നാട്ടികയിൽ നിന്ന് ഏഷ്യൻ ഗെയിംസ് വേദിയിലേക്ക്; ആൻസി സോജന്റെ വെള്ളിത്തിളക്കം

നഗോയ: നാട്ടികയിലെ ഒരു സാധാരണ കടലോര ഗ്രാമത്തിൽ നിന്ന് ഏഷ്യൻ ഗെയിംസ് വേദിയിലേക്ക്. അവിടെ നിന്ന് ഇന്ത്യയുടെ ലോംഗ് ജമ്പിൽ വെള്ളിത്തിളക്കത്തിലേക്ക്. ആൻസി സോജൻ എടപ്പള്ളിയുടെ യാത്ര കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണ്.
ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ലോംഗ് ജമ്പിൽ 6.53 മീറ്റർ ചാടി ആൻസി വെള്ളി മെഡൽ സ്വന്തമാക്കി. അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിൽ ചൈനയുടെ ഹുവാങ് യിങ്‌യിങ്ങിനോട് വെറും രണ്ട് സെന്റിമീറ്ററിനാണ് അൻസിക്ക് സ്വർണം നഷ്ടമായത്. ഹുവാങ് 6.55 മീറ്റർ ചാടിയാണ് ഒന്നാമതെത്തിയത്.
ആദ്യ ശ്രമത്തിൽ 6.49 മീറ്റർ കണ്ടെത്തിയ ആൻസി രണ്ടാം ശ്രമത്തിൽ ഫൗളായി. മൂന്നാം ശ്രമത്തിൽ 6.46 മീറ്ററും നാലാം ശ്രമത്തിൽ 6.31 മീറ്ററും രേഖപ്പെടുത്തി. അഞ്ചാം ശ്രമത്തിലാണ് 6.53 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തിയത്. അവസാന ശ്രമത്തിൽ 6.49 മീറ്ററായിരുന്നു പ്രകടനം.
നാട്ടികയിൽ നിന്ന് ദേശീയ റെക്കോർഡിലേക്ക്
തൃശൂർ നാട്ടികയിൽ ഓട്ടോ ഡ്രൈവറായ എടപ്പിള്ളി സോജന്റെയും ജാൻസിയുടെയും മകളായാണ് ആൻസി വളർന്നത്. സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് കായികരംഗത്തേക്ക് എത്തിയ ആൻസി, ഇന്ന് ഇന്ത്യയുടെ ശ്രദ്ധേയ ലോംഗ് ജമ്പ് താരങ്ങളിലൊരാളാണ്.
നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ആൻസിയുടെ കായിക യാത്രയ്ക്ക് തുടക്കം. തുടർന്ന് തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ഇന്ത്യൻ നാവികസേനയിൽ ചീഫ് പെറ്റി ഓഫീസറായി ജോലി ചെയ്യുമ്പോഴും കായികരംഗത്തോടുള്ള ബന്ധം ആൻസി തുടർന്നു. മുംബൈയിലെ റിലയൻസ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലകൻ അനൂപ് ജോസഫിന്റെ കീഴിലായിരുന്നു കഠിന പരിശീലനം.
റെക്കോർഡ് തകർത്ത് ആൻസിയുടെ കുതിപ്പ്
2026 ജൂൺ 27 ന് ഭുവനേശ്വറിൽ നടന്ന നാഷണൽ ഇന്റർ-സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ആൻസി കരിയറിലെ നിർണായക നേട്ടം സ്വന്തമാക്കിയത്. 6.88 മീറ്റർ ചാടി അഞ്ജു ബോബി ജോർജ് 2004ൽ സ്ഥാപിച്ച 6.83 മീറ്റർ ദേശീയ റെക്കോർഡ് അൻസി മറികടന്നു.
22 വർഷം നിലനിന്ന റെക്കോർഡ് തകർത്തതോടെ ഇന്ത്യൻ വനിതാ ലോംഗ് ജമ്പിൽ ആൻസി പുതിയ അധ്യായം കുറിച്ചു. അതേ പ്രകടനമാണ് ഏഷ്യൻ ഗെയിംസിലേക്കുള്ള അൻസിയുടെ യാത്രയ്ക്കും കൂടുതൽ കരുത്തേകിയത്.
തുടർച്ചയായ മെഡൽ നേട്ടങ്ങൾ
അന്താരാഷ്ട്ര വേദിയിലും അൻസിയുടെ മെഡൽ നേട്ടങ്ങൾ തുടർന്നു. ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി സ്വന്തമാക്കിയ ആൻസി ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 6.21 മീറ്റർ ചാടി വെങ്കലവും നേടിയിരുന്നു.
2026 സീസണിലും ആൻസിയുടെ ഫോം തുടർന്നു. ബെംഗളൂരുവിലെ ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസിൽ 6.54 മീറ്റർ ചാടി വിജയം നേടിയ താരം, ദേശീയ റെക്കോർഡിന് പിന്നാലെ ഭുവനേശ്വറിലെ വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ സിൽവർ മീറ്റിൽ 6.71 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി. ന്യൂഡൽഹിയിലെ ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസിൽ 6.76 മീറ്ററും ആൻസി കണ്ടെത്തി.
ഇപ്പോഴത്തെ വ്യക്തിഗത മികച്ച പ്രകടനം 6.88 മീറ്റർ. എന്നാൽ അൻസിയുടെ ലക്ഷ്യം അതിലും ഉയരെയാണ്. 7 മീറ്റർ പിന്നിടുകയെന്ന സ്വപ്നത്തിനൊപ്പം ഏഷ്യൻ ഗെയിംസ് റെക്കോർഡായ 6.91 മീറ്റർ മറികടക്കണമെന്ന ലക്ഷ്യവും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആൻസിയുടെ ഏഷ്യൻഗെയിംസ് യാത്ര വെള്ളിയിൽ അവസാനിക്കുകയായിരുന്നു.
നാട്ടികയിലെ മണൽപ്പരപ്പിൽ നിന്ന് തുടങ്ങിയ യാത്ര ഇന്ന് ഏഷ്യൻ ഗെയിംസ് പോഡിയത്തിലെ വെള്ളിത്തിളക്കത്തിൽ എത്തിനിൽക്കുകയാണ്. മാതാപിതാക്കളായ സോജന്റെയും ജാൻസിയുടെയും പിന്തുണയും സഹോദരങ്ങളായ ഡൊമിനിക്കിന്റെയും അഞ്ജലിയുടെയും പ്രോത്സാഹനവും കരുത്താക്കി ആൻസി മുന്നേറുകയാണ്.
ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ദേശീയ റെക്കോർഡ് പുസ്തകത്തിലേക്ക് എത്തിയ ആൻസി സോജന്റെ കഥ, സ്വപ്നം കാണുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന യാത്ര കൂടിയാണ്.









0 comments