ad
Deshabhimani

സഞ്‌ജുവിന്‌ പകരം ലോകകപ്പിൽ ഇഷാൻ കിഷൻ 
വിക്കറ്റ്‌ കീപ്പറാകും

print edition ഇതാ ലോകകപ്പ്‌ ടീം

india world cup cricket team

ന്യൂസിലൻഡിനെതിരായ പരമ്പര ട്രോഫിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

വെബ് ഡെസ്ക്

Published on Feb 03, 2026, 12:15 AM | 2 min read


തിരുവനന്തപുരം

ന്യൂസിലൻഡുമായുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരന്പരയിലെ 4–1ന്റെ ജയത്തോടെ ലോകകപ്പിനുള്ള ഒരുക്കം ഇന്ത്യ ഗംഭീരമാക്കി. കിവീസിന്റെ പ്രധാന കളിക്കാരിൽ പലരും ഇറങ്ങിയില്ലെങ്കിലും ഇന്ത്യൻ ജയത്തിന്റെ തിളക്കം കുറയുന്നില്ല. ലോകകപ്പിന്‌ മുന്പുള്ള ഏറ്റവും നല്ല ഒരുക്കമാണ്‌ സൂര്യകുമാർ യാദവിനും സംഘത്തിനും കിട്ടിയത്‌. എല്ലാ കളിക്കാരെയും പരീക്ഷിക്കാനായി. ആദ്യ പതിനൊന്നിൽ ആരൊക്കെയെന്നതിലും വ്യക്തത കിട്ടി.


പരിക്കുമാറി തിലക്‌ വർമയും വാഷിങ്‌ടൺ സുന്ദറും നാളെ ടീമിനൊപ്പം ചേരും. തിലക് അമേരിക്കയുമായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യൻ എ ടീമിനായി ഇറങ്ങി. ലോകകപ്പിന്‌ മുന്പ്‌ രണ്ട്‌ സന്നാഹ മത്സരങ്ങളാണ്‌ ഇന്ത്യക്ക്‌. ഏഴിന്‌ അമേരിക്കയുമായാണ്‌ ലോകകപ്പിലെ ആദ്യ കളി.


ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ മികവിലേക്ക്‌ തിരിച്ചെത്തിയതാണ്‌ പരന്പരയിലുണ്ടായ ഏറ്റവും വലിയ നേട്ടം. അവസാന 25 കളിയിൽ 12.84 ശരാശരിയിൽ 244 റണ്ണായിരുന്നു ക്യാപ്‌റ്റന്റെ സന്പാദ്യം. പ്രഹരശേഷി 117.87ഉം. ഒരു തവണ പോലും 50 കടക്കാനായില്ല. കിവീസിനെതിരെ മൂന്ന്‌ അർധസെഞ്ചുറികൾ ഉൾപ്പെടെ 242 റണ്ണുമായി പരന്പരയുടെ താരമായാണ്‌ തിരിച്ചുവന്നത്‌. അഞ്ച്‌ കളിയിലെ പ്രഹരശേഷി 196.74ഉം. 82 ആണ്‌ ഉയർന്ന സ്‌കോർ.


മലയാളി താരം സഞ്‌ജു സാംസൺ ലോകകപ്പ്‌ കളിക്കാൻ സാധ്യത കുറവാണ്‌. കിവീസിനെതിരെ അഞ്ച്‌ കളിയിൽ 9.20 ശരാശരിയിൽ 46 റണ്ണാണ്‌ ആകെ നേടിയത്‌. അവസാന കളിയിൽ സഞ്‌ജുവിന്‌ പകരം ഇഷാൻ കിഷൻ വിക്കറ്റ്‌ കീപ്പറുമായി. സെഞ്ചുറിയുമായി തിളങ്ങിയ കിഷൻ ലോകകപ്പിലും വിക്കറ്റിന്‌ പിന്നിൽ തുടരും.


അഭിഷേക്‌ ശർമയ്‌ക്കൊപ്പം ഇന്നിങ്‌സും ആരംഭിക്കും. തിലക്‌ മൂന്നാം നന്പറിൽ കളിക്കും. മൂന്നുപേരും ഇടംകൈയൻമാരാണ്‌. ബാറ്റിങ്‌ നിരയിലെ എട്ടുപേരിൽ ആറും ഇടംകൈയൻമാരാണ്‌. റിങ്കു സിങ്‌, ശിവം ദുബെ, അക്‌സർ പട്ടേൽ എന്നിവർ ഉൾപ്പെടെയാണിത്‌. ഇത്‌ മാത്രമാണ്‌ ബാറ്റിങ്‌ നിരയിലുള്ള ഏക ആശയക്കുഴപ്പം.


സൂര്യകുമാറും ഹാർദിക്‌ പാണ്ഡ്യയും മാത്രമാണ്‌ വലംകൈ ബാറ്റർമാർ.

വാലറ്റത്ത്‌ റിങ്കുവും ദുബെയും സ്ഥാനം ഉറപ്പിച്ചു. റിങ്കു കിട്ടിയ അവസരമെല്ലാം മുതലാക്കി. ദുബെയുടെ പ്രഹരശേഷി 248.93 ആയിരുന്നു കിവീസിനെതിരെ. 23 പന്തിൽ 65 റണ്ണടിച്ചതാണ്‌ മികച്ച പ്രകടനം. സിക്‌സറുകളാണ്‌ പ്രധാന ആയുധം. പന്തെറിഞ്ഞ്‌ നാല്‌ വിക്കറ്റും സ്വന്തമാക്കി.


ബ‍ൗളർമാരിൽ ജസ്‌പ്രീത്‌ ബുമ്രയും അർഷ്‌ദീപ്‌ സിങും പേസ്‌ നിരയിലുണ്ടാകും. അക്‌സറും വരുൺ ചക്രവർത്തിയുമാണ്‌ സ്‌പിന്നർമാർ. ഹാർദിക്കും ദുബെയുമാണ്‌ പന്തെറിയാനുള്ള മറ്റ്‌ രണ്ടുപേർ. അത്യാവശ്യ ഘട്ടങ്ങളിൽ അഭിഷേകിനെയും ഉപയോഗിക്കാം.

ഹർഷിത്‌ റാണയും കുൽദീപ്‌ യാദവും സുന്ദറുമാണ്‌ ബ‍ൗളിങ്‌ നിരയിലെ പകരക്കാർ. തിലകും സുന്ദറും എത്തുന്നതോടെ ശ്രേയസ്‌ അയ്യരും രവി ബിഷ്‌ണോയിയും പുറത്താകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home