സൗദി അറേബ്യക്ക് യുറേനിയം സമ്പുഷ്ടീകരിക്കാൻ ട്രംപിന്റെ പച്ചക്കൊടി; ഇടപാട് ഉറപ്പിക്കാൻ യുഎസ് കോര്‍പ്പറേറ്റുകൾ

വാഷിംഗ്ടൺ: സൗദി അറേബ്യക്ക് യുറേനിയം സമ്പുഷ്ടീകരണ ശേഷി കൈവരിക്കാൻ പശ്ചാത്തലമൊരുക്കുന്ന സുപ്രധാന ആണവ കരാറിന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി റിപ്പോർട്ട്. രാജ്യത്തിന്റെ സിവിലിയൻ ആണവ പദ്ധതിയുടെ ഭാഗമായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവസരമാണ് സൗദിക്ക് ലഭിക്കുന്നത്. വിഷയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രണ്ട് പ്രമുഖ വാര്‍ത്താ ഏജൻസികൾ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ഈ വിവരം പരസ്യപ്പെടുത്തിയത്. കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കുമെന്നാണ് വാര്‍ത്തകൾ.
ഇറാന്റെ ആണവ പദ്ധികൾ തകര്‍ക്കാൻ ഇസ്രയേലുമായി ചേര്‍ന്ന് യുദ്ധം നയിക്കുമ്പോഴാണ് സൗദിക്ക് അനുകൂലമായ തീരുമാനം. ആണവായുധ നിര്‍മാണം ഉദ്ദേശിക്കുന്നില്ലെന്നും ഇതിനായി ഏത് നിയന്ത്രണ കരാറിലും ഒപ്പുവെക്കാൻ സന്നദ്ധമാണെന്നും ഇറാൻ ആവര്‍ത്തിച്ചിരുന്നു. പ്രത്യക്ഷമായി പരാശ്രയമില്ലാതെയാണ് ഇറാൻ ആണവ സാങ്കേതിക വിദ്യ കൈവരിച്ചത്.
ഇപ്പോൾ അമേരിക്ക ആസ്ഥാനമായുള്ള ആണവ കമ്പനികൾക്കാണ് സൗദിയിൽ അവസരം തുറന്നു നൽകിയിരിക്കുന്നത്. സൗദിയുടെ ആണവ പദ്ധതികൾ വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും പ്രമുഖ യു എസ് കമ്പനികൾ സജീവമായി പങ്കാളികളാകും എന്ന വ്യവസ്ഥയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വകാര്യ പങ്കാളിത്തമുള്ള ആണവ മേഖലയുള്ളത് അമേരിക്കയിലാണ്. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന ചര്‍ച്ചകൾക്ക് ശേഷം കരാര്‍ അന്തിമമാക്കും. ഇതോടെ സൗദി അറേബ്യയിൽ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള കരാറിലേക്ക് യുഎസ് കോര്‍പ്പറേറ്റുകൾക്ക് എളുപ്പം പ്രവേശിക്കാനാവും.
അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ഈ ആണവ കരാറിന് 30 വർഷത്തെ കാലാവധിയാണുണ്ടാവുക എന്ന് കരാറിനെക്കുറിച്ചുള്ള വാർത്ത ആദ്യം പുറത്തുവിട്ട 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോര്‍ട് ചെയ്യുന്നു. എന്നാൽ യു എസ് ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അമേരിക്കയുടെ 1954-ലെ 'ആറ്റോമിക് എനർജി ആക്ട്' (Section 123) പ്രകാരം, മറ്റ് രാജ്യങ്ങൾക്ക് ആണ സാങ്കേതികവിദ്യയോ, റിയാക്ടറുകളോ, ഇന്ധനമോ കൈമാറണമെങ്കിൽ അമേരിക്കൻ ഭരണകൂടത്തിന്റെയും കോൺഗ്രസിന്റെയും അംഗീകാരമുള്ള ഒരു നിയമപരമായ കരാർ (123 Agreement) നിർബന്ധമാണ്. ഈ കരാറിലൂടെ വെസ്റ്റിംഗ്ഹൗസ് പോലുള്ള മുൻനിര അമേരിക്കൻ സ്വകാര്യ ആണവ കമ്പനികൾക്ക് സൗദിയിലെ കോടികളുടെ ആണവനിലയ നിർമ്മാണ പദ്ധതികളിൽ പങ്കാളികളാകാൻ അവസരം ലഭിക്കുന്നു. ഇതോടൊപ്പം റഷ്യൻ ചൈനീസ് കമ്പനികളിൽ നിന്നുള്ള മത്സരം മറികടക്കാനും നിയമപരമായ വഴി തുറന്നുകിട്ടുന്നു.
അമേരിക്കൻ ആണവ വ്യവസായവും സാങ്കേതികവിദ്യകളുടെ മേഖലയും കയ്യാളുന്നത് സ്വകാര്യ കമ്പനികളാണ്. സുരക്ഷ, വിദേശ കരാറുകൾ, ആഗോള സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നതിലാണ് അമേരിക്കൻ സർക്കാരിന്റെ അധികാരങ്ങൾ. ബില്യൺ ഡോളറുകളുടെ ഒരു കരാര്‍ ഉറപ്പാകണമെങ്കിൽ അതത് കാലത്തെ ഭരണ കര്‍ത്താക്കളുടെ ഇടനിലയും ആവശ്യമാണ്.










0 comments