ഫ്ലോട്ടിങ് സോളാർ പദ്ധതി
തിരിഞ്ഞുനോക്കാത്ത എംപി ക്രെഡിറ്റ് എടുക്കാൻ രംഗത്ത്

എം അനിൽ
Published on Sep 27, 2026, 01:55 AM | 2 min read
കൊല്ലം
അന്പത് മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പവർ പദ്ധതി പടിഞ്ഞാറെ കല്ലടയിൽ നടപ്പാകുമെന്ന് ഉറപ്പായപ്പോൾ ക്രെഡിറ്റ് എടുക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്ത്. നാളിതുവരെ പദ്ധതിയുടെ ഒരുഘട്ടത്തിലും തിരിഞ്ഞുനോക്കാത്ത എംപിയുടെ രംഗപ്രവേശം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം ഉയർന്നു. 260കോടിരൂപ ചെലവിൽ വെസ്റ്റ് കല്ലട 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻഎച്ച്‌പിസി) ആണ് പടിഞ്ഞാറെകല്ലടയിൽ നടപ്പാക്കുന്നത്. മുൻ സംസ്ഥാന സർക്കാരിന്റെയും പടിഞ്ഞാറെ കല്ലട പഞ്ചായത്തിന്റെയും ഫലപ്രദമായ ഇടപെടലിൽ യാഥാർഥ്യമായ പദ്ധതി കേന്ദ്ര– സംസ്ഥാന സംയുക്ത പ്രോജക്ടാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പദ്ധതിയാണ്. പദ്ധതി നിർമാണം പുരോഗമിക്കുന്നു. ജലാശയത്തിൽ ഫ്ലോട്ടിങ് സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2026 മാർച്ച് 11-ന് വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. ആ ചടങ്ങിലും കൊടിക്കുന്നിലിനെ കണ്ടില്ല. പദ്ധതി പ്രകാരം ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഒരു യൂണിറ്റ് 3.04രൂപയ്‌ക്ക് വാങ്ങുന്നത് സംബന്ധിച്ച് 2025 ഏപ്രിൽ എട്ടിന് എൻഎച്ച്‌പിസിയും കെഎസ്ഇബിയും തമ്മിൽ കരാറിലും (പിപിഎ) ഒപ്പുവച്ചിട്ടുള്ളതാണ്. ഇതിന് വഴിതുറന്നത് മന്ത്രിമാരായ കെ എൻ ബാലഗോപാലും കെ കൃഷ്‌ണൻകുട്ടിയും തമ്മിൽ നടന്ന ചർച്ചയിലാണ്. തടസ്സങ്ങൾ നീക്കിയത് എം എം മണി മന്ത്രിയായിരിക്കെ 2013ൽആണ് പദ്ധതിക്കുള്ള നടപടികൾക്ക് തുടക്കമാകുന്നത്. പിന്നീടങ്ങോട്ട് വന്നിട്ടുള്ള എല്ലാ പഞ്ചായത്ത് ഭരണസമിതികളും പദ്ധതിക്കായി നിലകൊണ്ടു. പ്രതിസന്ധികൾ പലതും അയഞ്ഞതും പരിഹാരം കണ്ടെത്തിയതും മുൻ സംസ്ഥാന സർക്കാരിന്റെ കാലത്താണ്. വൈദ്യുത മന്ത്രി ആയിരിക്കെ എം എം മണി തടസ്സങ്ങൾ നീക്കാൻ വലിയ ഇടപെടൽ നടത്തി. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ചത് കെ എൻ ബാലഗോപാൽ ധനമന്ത്രിയായിരിക്കെ കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പാരമ്പര്യേതര ഊർജസ്രോതസ്സ് പദ്ധതികൾക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (ഡബ്ല്യൂജിഎഫ്) വകയിരുത്തിയതും പടിഞ്ഞാറെ കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതിക്ക് തുണയായി. ഇതിൽനിന്നു പദ്ധതിക്ക് 20കോടി രൂപ അനുവദിച്ചു. ഈ തുക കെഎസ്‌ഇബിക്ക് നൽകാനുള്ളതാണ്. പദ്ധതിക്ക് ജീവൻവച്ചത് സംസ്ഥാന സർക്കാരിന്റെ സഹായത്താലാണെന്ന് പടിഞ്ഞാറെ കല്ലട മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി ഉണ്ണിക്കൃഷ്‌ണൻ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിൽനിന്ന് ഇത്തരത്തിൽ 10കോടി രൂപയും കെഎസ്‌ഇബിക്ക് ലഭിക്കും.









0 comments