക്

Published on Nov 03, 2026, 05:03 PM | 1 min read

ടെഹ്റാൻ: അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇറാനെതിരെ തുടര്‍ മിസൈൽ ആക്രമണങ്ങൾ. നഷ്ടങ്ങൾ മാത്രം രേഖപ്പെടുത്തിയ യുദ്ധത്തിന്റെ പേരിൽ തിരിച്ചടി നേരിടുന്ന ട്രംപ് ഭരണ കൂടം അപ്രതീക്ഷിത നീക്കങ്ങളിലൂടെയാണ് ജനവിധിക്ക് തൊട്ട് മുൻപ് മിന്നൽ ആക്രമണങ്ങൾക്ക് തുടക്കമിട്ടത്.


തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഖെഷ്ം, ഹെംഗാം ദ്വീപുകളിലും പ്രധാന കരപ്രദേശമായ ബന്ദർ അബ്ബാസിലും ഭൂഖണ്ഡാന്തര മിസൈലുകൾ പ്രയോഗിച്ചു. വൻ സ്ഫോടനങ്ങൾ നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് വരെ ആക്രമണം നിര്‍ത്തി വെച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.


ഇറാൻ ആക്രമണങ്ങൾക്ക് പ്രതികരണം എന്ന നിലയിലാണ് പുതിയ നീക്കത്തെ വിശദീകരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിൽ യു എസ് വിമാനങ്ങൾക്ക് നേരെ ഇറാൻ ഉപരിതല മിസൈലുകൾ പ്രയോഗിച്ചതായി യു എസ് ഉദ്യോസ്ഥനെ ഉദ്ധരിച്ച് വാര്‍ത്തകൾ പുറത്തു വന്നു. നേരത്തെ അമേരിക്ക പ്രഖ്യാപിത ലക്ഷ്യങ്ങളാണ് ആക്രമണത്തിന് തെരഞ്ഞെടുത്തിരുന്നത്. അയ്യായിരത്തോളം യു എസ് സൈനികരും വിമാനവാഹിനിക്കപ്പലുകളും ഇപ്പോൾ കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്.


ഇതിനിടയിലും സമാധാന ചര്‍ച്ചകൾ പുരോഗമിക്കയാണെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ആവര്‍ത്തിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാനും യു.എസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാനും 2 ദിവസത്തെ പദ്ധതിക്ക് തയാറാണെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.


Related News

നെതന്യാഹു തന്ത്രവും


ഇതിനിടെ അമേരിക്കൻ തെരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിടാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നതന്യാഹു ട്രംപിന് മേൽ സമ്മർദ്ദം തുടരുന്നതായി വാര്‍ത്തകൾ പുറത്തു വന്നിരുന്നു. ഇസ്രായേലിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട നതന്യാഹുവിന് അടിയന്തര സർക്കാരുണ്ടാക്കാൻ ഇത് മറയാക്കുക എന്ന ലക്ഷ്യവും വിലയിരുത്തപ്പെട്ടു.


യു എസിന് ശക്തവും യുക്തിസഹവുമായ മറുപടി നൽകിയിട്ടുണ്ടെന്നും ഇനി തീരുമാനം അമേരിക്കയുടേതാണെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് വ്യക്തമാക്കി. തങ്ങൾ കടുത്ത പ്രതിരോധ സജ്ജരാണെന്നും യു എസ് തെറ്റായ കണക്കുകൂട്ടലുകൾ നടത്തിയാൽ പുതിയൊരു പോർമുഖം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ പശ്ചിമേഷ്യ വീണ്ടും ലോകത്തിന്റെ ആശങ്കയാവുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home