തോൽവികളുടെ പരമ്പര അവസാനിപ്പിക്കാൻ ഇന്ത്യ; സിംബാബ്‌വെക്കെതിരായ ആദ്യ ട്വന്റി20 നാളെ

ടീം ഇന്ത്യ |Photo:BCCI
ഹരാരെ : അയർലൻഡിനെതിരായ 2-0ന്റെ തോൽവിക്കും ഇംഗ്ലണ്ടിനെതിരായ 4-0ന്റെ കനത്ത തിരിച്ചടിക്കും ശേഷം വിജയവഴിയിലേക്ക് തിരികെയെത്താൻ ഒരുങ്ങി ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം. സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടം വ്യാഴാഴ്ച (നാളെ) ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടക്കും.
സൂര്യകുമാർ യാദവിൽ നിന്ന് ട്വന്റി20 നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യർക്ക് തുടക്കം കഠിനമായിരുന്നു. അയ്യരുടെ കീഴിൽ ഇറങ്ങിയ ആദ്യ രണ്ട് പരമ്പരകളിലും ഇന്ത്യ തോൽവി വഴങ്ങി. 2026 ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റും സ്ഥിരം ഓപ്പണറുമായ സഞ്ജു സാംസണിന് ഈ പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.
സഞ്ജുവിന്റെ അഭാവത്തിൽ 15കാരനായ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ജേഴ്സിയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും. ഇംഗ്ലണ്ട് പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന് ആദ്യ മത്സരങ്ങളിൽ ഉയർന്ന സ്കോർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പരമ്പരയിൽ അഭിഷേക് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇഷാൻ കിഷന് ഫോം കണ്ടെത്താനായില്ല.
പ്രിൻസ് യാദവ്, മയങ്ക് യാദവ്, യഷ് ഠാക്കൂർ, അശോക് ശർമ്മ, ഹർഷ് ദുബെ എന്നിവരടങ്ങുന്ന പരിചയസമ്പത്ത് കുറഞ്ഞ ബൗളിംഗ് നിരയ്ക്ക് സ്വന്തം മണ്ണിൽ അപകടകാരികളായ സിംബാബ്‌വെക്കെതിരെ കടുത്ത പരീക്ഷണം നേരിടേണ്ടി വരും. നേർക്കുനേർ കണക്കുകളിൽ ഇന്ത്യക്കാണ് മേൽക്കൈ. ആകെ കളിച്ച 14 മത്സരങ്ങളിൽ 11 എണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ 3 എണ്ണത്തിലാണ് സിംബാബ്‌വെ ജയിച്ചത്.
പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 23 വ്യാഴാഴ്ചയും രണ്ടാം മത്സരം ജൂലൈ 25 ശനിയാഴ്ചയും മൂന്നാം മത്സരം ജൂലൈ 26 ഞായറാഴ്ചയും ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടക്കും. മത്സരങ്ങൾ ഇന്ത്യൻ സമയം വൈകുന്നേരം 4:30നാണ് ആരംഭിക്കുന്നത്.
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ, സൂര്യാംശ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, രവി ബിഷ്ണോയ്, പ്രിൻസ് യാദവ്, യഷ് ഠാക്കൂർ, അശോക് ശർമ്മ, മയങ്ക് യാദവ്, പ്രഭ്സിമ്രാൻ സിംഗ്.
സിംബാബ്‌വെ ടീം: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ബ്രയാൻ ബെന്നറ്റ്, റയാൻ ബർൾ, ബെൻ കുറൻ, ബ്രാഡ് ഇവാൻസ്, ക്ലൈവ് മഡാണ്ടെ (വിക്കറ്റ് കീപ്പർ), ടിനോട്ടണ്ട മപോസ, തദിവനാഷെ മരുമണി, വെല്ലിംഗ്ടൺ മസകാഡ്സ, താഷിംഗ മുസെകിവ, ബ്ലെസിംഗ് മുസറബാനി, ഡിയോൺ മയേഴ്സ്, റിച്ചാർഡ് എൻഗരാവ, ന്യൂമാൻന്യാംഹുരി, മിൽട്ടൺ ഷുംബ.










0 comments