ad
Deshabhimani

print edition അകത്തോ പുറത്തോ; കൊൽക്കത്തയിൽ ഇന്ന്‌ ഇന്ത്യ x വിൻഡീസ്‌

indian team practice

ഇന്ത്യൻ ടീം കൊൽക്കത്തയിൽ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Mar 01, 2026, 12:15 AM | 1 min read

കൊൽക്കത്ത: ഇന്ത്യയും വെസ്‌റ്റിൻഡീസും മരണമുഖത്താണ്‌. ആര്‌ അതിജീവിക്കുമെന്ന്‌ ഇന്നറിയാം. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പർ എട്ടിലെ നിർണായക മത്സരം കൊൽക്കത്ത ഇ‍ൗഡൻ ഗാർഡനിൽ രാത്രി ഏഴിന്‌ നടക്കും. ജയിക്കുന്നവർ സെമിയിലേക്ക്‌ മുന്നേറും. തോൽക്കുന്നവർക്ക്‌ മടങ്ങാം. കളി ഉപേക്ഷിക്കേണ്ടിവന്നാൽ വിൻഡീസ്‌ കടക്കും.


ഇരുടീമുകൾക്കും രണ്ട്‌ പോയിന്റാണുള്ളത്‌. റൺനിരക്കിൽ വിൻഡീസ്‌ മുന്നിലാണ്‌. റൺനിരക്ക്‌ +1.791 ആണ്‌. ഇന്ത്യയുടേത്‌ -– 0.100. ദക്ഷിണാഫ്രിക്കയോട്‌ 76 റണ്ണിന്‌ തോറ്റതാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌. സിംബാബ്‌വേയെ 72 റണ്ണിന്‌ കീഴടക്കി പ്രതീക്ഷ നിലനിർത്തി. വിൻഡീസ്‌ ആഫ്രിക്കക്കാരോട്‌ ഒമ്പത്‌ വിക്കറ്റിനാണ്‌ തോറ്റത്‌. സിംബാബ്‌വേക്കെതിരെ 107 റൺ ജയമുണ്ട്‌. ഗ്രൂപ്പ്‌ ഒന്നിൽനിന്ന്‌ രണ്ട്‌ ജയത്തോടെ ദക്ഷിണാഫ്രിക്ക സെമിയിലെത്തിയിട്ടുണ്ട്‌. ഇന്ന്‌ പകൽ മൂന്നിന്‌ അവസാന മത്സരത്തിൽ സിംബാബ്‌വേയെ നേരിടും. ഡൽഹിയിൽ നടക്കുന്ന കളി ജയിച്ചാൽ ഗ്രൂപ്പിൽ ഒന്നാമതാകും.


സിംബാബ്‌വേക്കെതിരെ കളിച്ച ടീമിനെ ഇന്ത്യ നിലനിർത്താനാണ്‌ സാധ്യത. സഞ്‌ജു സാംസണും അഭിഷേക്‌ ശർമയും ഓപ്പണർമാരായെത്തും. ഇഷാൻ കിഷൻ, ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌, ഹാർദിക്‌ പാണ്ഡ്യ എന്നിവർക്കുശേഷം ഫിനിഷറുടെ റോളിലാകും തിലക്‌ വർമ. ബാറ്റിങ്നിര ഫോമിലേക്ക് ഉയർന്നത് ആശ്വാസം നൽകിയിട്ടുണ്ട്. പുതിയ പന്തെടുക്കാൻ ജസ്‌പ്രീത്‌ ബുമ്രയും അർഷ്‌ദീപ്‌ സിങ്ങുമുണ്ട്‌. സ്‌പിന്നർമാരായി വരുൺ ചക്രവർത്തിയും അക്‌സർപട്ടേലും കളത്തിലെത്തും. ശിവം ദുബെയും ടീമിലുണ്ടാകും.


ക്യാപ്‌റ്റൻ ഷായ്‌ ഹോപും ഷിമ്രോൺ ഹെറ്റ്‌മയറുമാണ്‌ വിൻഡീസ്‌ നിരയിലെ പ്രധാനികൾ. ഹെറ്റ്‌മയർ ആറ്‌ കളിയിൽ 221 റണ്ണടിച്ചിട്ടുണ്ട്‌. റൊമാരിയോ ഷെപ്പേർഡും ജാസൺ ഹോൾഡറും അപകടകാരികളായ ഓൾറ‍ൗണ്ടർമാരാണ്‌. സ്‌പിന്നറായി ഗുഡകേഷ്‌ മോട്ടിയുണ്ട്‌.

നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ 2007ലും കിരീടം നേടിയിട്ടുണ്ട്‌. വിൻഡീസ്‌ 2012ലും 2016ലും കപ്പടിച്ചു. ഇരുടീമുകളും 30 തവണ ട്വന്റി20യിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 19 എണ്ണം ജയിച്ചു. വിൻഡീസ്‌ 10. എന്നാൽ ലോകകപ്പിലെ നാല്‌ കളിയിൽ മൂന്നും വിൻഡീസ്‌ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home