ad
Deshabhimani

'അവകാശ പത്രിക അം​ഗീകരിക്കുക': നാളെ ലോക് ഭവനിലേക്ക് എസ്എഫ്ഐ മാർച്ച്

sanjiv ps sivaprasad
വെബ് ഡെസ്ക്

Published on Jul 22, 2026, 06:35 PM | 2 min read

തിരുവനന്തപുരം: രാജ്യത്തെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ എസ്എഫ്ഐ ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഡൽഹിയിൽ പൊലീസിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടത്തിയ കാടത്തത്തിനെതിരെയും രാജ്യത്തെ വിദ്യാഭ്യാസ രം​ഗത്തോടുള്ള സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെയും പ്രതിഷേധിച്ച് വെള്ളിയാഴ്ച എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യമെമ്പാടുമുള്ള വിദ്യാർഥികളെ തെരുവിലിറക്കിയ ഭരണകൂടമാണ് ഇന്ന് രാജ്യത്തുള്ളത്. ഇരുപത്തിമൂന്ന് ലക്ഷം വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയും സിബിഎസ്ഇ വിദ്യാർഥികളുടെ ജീവിതം ഇരുട്ടിലാക്കിയും രാജ്യത്തെ പ്രവേശന പരീക്ഷകളെ അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരെ യുവജനങ്ങളും വിദ്യാർഥികളും ഇപ്പോൾ ശക്തമായ സമരത്തിലാണ്. ഈ സമരത്തെയെല്ലാം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിക്കെതിരെ സോഷ്യൽ മീഡിയയിലും രാജ്യത്തിന്റെ വിവിധ കോണുകളിലും വ്യാപകമായ പ്രതിഷേധമാണ് അലയടിക്കുന്നത്.


വിദ്യാർഥികളുടെ സമരത്തിന് എസ്എഫ്ഐ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി എല്ലാ വർഷവും നടത്തുന്ന അവകാശ പത്രിക മാർച്ചിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് സർക്കാരിന് അവകാശങ്ങളടങ്ങുന്ന കത്ത് നൽകും. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണവും കച്ചവടവൽക്കരണവും കാവിവൽക്കരണവും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.


തിരുവനന്തപുരത്ത് ലോക്ഭവനിലേക്കാണ് ഈ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാർച്ച് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ എല്ലാ ഏരിയ കമ്മിറ്റികളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർഥികൾ മാർച്ചിൽ അണിനിരക്കും. എസ്എഫ്ഐ അഖിലേന്ത്യ സെക്രട്ടറി ആദർശ് എം സജിയും സംഘടനയുടെ സംസ്ഥാന ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും.


ജൂലൈ 24ന് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. 24ന് രാത്രി തിരുവനന്തപുരം മാനവീയം വീഥിയിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് മഹാസംഗമവും നടക്കും. ഈ മഹാസംഗമത്തിൽ സാംസ്കാരിക നായകന്മാർ, രാഷ്ട്രീയ പ്രവർത്തകർ, നീറ്റ് പരീക്ഷമൂലം ദുരിതത്തിലായ വിദ്യാർഥികൾ, ദേശീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ശേഷം 100 വിദ്യാർഥികൾ ഡൽഹിയിലെ സമരത്തിൽ പങ്കുചേരുമെന്നും സഞ്ജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home