വഖഫ് ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന് തെറ്റിദ്ധരിപ്പിച്ച് സതീശൻ; ഹർജികൾ ഇപ്പോഴും പരിഗണനയിൽ

വി ഡി സതീശന്‍. ഫോട്ടോ: ജി പ്രമോദ്
കൊച്ചി: വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹർജികൾ തള്ളിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്. വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജികൾ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഹർജികളിൽ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ല. കോടതി പുറപ്പെടുവിച്ചത് ഇടക്കാല ഉത്തരവ് മാത്രമാണ്. വഖഫ് ബോർഡിന്റെ ഘടനയുമായി ബന്ധപ്പെട്ട വിവാദമായ പതിനാലാം വകുപ്പിലും അന്തിമ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹർജികൾ തള്ളിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന.
അതേസമയം, വഖഫ് ബോർഡിൽ രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. ബോർഡിലെ രണ്ട് ഒഴിവുകൾ നികത്തിയാൽ പ്രവർത്തനം തുടരാനാകില്ലേയെന്ന് കോടതി ചോദിച്ചു. രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാമെന്നും പുനഃസംഘടനയ്ക്കുമുമ്പ് ഒഴിവുകൾ നികത്താനാകുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. രണ്ടുപേരുടെ നിയമനം വൈകുന്നതെന്തുകൊണ്ടാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.
വഖഫ് വിഷയത്തിലും ടാറ്റ നിക്ഷേപ വിവാദത്തിലും മുഖ്യമന്ത്രി ഇംഗ്ലീഷിലും മലയാളത്തിലും നുണ പറയുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് വിമർശിച്ചു. വഖഫ് ഹർജികളിൽ സുപ്രീംകോടതി ഒരു തീർപ്പും കൽപ്പിച്ചിട്ടില്ല. ഹർജികൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ബാക്കിയുള്ള രണ്ട് അംഗങ്ങളെ ഉടൻ തീരുമാനിക്കുമെന്നായിരുന്നു മുൻ എൽഡിഎഫ് സർക്കാരിന്റെ നിലപാട്. മുസ്ലിം ഇതരരെ ബോർഡിൽ ഉൾപ്പെടുത്തുമെന്ന് മുൻ സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും രാജീവ് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിലവിലെ സ്ഥിതി തുടരണമെന്ന് ഹൈക്കോടതിയിൽ സർക്കാർ ആവശ്യപ്പെടേണ്ടതായിരുന്നു. എന്നാൽ ഭേദഗതി നിയമപ്രകാരം പൂർണമായും മുന്നോട്ടുപോകാമെന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്നും രാജീവ് പറഞ്ഞു.
മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ബോർഡിൽ ആ വിശ്വാസവുമായി ബന്ധപ്പെട്ടവർതന്നെ വേണമെന്നതാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ബിജെപി ഇതര പാർടികളുടെ നിലപാട്. ഇതേ നിലപാട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറയുമ്പോൾ വർഗീയത ആരോപിക്കുന്നത് ബിജെപിയുടെ ഭാഷയാണെന്നും രാജീവ് വിമർശിച്ചു.
വഖഫ് നിയമഭേദഗതിക്കുശേഷം രാജ്യത്ത് ആദ്യമായി വ്യവസ്ഥകൾ വിജ്ഞാപനം ചെയ്തത് കേരളമാണെന്ന മുഖ്യമന്ത്രിയുടെ വാദവും രാജീവ് തള്ളി. കേരളത്തിലെ വിജ്ഞാപനം 2026 ഫെബ്രുവരിയിലാണെങ്കിൽ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാർ 2025 നവംബറിൽതന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.










0 comments