യഥാർഥത്തിൽ മുഖ്യമന്ത്രി ഏത് പാർടിയിലാണ് ? വഖഫ് വിഷയത്തിൽ സതീശനെതിരെ പി രാജീവ്

വി ഡി സതീശൻ, പി രാജീവ്
തിരുവനന്തപുരം: വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിക്കുന്നത് ബിജെപി നിലപാടാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്. മുസ്ലിം വിശ്വാസമനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ബോർഡിൽ ആ വിശ്വാസവുമായി ബന്ധപ്പെട്ടവർ മാത്രമേ പാടുള്ളൂ എന്നതാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ബിജെപി ഇതര പാർടികൾ സ്വീകരിക്കുന്ന നിലപാട്.
അപ്പോൾ ഇതേകാര്യം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറയുമ്പോൾ അതിൽ വർഗീയത ആരോപിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട് തീർത്തും ബിജെപിയുടേതാണെന്ന് പി രാജീവ് പറഞ്ഞു. പാർലമെന്റിൽ ദേവസ്വം ബോർഡിന്റെ കാര്യമുൾപ്പടെ ചൂണ്ടിക്കാട്ടി വഖഫ് നിയമഭേദഗതിയിലെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചത് കെ സി വേണുഗോപാലാണ്. അപ്പോൾ വേണുഗോപാലിനെ ഉദ്ദേശിച്ചാണോ വർഗീയത പ്രചരിപ്പിക്കുന്നു എന്നു മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
വഖഫ് നിയമഭേദഗതിക്കുശേഷം ഇന്ത്യയിൽ ആദ്യമായി അത് നോട്ടിഫൈ ചെയ്തത് കേരളമാണെന്ന സതീശന്‍റെ വാദവും പി രാജീവ് തള്ളി. കേരളത്തിലെ ഗസറ്റ് തീയതി 2026 ഫെബ്രുവരിയിലായിരുന്നെങ്കിൽ, മുസ്ലിം ലീഗ് പ്രതിനിധികൂടി ഉൾപ്പെട്ട തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ 2025 നവംബറിൽതന്നെ അത് നോട്ടിഫൈ ചെയ്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാർഥത്തിൽ വി ഡി സതീശൻ ഏത് പാർടിയിലാണ് നിൽക്കുന്നതെന്നും രാജീവ് ചോദിക്കുന്നു. ബിജെപിയുടെ വാദമാണ് സതീശൻ ആവർത്തിക്കുന്നതെന്നും പി രാജീവ് കൂട്ടിച്ചേർത്തു.










0 comments