ad
Deshabhimani

ഇന്ത്യ x വിൻഡീസ്‌ ഒന്നാം ഏകദിനം ഇന്ന്‌ തിരുവനന്തപുരത്ത്‌

print edition വൺഡേ വിരുന്ന്

greenfield tvm
വെബ് ഡെസ്ക്

Published on Sep 27, 2026, 01:43 AM | 2 min read

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്‌ തുടക്കം കുറിച്ച് ഇന്ത്യൻ ടീം ഇന്ന്‌ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഇറങ്ങുന്നു. വെസ്‌റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളി പകൽ രണ്ടിന് തുടങ്ങും. മഴ വില്ലനായില്ലെങ്കിൽ റൺവിരുന്ന് ആസ്വദിക്കാം. സ്‌റ്റാർ സ്‌പോർട്‌സ്‌ ചാനലിലും ജിയോ ഹോട്‌സ്‌റ്റാറിലും തത്സമയം കാണാം.


വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയും തകർപ്പൻ വെടിക്കെട്ടിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. പരിശീലനത്തിനിടെ നിസ്സാര പരിക്കേറ്റ ശുഭ്‌മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ പടയെ നയിക്കുന്നത്. കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, ധ്രുവ് ജുറേൽ എന്നിവരുൾപ്പെടുന്ന ബാറ്റിങ് നിരയാണ്‌. നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ എന്നീ ഓൾറൗണ്ടർമാരുണ്ട്‌. പേസ് നിരയിൽ പരിചയസമ്പന്നനായ മുഹമ്മദ് സിറാജ് നയിക്കുമ്പോൾ ആഖിബ് നബി, ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ എന്നിവരും അണിനിരക്കും.

വിക്കറ്റ് കീപ്പർ ബാറ്ററായ ഷായ് ഹോപ്പാണ് വിൻഡീസിനെ നയിക്കുന്നത്. ജോൺ ക്യാമ്പെൽ, ഷെർഫാനെ റൂതർ ഫോർഡ്, റോസ്‌റ്റൺ ചേസ്, ജസ്‌റ്റിൻ ഗ്രീവ്സ്, കീമോ പോൾ, അൽസാരി ജോസഫ്, ഷമർ ജോസഫ്, ജെയ്ഡൻ സീൽസ്, ഗൂഡകേഷ് മോട്ടി, മാത്യു ഫോർദേ തുടങ്ങിയവരാണ് വിൻഡീസ് ടീമിലെ മുൻനിര താരങ്ങൾ.


ബാറ്റർമാർക്ക് അനുകൂലമായ വെടിക്കെട്ട് പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്യുറേറ്റർ എ എം ബിജു പറഞ്ഞു. പക്ഷേ വൈകുന്നേരത്തോടെ പിച്ച് ബൗളർമാർക്ക് അനുകൂലമാകും.


സ്വർണ വായ്‌പാ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിനെ ബിസിസിഐ ടൈറ്റിൽ സ്‌പോൺസറായി പ്രഖ്യാപിച്ചു. പ്രധാന ആഭ്യന്തര ടൂർണമെന്റുകളുടെയും മുഖ്യ സ്‌പോൺസറാകും.


കാര്യവട്ടം ഗ്ര‍ീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത്തെ ഏകദിനം


കാര്യവട്ടം ഗ്ര‍ീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത്തെ ഏകദിന മത്സരമാണ്‌. ഇന്ത്യ വെസ്‌റ്റിൻഡീസുമായും ശ്രീലങ്കയുമായും കളിച്ചതാണ്‌ മുൻ മത്സരങ്ങൾ. രണ്ടിലും ആതിഥേയർ ജയിച്ചപ്പോൾ ധാരാളം റെക്കോഡുകളുമുണ്ടായി. എതിരാളികളെ ചെറിയ സ്‌കോറിന്‌ പുറത്താക്കിയാണ്‌ ഇന്ത്യൻ ജയം.


വിൻഡീസിനെ ഒമ്പത്‌ വിക്കറ്റിനാണ്‌ തകർത്തത്‌. ശ്രീലങ്കയെ 317 റണ്ണിനും. 2023 ജനുവരി 15-ന് ലങ്കക്കെതിരെ ഇന്ത്യ നേടിയത്‌ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു. വിരാട് കോഹ്‌ലിയുടെയും (110 പന്തിൽ പുറത്താകാതെ 166) ശുഭ്‌മാൻ ഗില്ലിന്റെയും (97 പന്തിൽ 116) കരുത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റിന് 390 റണ്ണടിച്ചുകൂട്ടി. നാല്‌ വിക്കറ്റെടുത്ത മുഹമ്മദ് സിറാജ്‌ ലങ്കയെ 73 റണ്ണിൽ എറിഞ്ഞൊതുക്കി. അഞ്ച്‌ ട്വന്റി20 മത്സരങ്ങൾക്കും ഗ്രീൻഫീൽഡ്‌ വേദിയായി. നാലെണ്ണം ഇന്ത്യ ജയിച്ചപ്പോൾ വിൻഡീസിനോട്‌ തോറ്റു. മൂന്ന്‌ വനിതാ ട്വന്റി20 മത്സരങ്ങളും നടന്നു. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home