ad
Deshabhimani

‘കോൺഗ്രസിനെ പിന്തുണയ്ക്കുന്നു; അതുകൊണ്ട് പാർടിയുടെ അടിമയാകണോ?’ തുറന്നുപറഞ്ഞ് ചന്തു സലീംകുമാർ

chandu salim kumar
വെബ് ഡെസ്ക്

Published on Jul 22, 2026, 05:42 PM | 1 min read

കൊച്ചി: ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ ബിജെപി വിജയിച്ചെന്നും അതിനെ തടയുന്നതിൽ രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പരാജയപ്പെട്ടെന്നും നടന്‍ ചന്തു സലീംകുമാർ. ഭരണപക്ഷം പരാജയപ്പെടുമ്പോൾ ചോദ്യം ചെയ്യുന്നതുപോലെ പ്രതിപക്ഷം പരാജയപ്പെടുമ്പോഴും ചോദ്യം ചെയ്യണമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.


കോൺഗ്രസിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതുകൊണ്ട് പാർടിയുടെ അടിമയാകാനാകില്ലെന്ന് ചന്തു വ്യക്തമാക്കി. കോൺഗ്രസ് തെറ്റുചെയ്യുമ്പോൾ മൗനം പാലിക്കില്ല. ഒരു രാഷ്ട്രീയ പാർടിയോടുള്ള അന്ധമായ വിധേയത്വം പൗരന്മാരെ സ്വതന്ത്രമായി ചിന്തിക്കുന്നതിൽനിന്ന് തടയുമെന്നും പാർടിയുടെ എല്ലാ തെറ്റുകളെയും മോശം തീരുമാനങ്ങളെയും ന്യായീകരിക്കുന്നവരാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.


ജനങ്ങളാണ് രാഷ്ട്രീയ നേതാക്കളെ അധികാരത്തിലെത്തിച്ചത്. നേതാക്കളല്ല ജനങ്ങളെ നിയമിച്ചത്. അവർ പൊതുസേവകരാണ്. ജനങ്ങൾക്കുവേണ്ടിയാണ് അവർ പ്രവർത്തിക്കേണ്ടത്. ഉത്തരവാദിത്തം നിറവേറ്റിയാൽ ബഹുമാനിക്കണം. പരാജയപ്പെട്ടാൽ ചോദ്യം ചെയ്യുകയും വോട്ടിലൂടെ പുറത്താക്കുകയും വേണമെന്നും ചന്തു കുറിച്ചു.



ഇന്ത്യ ഹിന്ദുക്കളുടേതോ മുസ്ലിങ്ങളുടേതോ അല്ലെന്നും രാജ്യത്തെ ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർടിയല്ല രാജ്യം. ജനങ്ങളെ സേവിക്കാൻ ജനങ്ങൾ രൂപപ്പെടുത്തിയ ഉപകരണം മാത്രമാണ് പാർടി.


സ്വന്തം പാർടി എന്തുചെയ്താലും ന്യായീകരിക്കുന്നത് രാഷ്ട്രീയമല്ല. അന്ധമായ വിധേയത്വമാണ്. നേതാക്കളെയല്ല, തത്വങ്ങളെയാണ് പിന്തുണയ്ക്കേണ്ടത്. പാർടികളെയല്ല, നീതിയെയാണ് പിന്തുണയ്ക്കേണ്ടതെന്നും ചന്തു പറഞ്ഞു.


‘അറബിക്കഥ’ സിനിമയിലെ സംഭാഷണവും അദ്ദേഹം കുറിപ്പിൽ ഓർമിപ്പിച്ചു. എല്ലാത്തിനേക്കാളും വലുത് ജനങ്ങളാണ്. ജനങ്ങൾ നീതിക്കായി ഒന്നിച്ചുനിന്നാൽ അവരെ അറസ്റ്റ് ചെയ്യാനും നിശ്ശബ്ദരാക്കാനും സമരത്തെ അടിച്ചമർത്താനും ശ്രമിക്കാം. എന്നാൽ ജനങ്ങളുടെ ശബ്ദം തുടർച്ചയായി അവഗണിക്കപ്പെട്ടാൽ അത് കലാപമായി മാറുമെന്നും ശക്തമായ ജനകീയ മുന്നേറ്റത്തിനുമുന്നിൽ സർക്കാരുകൾ വീണ ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സർക്കാരുകളും രാഷ്ട്രീയ പാർടികളും വരികയും പോകുകയും ചെയ്യും. എന്നാൽ എല്ലാ രാഷ്ട്രീയ പാർടികളേക്കാളും വലുത് ജനങ്ങളാണെന്നും ചന്തു സലീംകുമാർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home