തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച നടപടി; ജൂലൈ 30ന് സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് മാര്‍ച്ച്: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ജൂലൈ 30ന് സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. തുടർന്ന് ഓഗസ്റ്റ് 1, 3 തീയതികളിലായി എല്ലാ പഞ്ചായത്തുകളിലേക്ക് ജനപ്രതിനിധികളുടേയും ബഹുജനങ്ങളുടേയും മാർച്ച് നടത്തുമെന്നും ടി പി രാമകൃഷ്‌ണൻ പ്രസ്തവനയിൽ പറഞ്ഞു.
'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട്, പുതുക്കിയ ബജറ്റിൽ വെട്ടിക്കുറച്ചതിലൂടെ ഈ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ വെല്ലുവിളി നേരിടുകയാണ്. ഗവൺമെന്റിന്റെ ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം വാർഷിക പദ്ധതി രൂപീകരിക്കുന്നതിന് നൽകി വരുന്നുണ്ട്. ഇത് കഴിഞ്ഞ 30 വർഷമായി തുടരുന്ന പ്രക്രിയയാണ്. മുൻ ഗവൺമെന്റ് ഒടുവിൽ അവതരിപ്പിച്ച ബജറ്റിൽ 692 കോടി രൂപ ഈ ഇനത്തിൽ വക കൊള്ളിച്ചിരുന്നു. പുതുക്കിയ ബജറ്റിൽ ഇത് വെട്ടിച്ചുരുക്കി 177 കോടി ആക്കി മാറ്റി. 515 കോടി രൂപയാണ് നിർദാക്ഷണ്യം വെട്ടിക്കുറച്ചത്. ഇതിന്റെ ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വന്ന് പെട്ടിട്ടുള്ളത്', ടി പി രാമകൃഷ്‌ണൻ പറഞ്ഞു.
'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന സമീപനമാണ് ഫണ്ട് വെട്ടിച്ചുരുക്കുന്നതിലൂടെ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈഫ് ഭവന പദ്ധതി, അംഗനവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയിൽ മാറ്റിവയ്‌ക്കേണ്ട തുക കഴിഞ്ഞാൽ നാമമാത്രമായ തുകയാണ് അവശേഷിക്കുന്നത്. സർക്കാർ നിർദ്ദേശ പ്രകാരം നിർബന്ധിത പദ്ധതികളായ എസ്‌എസ്‌കെ വിഹിതം, വയോമിത്രം വിഹിതം, ഐകെഎം വിഹിതം തുടങ്ങിയവയ്‌ക്ക് പ്ലാൻ ഫണ്ട് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഫലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്'.
'ഈ സർക്കാർ നടപടിക്കെതിരെ ജൂലൈ 30-ാം തീയ്യതി കേരളത്തിലെ മുഴുവൻ കോർപ്പറേഷൻ / മുനിസിപ്പൽ കൗൺസിലർമാർ പ്രതിഷേധ സൂചകമായി തിരുവനന്തപുരം ഗവൺമെന്റ് സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ മാർച്ച് ചെയ്യുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 10 മണിക്കാണ് മാർച്ച് ആരംഭിക്കുന്നത്. തുടർന്ന്, ആഗസ്‌ത് 1, 3 തീയതികളിലായി എല്ലാ പഞ്ചായത്തുകളിലേക്കും ജനപ്രതിനിധികളുടേയും, ബഹുജനങ്ങളുടേയും മാർച്ച് നടത്തുന്നതാണ്. ഈ പരിപാടികൾ വിജയമാക്കുവാൻ മുഴുവൻ ജനങ്ങളുടേയും, ജനപ്രതിനിധികളുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു', ടി പി രാമകൃഷ്‌ണൻ പ്രസ്തവനയിൽ പറഞ്ഞു.









0 comments