ad
Deshabhimani

കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരാക്രമണം: പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ashiq khureshi anantnag terror attack victim
വെബ് ഡെസ്ക്

Published on Jul 22, 2026, 05:17 PM | 1 min read

ശ്രീന​ഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരാക്രമണം. ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു. ഇന്ത്യ റിസർവ് (ഐആർ) മൂന്നാം ബറ്റാലിയനിലെ കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്. ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.


തെക്കൻ കശ്മീരിലെ അനന്ത്‌നാഗ്-കൊക്കർനാഗ് റോഡിൽ ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. അനന്ത്‌നാഗിലെ ലാൽ ചൗക്കിന് സമീപമാണ് ആക്രമണം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അമർനാഥ് യാത്രാ ഡ്യൂട്ടിയിലായിരുന്ന ആഷിഖിന് നേരെ ബൈക്കിലെത്തിയ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. അക്രമി രക്ഷപ്പെട്ടു. പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി.


ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ ഉടൻ തന്നെ അനന്ത്‌നാഗിലെ സർക്കാർ മെഡിക്കൽ കോളേജ് (ജിഎംസി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കൂടുതൽ സുരക്ഷാ സേനയെ സ്ഥലത്ത് വിന്യസിച്ചു. പ്രധാന വഴികളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.


കഴിഞ്ഞ വർഷം 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനുശേഷം ജമ്മു കശ്മീരിൽ നടന്ന ആദ്യത്തെ ഭീകരാക്രമണമാണിത്. ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ ആക്രമണം.












deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home