മാധ്യമനിരോധനം കടുപ്പിച്ചു; മഫ്‌തി പൊലീസും മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ രഹസ്യവിഭാഗവും

തിരുവനന്തപുരം: മാധ്യമപ്രവർത്തകർ അലർജിയായതോടെ മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം. ഇൗ ചടങ്ങുകളിൽ നിന്ന് മാധ്യമങ്ങളെ അകറ്റിനിർത്താനും ചോദ്യങ്ങൾ ഒഴിവാക്കാനും യൂണിഫോമിട്ടവർക്കു പുറമെ മഫ്‌തിയിലും കൂടുതൽ പൊലീസുകാരെ ഏർപ്പാടാക്കി. മാധ്യമങ്ങളെ നിരീക്ഷിക്കാൻ രഹസ്യപൊലീസിനെയും പ്രത്യേകം ചുമതലപ്പെടുത്തി.
മെറ്റയെ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് പോസ്‌റ്റുകൾ നീക്കംചെയ്യുന്നതായിരുന്നു മാധ്യമനിരോധനത്തിന്റെ ആദ്യപടി. റിപ്പോർട്ടർ ചാനലിന്റെ വാർത്താമുറികളിൽ പൊലീസ് കടന്നുകയറി സംപ്രേഷണം തടസപ്പെടുത്തിയത് അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന സാഹചര്യമായി. മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള കഴിഞ്ഞ കുറേ വാർത്താ സമ്മേളനങ്ങളിൽ കൂടുതൽ സമയം മാധ്യമങ്ങളെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. ഇഷ്‌ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്കു നേരെ ആക്രോശിച്ചു കൊണ്ട് കടുത്ത പ്രയോഗങ്ങൾ നടത്തുകയും ചെയ്‌തു.
ഇപ്പോൾ പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെ പൂർണമായും അകറ്റാൻ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുകയാണ്. പരിപാടികൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന ചാനലുകളുടെ ക്യാമറയും ട്രൈപോഡുമടക്കം എടുത്തുമാറ്റാൻ ആവശ്യപ്പെടുകയും ചില മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് വേദികളിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി മാധ്യമങ്ങൾക്കു നേരെയുള്ള ആക്ഷേപവും രൂക്ഷമാക്കി. തൃശൂരിലെപരിപാടിയിൽ ഒരു മാന്യതയും ഇല്ലാത്ത വഴികളിലൂടെയാണ് മാധ്യമങ്ങളുടെ പോക്കെന്നും ഇന്നലെ പെയ്‌ത മഴിയിലുണ്ടായ തകരകളാണ് ഇൗ മാധ്യമങ്ങളെന്നും പരിഹസിച്ചു. പാരന്പര്യമുള്ള മുഖ്യധാരാ മാധ്യമങ്ങൾ ആ വഴിയിൽനിന്ന് മാറണമെന്ന് ഉപദേശിക്കുകയും ചെയ്‌തു.
മുഖ്യമന്ത്രിയുടെ സ്‌പോൺസേഡ് വിമാനയാത്രകളും മന്ത്രിമാരുടെ വിദേശയാത്രകളും ആഢംബരവും ചോദ്യശരങ്ങളായതോടെയാണ് വി ഡി സതീശന് മാധ്യമങ്ങളോട് കടുത്തപകയായത്. വെള്ളിയാഴ്‌ച ഇടുക്കിയിലായിരുന്നു മാധ്യമവിരോധം പാരമ്യത്തിലെത്തിയത്. രോഷാകുലനായ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനിൽക്കാൻ പറയുകയും നിങ്ങളെ എനിക്കു കാണേണ്ടെന്ന് ആക്രോശിക്കുകയും ചെയ്‌തു. ശനിയാഴ്‌ച കൊച്ചിയിലും തൃശൂരും മാധ്യമപ്രവർത്തകർക്ക് ദുരനുഭവങ്ങളുണ്ടായി. കൊച്ചിയിൽ മുഖ്യമന്ത്രി പങ്കെടുത്ത മൂന്ന് പരിപാടികളിലും കടുത്ത നിയന്ത്രണമായിരുന്നു. മുഖ്യമന്ത്രിയിൽ നിന്ന് മാധ്യമപ്രവർത്തകരെ അകറ്റിനിർത്താൻ വല്ലാത്ത ജാഗ്രതയാണ് പൊലീസ് കാണിച്ചത്. തൃശൂരിൽ ചില മാധ്യമപ്രവർത്തകരെ പരിപാടിയിൽനിന്ന് ഒരു കാരണവുമില്ലാതെ പൊലീസ് പുറത്താക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
കടുത്ത ചോദ്യം ചെയ്യലുകൾക്കു ശേഷമാണ് മാധ്യമങ്ങളെ പരിപാടികളിലേക്ക് കടത്തിവിടുന്നത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുമോ എന്ന ചോദ്യമടക്കമുള്ള ഇന്റർവ്യൂ കഴിഞ്ഞാണ് പ്രവേശനം അനുവദിക്കുന്നത്. കടുത്ത മാധ്യമനിയന്ത്രണത്തിനെതിരെ നേരിയ പ്രതികരണത്തിനു പോലും പ്രമുഖ മാധ്യമങ്ങളുൾപ്പെടെ തയ്യാറാകുന്നില്ല എന്നതാണ് അത്‌ഭുതം.









0 comments