കനത്ത മഴയും ഉരുൾപൊട്ടലും: ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു

കനത്ത മഴയെത്തുടർന്ന് ജമ്മു-ശ്രീനഗർ പാതയിൽ ഉണ്ടായ മണ്ണിടിച്ചിൽ| Photo: PTI
ജമ്മു : കനത്ത മഴയെത്തുടർന്ന് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണടിച്ചിലും രൂക്ഷമായതോടെ ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു. കാശ്മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 250 കിലോമീറ്റർ ദൈർഘ്യമുള്ള എൻഎച്ച്-44 പാതയിൽ ബുധനാഴ്ച (ഇന്ന്) രാവിലെയോടെയാണ് ഗതാഗതം നിരോധിച്ചത്.
പാതയിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടതോടെ നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനഗതാഗതം അധികൃതർ തടഞ്ഞു. റോഡിലെ തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ട്രാഫിക് പൊലീസ് നിർദ്ദേശം നൽകി. പ്രതികൂല കാലാവസ്ഥ മാറിയ ശേഷം സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമേ റോഡ് വൃത്തിയാക്കൽ നടപടികൾ ആരംഭിക്കൂ.
ജമ്മുവിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ നാലാം ദിവസവും കനത്ത മഴ തുടരുകയാണ്. പൂഞ്ച്, രജൗരി ജില്ലകളിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും കാണാതായ ഏഴ് പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുന്നുണ്ട്.









0 comments