Deshabhimani

മണ്ഡലകാലത്തിന് നാളുകൾ ബാക്കി

കാടുപിടിച്ചും ചെളിമൂടിയും ഇടത്താവളങ്ങൾ; ശബരിമല തീർഥാടകർക്ക് മുന്നിൽ കഠിന പാത

Sabarimala Pilgrims

അടിസ്ഥാന സൗകര്യവും ഒരുക്കാതെ കിടക്കുന്ന പത്തനംതിട്ട നഗരസഭ ഇടത്താവളം, എരുമേലി - റാന്നി റോഡിൽ വലിയമ്പലത്തിന് എതിർവശത്തുള്ള നടപ്പാത കാടുമൂടിയ നിലയിൽ

വെബ് ഡെസ്ക്

Published on Nov 03, 2026, 04:02 PM | 2 min read

തിരുവനന്തപുരം: മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമല തീർഥാടകർക്കായുള്ള മുന്നൊരുക്കങ്ങളിലും അടിമുടി പാളിച്ച. തീർഥാടന കാലം പടിവാതിൽക്കലെത്തിയിട്ടും ഇടത്താവളങ്ങളിൽ ഭക്തർക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ എങ്ങുമെത്തിയില്ല. പലയി‌ടത്തും കാടുപിടിച്ചും ചെളിമൂടിയും കിടക്കുകയാണ്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ സൗകര്യങ്ങൾ തീർഥാടകർക്കായി ഒരുക്കുമെന്ന പ്രഖ്യാപനങ്ങൾ വാക്കുകളിൽ ഒതുങ്ങി.


കഴിഞ്ഞ മണ്ഡലകാലത്ത് വണ്ടിപ്പെരിയാർ– സത്രം പുല്ലുമേട് വഴി ശബരിമലയിലേക്ക് പോയത് ഒരു ലക്ഷത്തിലധികം തീർഥാടകരാണ്. ഇത്തവണ കൂടുതൽ പേർ ഇതു വഴി സന്നിധാനത്തേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കലക്ടർ യോ​ഗം വിളിച്ചത്. എന്നാൽ മുന്നൊരുക്കങ്ങളുടെ കാര്യത്തിൽ യോ​ഗത്തിലും തീരുമാനമായില്ല. ചുരുക്കത്തിൽ, മണ്ഡലകാലത്ത് ശബരിമല തീർഥാടകരെ കാത്തിരിക്കുന്നത് ദുരിതയാത്രയായിരിക്കും.


ഏറ്റവും കൂടുതൽ തീർഥാടകർ ആശ്രയിക്കുന്ന പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള നഗരമധ്യത്തിലെ ഇടത്താവളത്തിലും സ്ഥിതി സമാനമാണ്. ഇതുവരെ ഇവിടെ സൗകര്യങ്ങൾ ഒരുക്കാൻ ന​ഗരസഭയോ അധികൃതരോ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഇവിടെ വലിയ വെള്ളക്കെട്ടും രൂപപ്പെട്ടു. ദിവസവും ആയിരക്കണക്കിന്‌ തീർഥാടകർ വന്നുപോകുന്ന ഇടത്താവളമാണ്‌ പത്തനംതിട്ടയിലേത്‌. രണ്ടാഴ്ച പോലും ഇല്ലാത്ത സാഹചര്യത്തിൽ ഇനി സ‍ൗകര്യങ്ങൾ ഒരുക്കുക വലിയ വെല്ലുവിളിയാണ്.


Sabarimala Pilgrims എരുമേലി വലിയമ്പലത്തിനു മുന്നിലെ വലിയതോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം


കുടിവെള്ള വിതരണ പൈപ്പുകൾ-ടാങ്കുകൾ എന്നിവയുടെ നവീകരണം, തീർഥാടകർക്ക്‌ വിരിവയ്‌ക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യം, വൈദ്യുതീകരണം, വാഹന പാർക്കിങ്‌ സൗകര്യമൊരുക്കൽ, അന്നദാനത്തിനുള്ള സ‍ൗകര്യം എന്നിവയെല്ലാം ഇനിയുള്ള 12 നാളുകൾ കൊണ്ട് ഒരുക്കിയെടുക്കുക അസാധ്യമാണ്. സതീശൻ സർക്കാരിന്റെ കടുത്ത അലംഭാവമാണ് തീർഥാടകർക്ക് തിരിച്ചടിയാകുന്നത്.


