സാമ്പത്തിക പ്രതിസന്ധി രൂക്ഷം; അമേരിക്കയുടെ അടിയന്തര സഹായം തേടി പാകിസ്ഥാന്

image: dailyo
ഇസ്ലാമാബാദ് : സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞ സാഹചര്യത്തിൽ സഹായത്തിനായി അമേരിക്കയെ സമീപിച്ച് പാകിസ്ഥാൻ. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനും കറൻസിയുടെ മൂല്യത്തകർച്ച തടയുന്നതിനുമായി 10 ബില്ല്യൺ ഡോളറിന്റെ എക്സ്ചേഞ്ച് ഫെസിലിറ്റി ലഭ്യമാക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു.
ആവശ്യവുമായി രാജ്യം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനെ കണ്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ നിലവിൽ കടന്നുപോകുന്നത്. ഈ അവസ്ഥയിലാണ് അമേരിക്കയിൽ നിന്നുള്ള സാമ്പത്തിക സഹായം പാകിസ്ഥാൻ അഭ്യർഥിച്ചിരിക്കുന്നത്. യുഎസ് - ഇറാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നതിൽ പാകിസ്ഥാൻ നല്ലൊരു പങ്ക് വഹിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ തങ്ങളുടെ ആവശ്യം യുഎസ് അംഗീകരിക്കുമെന്നാണ് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നത്.
അഞ്ച് വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള 10 ബില്ല്യൺ ഡോളറിന്റെ സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, അപൂർവ്വമായി മാത്രമേ യുഎസ് ട്രഷറി ഇത്തരം സഹായങ്ങൾ നൽകാറുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ അവസ്ഥയിൽ യുഎസിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നത് പാകിസ്ഥാന് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.









0 comments