ad
Deshabhimani

print edition പൊൻ ബാറ്റ്

Cricket.jpg
വെബ് ഡെസ്ക്

Published on Sep 23, 2026, 12:13 AM | 2 min read

നിഷിൻ (ജപ്പാൻ): ശ്രീലങ്കയെ എരിച്ച്‌ ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ്‌ വേദിയിൽ പൊൻപതക്കങ്ങളായി. വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ഫൈനലിലെ ഏകപക്ഷീയമായ പോരിൽ 147 റണ്ണിനാണ്‌ ജയം. ഹർമൻപ്രീത്‌ ക‍ൗറും സംഘവും നേടുന്ന തുടർച്ചയായ രണ്ടാം സ്വർണമാണ്‌.


ബാറ്റിൽ പ്രഹരിച്ചശേഷം പന്തുകൊണ്ട്‌ ലങ്കയെ ചുരുട്ടിക്കെട്ടുകയായിരുന്നു. ദിവസങ്ങൾക്ക്‌ മുന്പ്‌ നടന്ന ഏഷ്യാ കപ്പ്‌ ഫൈനലിന്റെ തനിയാവർത്തനമായി ഏഷ്യൻ ഗെയിംസ്‌ കലാശപ്പോരും.

സ്‌കോർ: ഇന്ത്യ 216/3; ശ്രീലങ്ക 69 (15.4).


നിഷിൻ നഗരത്തിലെ കൊറോഗി സ്‌പോർട്‌സ്‌ പാർക്കിലായിരുന്നു ഇന്ത്യ–ലങ്ക ഫൈനൽ. മഴയുടെ ആശങ്ക മാറി ആകാശം തെളിഞ്ഞപ്പോൾ ടോസ്‌ കിട്ടിയ ഹർമൻപ്രീത്‌ ബ‍ാറ്റർമാരെ കളത്തിലേക്ക്‌ വിട്ടു. സ്‌മൃതി മന്ദാനയും ഷഫാലി വർമയും കൊടുങ്കാറ്റായി. മന്ദാന 45 പന്തിൽ 79 റണ്ണെടുത്തു. ഏഴ്‌ കൂറ്റൻ സിക്‌സറും അഞ്ച്‌ ഫോറും. സെമിയിലെ സെഞ്ചുറിക്കാരി ഷഫാലി മൂന്ന്‌ വീതം സിക്‌സറും ഫോറും ഉൾപ്പെടെ അടിച്ചുകൂട്ടിയത്‌ 29 പന്തിൽ 48 റൺ. അവസാന ഓവറുകളിൽ റിച്ചാ ഘോഷ്‌ (22 പന്തിൽ 49*) തകർത്താടി. മൂന്ന്‌ സിക്‌സർ, ആറ്‌ ഫോർ. ആകെ 13 സിക്‌സറുകളാണ്‌ ഇന്ത്യൻ ബാറ്റർമാർ തൊടുത്തത്‌.


മന്ദാന–ഷഫാലി സഖ്യം ആറോവറിൽ 67 റണ്ണെടുത്തപ്പോഴേ ലങ്ക അപകടം മണത്തു. ക്യാപ്‌റ്റൻ ചമാരി അത്തപ്പത്തുവിന്റെ ആദ്യ ഓവറിൽ മൂന്ന്‌ സിക്‌സറാണ്‌ ഷഫാലി പറത്തിയത്‌. പത്താം ഓവറിന്റെ അവസാന പന്തിൽ ഷഫാലിയെ ചാമുദി പ്രബോദ മടക്കുന്പോൾ ഇന്ത്യയുടെ സ്‌കോർ 99ൽ എത്തിയിരുന്നു.


ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ 17 പന്തിൽ 19 റണ്ണുമായി മടങ്ങിയെങ്കിലും മന്ദാനയും ശേഷമെത്തിയ റിച്ചയും ടീമിനെ കൂറ്റൻ സ്‌കോറിലേക്ക്‌ നയിച്ചു. ഭാർതി ഫുൽമാലിയുമായി (7) ചേർന്ന്‌ നാലാം വിക്കറ്റിൽ 19 പന്തിൽ 53 റണ്ണാണ്‌ റിച്ച കൂട്ടിച്ചേർത്തത്‌. ഏഷ്യൻ ഗെയിംസ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറും പിറന്നു.


ലങ്കയുടെ മറുപടി പരിതാപകരമായിരുന്നു. നാലോവറിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ ആറ്‌ റൺ മാത്രം വിട്ടുകൊടുത്ത്‌ മൂന്ന്‌ വിക്കറ്റെടുത്ത ദീപ്‌തി ശർമ ലങ്കയുടെ എല്ലാ വഴിയുമടച്ചു. ബാറ്റിൽ തിളങ്ങിയ ഷഫാലി പന്തിലും മിടുക്കിയായി. രണ്ടോവറിൽ മൂന്ന്‌ റൺ വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റ്‌. ശ്രീചരണിയും ശ്രേയങ്ക പാട്ടീലും രണ്ട്‌ വീതം വിക്കറ്റെടുത്തു.

21 പന്തിൽ 29 റണ്ണെടുത്ത ചാമരിയാണ്‌ ടോപ്‌ സ്‌കോറർ. മൂന്ന്‌ പേരാണ്‌ രണ്ടക്കം കണ്ടത്‌.


ബംഗ്ലാദേശിനെ 31 റണ്ണിന്‌ തോൽപ്പിച്ച്‌ പാകിസ്ഥാൻ വെങ്കല മെഡൽ നേടി. പുരുഷന്മാരുടെ ക്രിക്കറ്റ്‌ നാളെ തുടങ്ങും. നേരിട്ട്‌ ക്വാർട്ടറിലെത്തിയ ഇന്ത്യയുടെ കളി 28നാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home