എരുമേലിയിലും സ്ഥിതി സമാനമാണ്. എരുമേലി ധർമശാസ്താ ക്ഷേത്രത്തിലെ പ്രധാന ടെൻഡർ നടപടികൾ ആരംഭിച്ചില്ല. നാളികേരം, ചെണ്ടമേളം, മൈതാനങ്ങൾ, ശൗചാലയങ്ങൾ എന്നിവയുടെ ടെൻഡറാണ്‌ നടക്കാത്തത്. സർക്കാർ വകുപ്പുകളുടെ ഏകോപനം ഇല്ലാത്തതാണ്‌ ഈ പ്രതിസന്ധിയ്ക്ക് കാരണം.


വലിയമ്പല വളപ്പിലെ അന്നദാനമണ്ഡപത്തിന്റെ ഭാഗത്തുനിന്നെടുത്ത 200 ലോഡ് മണ്ണ് ദേവസ്വം സ്‌കൂൾ വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശബരിമല നട തുറക്കുന്നതിന്‌ മുന്നോടിയായി ഈ മണ്ണ് നീക്കാൻ തീരുമാനിച്ചെങ്കിലും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി ഫണ്ട്‌ ഉപയോഗിച്ച്‌ പണിത അന്നദാനമണ്ഡപം തുറക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ നിർദേശം നൽകിയെങ്കിലും അഗ്നിശമന സേനയുടെ അനുമതി ലഭിച്ചിട്ടില്ല.


Sabarimala Pilgrims എരുമേലി - റാന്നി റോഡിൽ വലിയമ്പലത്തിന് എതിർവശത്തുള്ള നടപ്പാത കാടുമൂടിയ നിലയിൽ


വലിയമ്പലത്തിന്‌ മുന്നിലെ വലിയതോട്ടിൽ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയുടെ സഹായത്തോടെ ചെളിയും മണലും നീക്കിത്തുടങ്ങിയത്‌ ഇപ്പോഴാണ്‌. ഇവിടെ തീർഥാടകർക്ക് ഇടമൊരുക്കുക കനത്ത വെല്ലുവിളിയാണ്. എരുമേലി പേട്ടക്കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് ഇടയ്‌ക്കിടെ മാത്രമാണ്‌ കത്തുന്നത്‌. എരുമേലി ക്ഷേത്രപരിസരത്തെ അറ്റകുറ്റപ്പണികളും ശുചീകരണവും നടത്തിയിട്ടില്ല. പലയിടത്തും കാടു മൂടി കിടക്കുകയാണ്. നടപ്പാതകളുടെ ഇരുവശങ്ങളും പുല്ലുകൾ വളർന്ന് നടക്കാൻ കഴിയാത്ത വിധം കാടുകയറി. ഇവിടം ഇഴജന്തുക്കളുടെ വാസകേന്ദ്രമായി മാറിയിരിക്കുകയാണ്.


പാസ് വിതരണത്തിൽ പോലും ആശങ്ക തുട‌രുകയാണ്. സത്രം വഴിയുള്ള എൻട്രൻസ് പൊലീസ്‌ പാസ്‌ വാളാർഡിയിലും വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ്‌ സ്റ്റാൻഡിലും ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതെല്ലാം വെറും വാക്കുകളായി. കഴിഞ്ഞ തവണ കെഎസ്ആർടിസി ബസിൽ എത്തുന്ന തീർഥാടകർ വാളാർഡിയിൽ പോയി പാസ് എടുത്ത് തിരികെ സത്രത്തിലേക്ക് പോകേണ്ട സാഹചര്യമുണ്ടായിരുന്നു. ഇത് കൂടുതൽ ഗതാഗതകുരുക്കും തീർഥാടകർക്ക് ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടുണ്ട്‌. ഇത്തവണ രണ്ട്‌ കേന്ദ്രങ്ങളിൽ സ്ഥലത്ത് പാസ് എടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം വന്നെങ്കിലും നിലവിൽ ഒരു കേന്ദ്രത്തിൽ മാത്രമാണുള്ളത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home