ബംഗളൂരു ത്രില്ലർ

ബംഗളൂരു : തുടർത്തോൽവികളുമായി ചെന്നൈ സൂപ്പർ കിങ്സ് മറഞ്ഞുപോകുന്നു. വിജയത്തിനരികെനിന്നും അവിശ്വസനീയമായി തകർന്നടിയുന്ന ‘ചെന്നൈ ദുരന്തം’ ആവർത്തിച്ചപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎൽ ക്രിക്കറ്റിൽ രണ്ട് റൺ ജയവുമായി ഒന്നാംസ്ഥാനത്തേക്ക് കുതിച്ചു. പതിനേഴുകാരൻ ആയുഷ് മാത്രെ 48 പന്തിൽ 94 റണ്ണടിച്ച് വിജയത്തിന് പടിക്കലെത്തിച്ചെങ്കിലും 45 പന്തിൽ 77 റണ്ണുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയ്‌ക്കും മഹേന്ദ്രേസിങ് ധോണിക്കും(12) അവസാന ഓവറിൽ ലക്ഷ്യം സാധ്യമായില്ല. സ്‌കോർ: ബംഗളൂരു 213/5, ചെന്നൈ 211/5.
യാഷ് ദയാൽ എറിഞ്ഞ അവസാന ഓവറിൽ ചെന്നൈയ്‌ക്ക് ജയിക്കാൻ ആറ് വിക്കറ്റ് ശേഷിക്കെ 15 റൺ മതിയായിരുന്നു. ജഡേജയും ധോണിയും തപ്പിത്തടഞ്ഞു. ധോണി പുറത്തായതോടെ എത്തിയ ശിവം ദുബെയ്‌ക്കും(8) വിജയത്തിലേക്ക് പന്തടിക്കാനായില്ല. ചെന്നൈയ്‌ക്ക് നേടാനായത് 12 റൺ. ഈ സീസണിൽ അരങ്ങേറിയ മുംബൈക്കാരനായ ആയുഷിന്റെ കൂറ്റനടികളാണ് ജയത്തിന് അടുത്തെത്തിച്ചത്. അതിൽ അഞ്ച് സിക്‌സറും ഒമ്പത് ഫോറുമുണ്ടായിരുന്നു.
വീണ്ടും അർധസെഞ്ചുറിമായി വിരാട് കോഹ്‌ലി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നയിച്ചു. 33 പന്തിൽ 62 റൺ. അഞ്ചുവീതം ഫോറും സിക്‌സറും. 11 കളിയിൽ ഏഴാമത്തെ അർധസെഞ്ചുറി. തുടർച്ചയായി നാലാമത്തേത്. അവസാന രണ്ട് ഓവറിൽ അടിച്ചുപറത്തിയ റൊമാരിയോ ഷെപ്പേർഡ് 14 പന്തിൽ പുറത്താവാതെ 53 റണ്ണടിച്ചത് സ്‌കോർ ഉയർത്തി.
ഓപ്പണർമാരായ കോഹ്‌ലിയും ജേക്കബ് ബെത്തലും തകർപ്പൻ തുടക്കമായിരുന്നു. ഇംഗ്ലണ്ടിൽനിന്നുള്ള ഇരുപത്തൊന്നുകാരൻ ബെത്തൽ 33 പന്തിൽ 55 റൺ കുറിച്ചു.
വെസ്‌റ്റിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡ് അവസാന രണ്ട് ഓവറിൽ ചെന്നൈ കൂടാരം പൊളിച്ചടുക്കി. പത്തൊമ്പതാം ഓവർ എറിഞ്ഞ ഖലീൽ അഹമ്മദ് ഈ രാത്രി മറക്കാനാവും ആഗ്രഹിക്കുക. നാല് സിക്‌സറും രണ്ട് ഫോറും അടക്കം 33 റൺ. അവസാന ഓവർ എറിഞ്ഞ പതിരണയും തല്ലുകൊണ്ടു. ഈ ഓവറിൽ 21 റൺ. ആറ് സിക്‌സറും നാല് ഫോറും നിറഞ്ഞ ഇന്നിങ്സ്.









0 comments