ad
Deshabhimani

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

എറണാകുളം മെഡിക്കൽ കോളേജിൽ ഡിസ്ചാർജിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

kochi medical clg haleel
വെബ് ഡെസ്ക്

Published on Sep 27, 2026, 07:55 PM | 2 min read

കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകാനിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. മട്ടാഞ്ചേരി പുതുശേരിപ്പറമ്പിൽ ഹലീൽ റഹ്മാനാണ് (40) ഞായറാഴ്ച രാവിലെ മരിച്ചത്. സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി. തോപ്പുംപടി ഫിഷിങ് ഹാർബർ ജീവനക്കാരനാണ് ഹലീൽ റഹ്മാൻ.


22ന് മട്ടാഞ്ചേരിയിലുണ്ടായ വാഹനാപകടത്തിലാണ് ഹലീലിന് കാലിന് ഗുരുതരമായി പരിക്കേറ്റത്. രണ്ട് ഒടിവുകളുണ്ടായിരുന്ന ഹലീലിനെ ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി. ആരോഗ്യനില പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ ഞായറാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തു.


ഞായറാഴ്ച രാവിലെ പരിശോധനയ്ക്കെത്തിയ ഡ്യൂട്ടി ഡോക്ടർ ഹലീലിനെ ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ വിയർക്കുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഹലീൽ കുഴഞ്ഞുവീണതോടെ കൂടെയുണ്ടായിരുന്ന ജ്യേഷ്ഠന്റെ ഭാര്യയും സഹോദരിയും തൊട്ടടുത്ത കിടക്കയിലെ രോഗിയുടെ സഹായിയും ചേർന്നാണ് ട്രോളിയിൽ ഐസിയുവിലെത്തിച്ചത്.


പ്രഥമശുശ്രൂഷ നൽകാൻ ഡോക്ടർമാർ ആരും വാർഡിൽ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സിപിആർ പോലും നൽകിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത രോഗി ആശുപത്രിക്കകത്ത് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം മെഡിക്കൽ കോളേജ് അധികൃതർക്ക് പരാതി നൽകി. വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് വിശദ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. അന്വേഷണത്തിനുശേഷമേ ഡോക്ടർമാർക്കോ ജീവനക്കാർക്കോ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.


കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. മരണവിവരമറിഞ്ഞ് ഉച്ചയോടെ സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കളെത്തി ഏറെ കഴിഞ്ഞാണ് ആശുപത്രി അധികൃതർ സ്ഥലത്തെത്തിയത്. അതുവരെ ആർഎംഒ, എആർഎംഒ, മെഡിക്കൽ സൂപ്രണ്ട്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് എന്നിവരാരും എത്തിയിരുന്നില്ല.


തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബുവിന്റെ നേതൃത്വത്തിൽ കളമശേരി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ കുടുംബാംഗങ്ങളുമായും മെഡിക്കൽ സൂപ്രണ്ടുമായും മറ്റ് അധികൃതരുമായും സംസാരിച്ചു. ആശുപത്രിക്കകത്ത് രോഗി കുഴഞ്ഞുവീഴുകയും ചികിത്സ ലഭിക്കാതെ മരിക്കുകയും ചെയ്ത സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും ഇത് പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.


ജില്ലാ സെക്രട്ടറി നിഖിൽ ബാബു, പ്രസിഡന്റ് ബിപിൻ വർഗീസ്, കളമശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സീസൺ തോമസ്, സെക്രട്ടറി റിഞ്ചുരാജ്, അബ്ദുൾ സമദ്, മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. സിപിഐ എം നേതാക്കളായ കെ ബി വർഗീസ്, പി എം മുജീബ് റഹ്മാൻ, വി എ സക്കീർ ഹുസൈൻ, പി കെ ബേബി തുടങ്ങിയവർ ഹലീലിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.


ബാപ്പ: പരേതനായ ഷാഹുൽ ഹമീദ്. ഉമ്മ: റൂമിയ. ഭാര്യ: ഷർമി. മക്കൾ: ഐഷ, ആമീന, മുഹമ്മദ് സൈൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home