Deshabhimani

ഡൽഹിയിലെ പൊലീസ് പ്രക്ഷോഭം:അസി.കമ്മീഷണര്‍ക്ക് സസ്പെൻഷൻ

acp
വെബ് ഡെസ്ക്

Published on Nov 03, 2026, 04:09 PM | 1 min read

ന്യുഡൽഹി: സസ്പെൻഷനെതിരെ കൂട്ടായി പ്രതിഷേധിച്ച പൊലീസുകാര്‍ക്ക് ഒപ്പം ചേര്‍ന്ന് സമരം ചെയ്ത ഡൽഹി എസിപിക്ക് സസ്പെൻഷൻ. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് മനസ്വി വസിഷ്ഠിനെയാണ് സസ്പെൻഡ് ചെയ്തത്. ഡൽഹി പൊലീസ് വിവരം ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ല.


ഷാഹ്ദാര പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരുമായി ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എസിപി മനസ്വി വസിഷ്ഠ്, ഷാഹ്ദര എസ്എച്ച്ഒ ഇൻസ്പെക്ടർ അരുൺ കുമാർ എന്നിവരാണ് നടപടി നേരിട്ടത്. ഇതിനെതിരായി നടന്ന പ്രക്ഷോഭത്തിൽ എസിപിയും പങ്കെടുത്തതാണ് നടപടിക്ക് കാരണമായിരിക്കുന്നത്.


തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിൽ നൂറ്റമ്പതോളം പേരാണ് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ യൂണിഫോം ധരിച്ച് എത്തി പ്രതിഷേധിച്ചത്. വനിതാ ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുത്തു. "യൂണിഫോമിനെ അപമാനിക്കുന്നത് സഹിക്കില്ല" (വർദി കാ അപമാൻ നഹീ സഹേംഗേ) എന്നെഴുതിയ പ്ലക്കാർഡുകളേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു സമരം. മാധ്യമങ്ങൾ എല്ലാം ഇത് പ്രക്ഷേപണം ചെയ്തതോടെ ഡൽഹി പൊലീസ് സംവിധാനത്തിന് വലിയ അപമാനമായി.


പ്രതിഷേധകര്‍ മുഖ്യ കമ്മീഷണർ അനുരാഗ് കുമാറുമായി കൂടിക്കാഴ്ച നടത്തി അഞ്ച് ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു. ഷാഹ്ദര സംഭവത്തിൽ ഉൾപ്പെട്ട അഭിഭാഷകർക്കെതിരെ നടപടി എടുക്കുക, ഗുണ്ടായിസം കാണിക്കുന്ന അഭിഭാഷകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക എന്നിവ ഉൾപ്പെടുന്നതായിരുന്നു ആവശ്യങ്ങൾ. ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ്മ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും കമ്മീഷണറുമായി നേരിട്ട് "സമ്പർക്ക് സഭ" നടത്തണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നു. പ്രശ്നം വലിയ അച്ചടക്ക ലംഘനമായി. ഇതിന് തുടര്‍ച്ചയായാണ് ഇന്നത്തെ സസ്പെൻഷൻ നടപടി.


2019-ൽ തീസ് ഹസാരി കോടതിയിലെ പാർക്കിംഗ് തർക്കത്തെ തുടർന്ന് അഭിഭാഷകർ പൊലീസുകാരെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. അന്ന് രണ്ടായിരത്തിലധികം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പഴയ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നടത്തിയ വൻ പ്രതിഷേധം അരങ്ങേറി. ഇതിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ സംഭവം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home