160 ലേറെ യാത്രക്കാർ, ആരും ഇറങ്ങിയില്ല; ചുരം കയറാനാകാതെ 'പ്രിയദർശിനി', ബസ് പിന്നിലേയ്ക്ക് ഉരുണ്ടു

അപകടത്തില്‍പ്പെട്ട പ്രിയദര്‍ശിനി ബസ്
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനോധൈര്യവും വലിയൊരു അപകടം വഴിമാറി. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തൊട്ടിൽപ്പാലത്തുനിന്ന് മാനന്തവാടിക്ക് പുറപ്പെട്ട കെഎസ്ആർടിസി. ബസിന്റെ ബ്രേക്ക് തകരാറിലാവുകയായിരുന്നു. ചുരത്തിൽ എട്ടാം വളവിൽ എത്തിയപ്പോഴാണ് സംഭവം.
പരിധിയിൽകൂടുതൽ ആളുകളുമായി ചുരം കയറേണ്ടിവന്നതിനാൽ വാഹനത്തിന്റെ ജോയിന്റും എയർ പൈപ്പും ഒടിയുകയായിരുന്നു.
ബസിൽ 160 ൽ കൂടുതൽ ആളുകളുണ്ടായിരുന്നുവെന്നാണ് വിവരം. ബസ് നിയന്ത്രണം വിട്ടതോടെ പിന്നിലേയ്ക്ക് ഉരുണ്ടുനീങ്ങി. ഇതോടെ ബസിൽ നിന്നും കൂട്ടനിലവിളി ഉയർന്നു. എന്നാൽ ഡ്രൈവറായ പേരാമ്പ്ര സ്വദേശി എൻ പി സുധീർ ബസിന്റെ പിൻഭാഗം വലതുഭാഗത്തെ ഭിത്തിയിൽ ഇടിപ്പിച്ചു നിർത്തി. അതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്ടു നിന്ന് വന്ന കെഎസ്ആർടിസി ബസ് രാവിലെ 10 മണിയോടെയാണ് ചുരം കയറിയത്.
എന്നാൽ, ചുരത്തിനു താഴെ പൂതംപാറ എന്ന സ്ഥലത്ത് മാനന്തവാടി ഡിപ്പോയുടെ മറ്റൊരു ബസ് ബ്രേക്ക്ഡൗൺ ആയി കിടക്കുന്നുണ്ടായിരുന്നു. ഇതോടെ ഇതിലെ ആളുകൾ കോഴിക്കോട്ടുനിന്ന് വന്ന ബസിലേക്ക് കയറി. കുറച്ചുപേർ ഇറങ്ങിത്തരണമെന്ന് ഡ്രൈവറും കണ്ടക്ടറും ആവശ്യപ്പെട്ടു. എന്നാൽ ആരും തന്നെ ഇറങ്ങാൻ കൂട്ടാക്കിയില്ല. ഈ സമയം പ്രദേശത്ത് മഴയുണ്ടായിരുന്നു. കുറച്ചുസമയം പൂതംപാറയിൽ നിർത്തിയിട്ടശേഷം ബസ് ചുരം കയറുകയായിരുന്നു.









0 comments