print edition ഇഷാൻ ബാറ്റിൽ പരമ്പര

ഇഷാൻ കിഷൻ |Photo:BCCI
ഹരാരെ : സിംബാബ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. തുടർച്ചയായി രണ്ടാം മത്സരത്തിലും തകർപ്പൻ ജയത്തോടെയാണ് നേട്ടം. 90 റൺ ജയത്തോടെ പരമ്പരയിൽ 2–0ന് മുന്നിലെത്തി. അവസാന മത്സരം ഇന്ന് നടക്കും. ഇഷാൻ കിഷൻ 44 പന്തിൽ 81 റണ്ണടിച്ച് ‘മാൻ ഓഫ് ദി മാച്ചായി’. ഇടംകൈയൻ ബാറ്റർ ഒമ്പത് ഫോറും രണ്ട് സിക്‌സറും പറത്തി.
ക്യാപ്‌റ്റനായി ചുമതലയേറ്റശേഷം അയർലൻഡിനെതിരെയും (2–0) ഇംഗ്ലണ്ടിനെതിരെയും (4–0) പരമ്പര നഷ്‌ടമായ ശ്രേയസ് അയ്യർക്ക് വിജയം ആശ്വാസമായി. സ്‌കോർ: ഇന്ത്യ 219/5, സിംബാബ്‌വെ 129 (17.5). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഓപ്പണർമാരായ അഭിഷേക് ശർമയെയും (8 പന്തിൽ 8) വൈഭവ് സൂര്യവംശിയെയും (9 പന്തിൽ 20) മൂന്നാം ഓവറിൽ നഷ്‌ടപ്പെട്ട് പ്രതിസന്ധിയിലായിരുന്നു. തുടർന്നാണ് ഇഷാനും ശ്രേയസ് അയ്യരും (20 പന്തിൽ 25) ഒരുമിച്ചത്. ഇരുവരും ചേർന്ന് 66 റണ്ണടിച്ചു.
എന്നാൽ തിലക് വർമയിലാണ് ഇഷാൻ മികച്ച കൂട്ടുകാരനെ കണ്ടെത്തിയത്. നാലാം വിക്കറ്റിൽ 94 റൺ പടുത്തുയർത്തി. റിങ്കു സിങ് 12 റണ്ണിന് പുറത്തായി. തിലക് 29 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സറുമടിച്ച് 60 റണ്ണുമായി പുറത്താകാതെനിന്നു. ശിവം ദുബെയായിരുന്നു(6) കൂട്ട്.
മറുപടിയിൽ സിംബാബ്‌വെ തളർന്നുപോയി. ഓപ്പണർ ബ്രയാൻ ബെന്നെറ്റ്(32) മാത്രമാണ് പൊരുതിനോക്കിയത്. ഇന്ത്യൻ ബൗളർമാരിൽ അഭിഷേക് ശർമ മൂന്ന് വിക്കറ്റിന്റെ അപ്രതീക്ഷിത നേട്ടമുണ്ടാക്കി. സ്‌പിന്നറായ അഭിഷേക് 2.5 ഓവറിൽ 17 റൺ വിട്ടുകൊടുത്താണ് മിന്നിയത്. പ്രിൻസ് യാദവിനും അരങ്ങേറ്റക്കാരനായ യാഷ് ഠാക്കൂറിനും രണ്ട് വിക്കറ്റ് വീതമുണ്ട്. രവി ബിഷ്‌ണോയിയും ശിവം ദുബെയും തിലക് വർമയും ഓരോന്ന് നേടി.










0 comments